Latest News
രാജ്യത്ത പ്രതിദിന കേസുകളില്‍ വന്‍ കുതിച്ചുചാട്ടം; മൂന്ന് ലക്ഷത്തിനടുത്ത്

സ്വർണക്കടത്ത് കേസ്: സ്വപ്നയേയും സന്ദീപിനേയും രണ്ടാഴ്ചത്തേക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ടു

പ്രതികൾക്കെതിരെ യുഎപിഎ വകുപ്പുകൾ ചുമത്തിയിട്ടുണ്ടന്നും കള്ളക്കടത്ത് ശൃംഖലയുമായി ബന്ധമുണ്ടന്നും പലവട്ടം സ്വർണം കടത്തിയിട്ടുണ്ടന്നും എൻഐഎ അറിയിച്ചു

ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ ഇന്നലെ അറസ്റ്റിലായ സ്വപ്നയേയും സന്ദീപിനേയും രണ്ടാഴ്ചത്തേക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ടു. അന്വേഷണ ഏജൻസിയുടെ കസ്റ്റഡി അപേക്ഷ പരിഗണിച്ച് പ്രത്യേക കോടതിയാണ് കസ്റ്റഡി അനുവദിച്ചത്.പ്രതികൾക്കെതിരെ യുഎപിഎ വകുപ്പുകൾ ചുമത്തിയിട്ടുണ്ടന്നും കള്ളക്കടത്ത് ശൃംഖലയുമായി ബന്ധമുണ്ടന്നും പലവട്ടം സ്വർണം കടത്തിയിട്ടുണ്ടന്നും
എൻഐഎ അറിയിച്ചു.

കള്ളക്കടത്ത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകർക്കുന്നതാണ്. ഇതിലുടെ ലഭിക്കുന്ന പണം തീവ്രവാദ പ്രവർത്തനങ്ങൾക്ക്
വിനിയോഗിച്ചിട്ടുണ്ടോ എന്നു പരിശോധിക്കണം. കേസിൽ വേറെയും പ്രതികൾ ഉണ്ടന്നും ഇവരെ കണ്ടെത്തുന്നതിന് ഇരുവരുടേയും വശദമായ ചോദ്യം ചെയ്യൽ ആവശ്യമാണന്നും എൻഐഎ വ്യക്തമാക്കി. ഒന്നാം പ്രതി സരിതിനേയും അന്വേഷണ ഏജൻസി ഉടൻ കസ്റ്റഡിയിൽ വാങ്ങും.

അതേസമയം അറസ്റ്റിലായ ശേഷം സ്വപനയേയും സന്ദീപിനെയും എൻഐഎ ഓഫീസിലേക്ക് എത്തിച്ചപ്പോൾ പുറത്ത് ശക്തമായ പ്രതിഷേധങ്ങളുണ്ടായിരുന്നു. പലരെയും പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. ആലുവ ജനറൽ ആശുപത്രിയിൽ ഇരുവരെയും കോവിഡ് ടെസ്റ്റിന് വിധേയരാക്കിയിരുന്നു. അതിനുശേഷമാണ് കൊച്ചിയിലെ എൻഐഎ ഓഫീസിലേക്ക് തിരിച്ചത്.

ആലുവ ജനറൽ ആശുപത്രിയിൽ വലിയ പ്രതിഷേധമുണ്ടായിരുന്നു. കോവിഡ് ടെസ്റ്റിനായി ഏകദേശം 45 മിനിറ്റ് ആലുവയിലെ ആശുപത്രിയിൽ ചെലവഴിച്ചു. വഴിയിലുടനീളം കോൺഗ്രസ്, ബിജെപി പ്രവർത്തകർ പ്രതിഷേധിക്കുന്നുണ്ടായിരുന്നു. കമ്പനിപ്പടിയിൽ ബിജെപി പ്രവർത്തകർ എഎൻഐ വാഹനത്തിനു മുന്നിൽ കയറി പ്രതിഷേധിച്ചു.

Read Also: എം.ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്യാൻ സാധ്യത

രാവിലെ 11.30 ഓടെ സ്വപ്‌നയും സന്ദീപുമായി എൻഐഎ സംഘം വാളയാർ കടന്നത്. വാളയാറിൽ ഏതാനും കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മൂന്ന് വാഹനങ്ങളിലായാണ് എൻഐഎ സംഘം പ്രതികളുമായി സഞ്ചരിക്കുന്നത്. കേരളത്തിലേക്ക് പ്രവേശിച്ച വാഹനവ്യൂഹത്തിന് അതിർത്തി മുതൽ കേരള പോലീസിന്റെ അകമ്പടിയുമുണ്ട്. എൻഐഎ സംഘം കുതിരാൻ കടന്നപ്പോൾ സ്വപ്‌ന സഞ്ചരിച്ചിരുന്ന വാഹനം കേടായി. തുടർന്ന് സ്വപ്‌നയെ സന്ദീപ് നായരെ കൊണ്ടുവരുന്ന വാഹനത്തിലേക്ക് മാറ്റുകയായിരുന്നു.

ഇന്നലെ രാത്രിയാണ് ഇരുവരെയും ബെംഗളൂരുവിൽ നിന്നു പിടികൂടിയത്. ഡൊംലൂരിലെ എന്‍ഐഎ ഓഫീസില്‍വച്ച് ഇരുവരെയും അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്‌തു. ഇന്നു രാവിലെ റോഡ് മാർഗമാണ് പ്രതികളുമായി അന്വേഷണസംഘം ബെംഗളൂരുവിൽ നിന്ന് യാത്ര പുറപ്പെട്ടത്. ബെംഗളൂരുവിലെ എൻഐഎ ഓഫീസിൽ നിന്നുള്ള സ്വപ്‌നയുടെയും സന്ദീപിന്റെയും ചിത്രങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടു. കൊച്ചിയിലെത്തിയ ശേഷം ഇരുവരെയും കോടതിയിൽ ഹാജരാക്കും. സ്വപ്‌നയുടെയും സന്ദീപിന്റെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. മൂന്ന് വർഷത്തെ ബാങ്ക് ഇടപാടുകൾ പരിശോധിക്കും.

