തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ അന്വേഷണം മുറുകുന്നതിനിടെ ശുദ്ധീകരണ നടപടികള്‍ സജീവമാക്കി സര്‍ക്കാരും. മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനെ പിരിച്ചുവിട്ടു. ഐടി വകുപ്പില്‍ കരാര്‍ ജീവനക്കാരനായിരുന്നു അരുണ്‍.
സ്വര്‍ണക്കടത്ത് കേസിലെ കുറ്റാരോപിത സ്വപ്‌ന സുരേഷിനു ഫ്ളാറ്റ് ബുക്ക് ചെയ്തുനല്‍കിയെന്ന വിവരം പുറത്തുവന്നതിനെത്തുടര്‍ന്നാണ് അരുണിനെതിരായ നടപടി. ഇതുസംബന്ധിച്ച അരുണും ശിവശങ്കറും തമ്മിലുള്ള വാട്‌സാപ് സന്ദേശങ്ങള്‍ പുറത്തുവന്നിരുന്നു.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐടി സെക്രട്ടറിയുമായ എം ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണ് ഫ്ളാറ്റ് ബുക്ക് ചെയ്തതെന്ന് അരുണ്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ശിവശങ്കറിന്റെ സുഹൃത്തിനും കുടുംബത്തിനും താമസിക്കാനാണു ഫ്‌ളാറ്റ് ബുക്കു ചെയ്തതെന്നായിരുന്നു അരുണ്‍ മാധ്യമങ്ങളോട് പറഞ്ഞത്. ശിവശങ്കറിനെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഐടി സെക്രട്ടറി സ്ഥാനങ്ങളില്‍നിന്ന് സര്‍ക്കാര്‍ നീക്കിയിരുന്നു. സ്വര്‍ണക്കടത്ത് കേസ് സംബന്ധിച്ച ഇന്നത്തെ വിശദാംശങ്ങള്‍ ഇവിടെ വായിക്കാം.

സ്വർണക്കടത്ത്: പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം

സ്വർണക്കടത്ത് കേസിലെ പ്രതികളുമായി അടുത്ത ബന്ധമുള്ള മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറിയെ സർവീസിൽ നിന്നു പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശിവശങ്കറിനെ പുറത്താക്കാൻ വകുപ്പായിട്ടില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രി ആരെയാണ് പേടിക്കുന്നത്? മുൻ സെക്രട്ടറിക്കെതിരെയുള്ള അന്വേഷണത്തിനു ചീഫ് സെക്രട്ടറിയെയാണ് മുഖ്യമന്ത്രി നിയോഗിച്ചിരിക്കുന്നത്. എൻഐഎ അന്വേഷിക്കുന്ന കേസ് അന്വേഷിക്കാൻ ചീഫ് സെക്രട്ടറിക്ക് എന്ത് അധികാരമാണുള്ളത്? ധെെര്യമുണ്ടെങ്കിൽ മുഖ്യമന്ത്രി സിബിഐ അന്വേഷണം പ്രഖ്യാപിക്കണം. കസ്റ്റംസ് ചോദ്യം ചെയ്‌തത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെയാണ്. ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്യാൻ ഇനി എന്ത് തെളിവാണ് വേണ്ടത്? രാജ്യദ്രോഹക്കുറ്റം ചെയ്‌തവരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

സംസ്ഥാനത്തൊട്ടാകെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഓഗസ്റ്റ് നാലിന് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വെർച്വൽ റാലി സംഘടിപ്പിക്കും. സർക്കാരിനെതിരെ വലിയ ജനരോഷമുണ്ട്. ജനങ്ങളുടെ രോഷം അണപൊട്ടിയൊഴുകുന്നതാണ് പലയിടത്തും സാമൂഹിക അകലം ലംഘിച്ച് പ്രതിഷേധ പരിപാടികൾ നടക്കാൻ കാരണമെന്നും ചെന്നിത്തല പറഞ്ഞു.

ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും

മുഖ്യമന്ത്രിയുടെ മുൻ പ്രെെവറ്റ് സെക്രട്ടറിയും മുൻ ഐടി സെക്രട്ടറിയുമായ എം.ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യാൻ സാധ്യത. ഇന്നലെ ശിവശങ്കറിനെ പത്ത് മണിക്കൂറോളം ചോദ്യം ചെയ്‌തിരുന്നു. ഇന്നലെ വെെകീട്ട് ആരംഭിച്ച ചോദ്യം ചെയ്യൽ ഇന്നു പുലർച്ചെ വരെ നീണ്ടു. സ്വർണക്കടത്ത് കേസിൽ പിടിയിലായ സ്വപ്‌ന സുരേഷ്, സരിത് എന്നിവരുമായി ശിവശങ്കറിനു അടുത്ത ബന്ധമുണ്ടെന്ന് നേരത്തെ വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്‌തത്. പുലർച്ചെ രണ്ടര വരെ ചോദ്യം ചെയ്യൽ തുടർന്നു. ഇതിനുശേഷം ശിവശങ്കറിനെ വീട്ടിലേക്ക് വിട്ടയച്ചു.