ബംഗലൂരുവിലെ കൊറമംഗല 7 ബ്ലോക്കിലെ അപാർട്‌മെന്റ് ഹോട്ടലിൽ താമസിക്കുകയായിരുന്നു സ്വപ്‌ന. ഭർത്താവും മക്കളും സ്വപ്‌നയ്‌ക്കൊപ്പം ഉണ്ടായിരുന്നു. ഇവിടെനിന്നാണ് സ്വപ്‌നയെ എൻഐഎ പിടികൂടുന്നത്. രണ്ട് ദിവസം മുൻപാണ് സ്വപ്‌ന കൊച്ചിയിൽ നിന്ന് ബെംഗളൂരുവിൽ എത്തുന്നത്. മെെസൂരിലെ മറ്റൊരു ഹോട്ടലിൽ നിന്നാണ് സന്ദീപ് നായരെ പിടികൂടുന്നത്.

Read Also: സ്വർണക്കടത്ത്: മലപ്പുറത്തു നിന്ന് ഒരു പ്രമുഖൻ പിടിയിൽ, വെളിപ്പെടുത്താതെ അന്വേഷണസംഘം

കേസിൽ രണ്ടാം പ്രതിയാണ് സ്വപ്‌ന. സന്ദീപ് നായർ നാലാം പ്രതിയാണ്. വെള്ളിയാഴ്‌ചയാണ് എൻഐഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത് കേസിൽ അന്വേഷണം ആരംഭിച്ചത്. സ്വർണക്കടത്ത് നടന്ന് ഏഴാം ദിവസമാണ് സ്വപ്‌ന പിടിയിലാകുന്നത്. പ്രതികളെ പിടികൂടാൻ പൊലീസിന്റെ സഹായം ആവശ്യപ്പെട്ട് കസ്റ്റംസ് നേരത്തെ കൊച്ചി പൊലീസ് കമ്മിഷണർക്ക് കത്തയച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്വപ്‌നയെ കസ്റ്റഡിയിലെടുത്ത വാർത്ത പുറത്തുവന്നത്. ഫോൺ കോളുകൾ കേന്ദ്രീകരിച്ച് നടന്ന അന്വേഷണമാണ് ഇവരെ പിടികൂടുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത്.

Read Also: സ്വപ്‌ന കസ്റ്റഡിയില്‍; ‘സ്വര്‍ണച്ചുരുള്‍’ നിവരുമോ?

നാല് പ്രതികളാണ് കേസിലുള്ളത്. ഒന്നാം പ്രതി കേസില്‍ അറസ്റ്റിലായ സരിത്, രണ്ടാം പ്രതി സ്വപ്‌ന സുരേഷ്, മൂന്നാം പ്രതി ഫൈസല്‍ ഫരീദ്, നാലാംപ്രതി സ്വപ്‌നയുടെ ബിസിനസ് പങ്കാളിയായ സന്ദീപ് നായര്‍ എന്നിവരാണുള്ളത്. സന്ദീപ് നായരുടെ വീട്ടിൽ കസ്റ്റംസ് ഇന്നലെ എട്ട് മണിക്കൂറോളം പരിശോധന നടത്തി. നിർണായക വിവരങ്ങൾ സന്ദീപ് നായരുടെ വീട്ടിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

സ്വപ്‌നയെയും സന്ദീപ് നായരെയും പിടികൂടിയതിനു തൊട്ടുപിന്നാലെ സർക്കാരിനെ പരോക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്തെത്തി. ട്രിപ്പിൾ ലോക്ക്ഡൗൺ മറികടന്ന് സ്വപ്‌ന സുരേഷ് എങ്ങനെ ബെംഗളൂരുവിലെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസിൽ സിആർപിഎഫ് ജവാൻമാരെ വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിൽ വരുന്നതിനു മുൻപ് തന്നെ സ്വപ്‌ന തിരുവനന്തപുരം വിട്ടതായാണ് സൂചന. പിന്നീട് നാല് ദിവസം സ്വപ്‌ന കൊച്ചിയിലുണ്ടായിരുന്നതായി നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. എൻഐഎ എഫ്ഐആർ രജിസ്റ്റർ ചെയ്‌തതിനു പിന്നാലെ സ്വപ്‌ന കൊച്ചിയിൽ നിന്ന് ബെംഗളൂരുവിലേക്ക് കടക്കുകയായിരുന്നു. നിലവിൽ കേരളത്തിൽ നിന്നു മറ്റൊരു സംസ്ഥാനത്തേക്ക് പോകാൻ നിയന്ത്രണങ്ങളില്ല. യാത്ര ചെയ്യാൻ പാസോ രേഖകളോ ആവശ്യമില്ല.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Gold smuggling swapna suresh sandeep nair nia customs

Next Story
സ്വപ്‌ന കസ്റ്റഡിയില്‍; ‘സ്വര്‍ണച്ചുരുള്‍’ നിവരുമോ?Swapna Suresh Thiruvanathapuram Gold Smuggling
The moderation of comments is automated and not cleared manually by malayalam.indianexpress.com