ഔദ്യോഗികമായ കാര്യങ്ങൾ സംസാരിക്കാനാണ് സ്വപ്‌നയും സരിത്തുമായി ബന്ധപ്പെട്ടതെന്ന് ശിവശങ്കർ മൊഴി നൽകിയതായാണ് റിപ്പോർട്ടുകൾ. വീണ്ടും ചോദ്യം ചെയ്യലിനായി വിളിക്കാൻ സാധ്യതയുണ്ട്. സ്വർണക്കടത്ത് കേസുമായി ശിവശങ്കറിനു ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടോ എന്നാണ് എൻഐഎയും കസ്റ്റംസും അന്വേഷിക്കുന്നത്. സ്വർണക്കടത്തുമായി ശിവശങ്കറിനു ബന്ധമുണ്ടെന്ന തരത്തിൽ തെളിവുകളൊന്നും ഇതുവരെ ലഭ്യമായിട്ടില്ലെന്നാണ് സൂചന.

Read Also: Horoscope Today July 15, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

ശിവശങ്കറിന്റെ ഫോണ്‍ വിവരങ്ങള്‍ പരിശോധിക്കും

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ആറുമാസത്തെ ഫോണ്‍ രേഖകള്‍ സര്‍ക്കാര്‍ പരിശോധിക്കും. ഫോണ്‍ വിവരങ്ങള്‍ ടെലികോം കമ്പനികളില്‍നിന്ന് ചീഫ് സെക്രട്ടറിതല സമിതി തേടി.

സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്നയും സരിത്തുമായും ശിവശങ്കറിനു അടുത്ത ബന്ധമുണ്ടെന്ന തരത്തില്‍ നേരത്തെ ഫോണ്‍ രേഖകള്‍ പുറത്തുവന്നിരുന്നു. ഇതേകുറിച്ച് അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറി, ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവരടങ്ങുന്ന സമിതിക്ക് മുഖ്യമന്ത്രി ചുമതലപ്പെടുത്തിയത്.

ഫെെസൽ ഫരീദ് നിരീക്ഷണത്തിൽ

സ്വർണക്കടത്ത് കേസിൽ പ്രതി ചേർത്തിട്ടുള്ള ഫൈസൽ ഫരീദ് റോയുടെ നിരീക്ഷണത്തിൽ. എൻഐഎയാണ് ഇക്കാര്യം അറിയിച്ചത്. റോയുടെ നിരീക്ഷണത്തിലായതുകൊണ്ടു തന്നെ ഫൈസൽ ഫരീദ് ഒളിവിൽ പോകില്ല. ദുബായിലുള്ള ഫൈസൽ ഫരീദിനെ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് എൻഐഎ അറിയിച്ചു. യുഎഇ ഏജൻസികളുടെ പിന്തുണയുണ്ട്. കേന്ദ്ര വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ എംബസിയും വിഷയത്തിൽ ഇടപെട്ടു. സ്വർണക്കടത്തിന് ഗൾഫ് താവളമാക്കിയിട്ടുള്ള കൂടുതൽ പേരെ കണ്ടെത്തുമെന്നും ഇവരെ നാട്ടിൽ എത്തിക്കുമെന്നും എൻഐഎ വൃത്തങ്ങൾ അറിയിച്ചു.

മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്‌തു

സ്വര്‍ണക്കടത്തു കേസില്‍ മൂന്ന് പേരെ കൂടി കസ്റ്റംസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ സ്വദേശി ജലാല്‍, മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി, കൊണ്ടോട്ടി സ്വദേശി ഹംജദ് അലി എന്നിവരുടെ അറസ്റ്റാണ് കസ്റ്റംസ് രേഖപ്പെടുത്തിയത്. ഇവര്‍ മൂന്നുപേരും ഇടനിലക്കാരായി പ്രവര്‍ത്തിച്ചിരുന്നവരാണെന്നാണ് സൂചന.

മുഖ്യമന്ത്രി വിശുദ്ധ പശുവോ?: മുല്ലപ്പള്ളി

സ്വര്‍ണക്കള്ളക്കടത്തിന്റെ എല്ലാ ഇടപാടുകളും മുഖ്യമന്ത്രിയുടെ ഓഫീസിനെ ചുറ്റിപ്പറ്റിയാണ് നടന്നതെന്നും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം എന്തുകൊണ്ട് അവിടേക്കു നീളുന്നില്ലെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.കള്ളക്കടത്ത് സംഘത്തിനു പലഘട്ടത്തിലും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായം കിട്ടിയിട്ടുണ്ട്.
ബി.ജെ.പിയ്ക്ക് മുഖ്യമന്ത്രി വിശുദ്ധ പശുവാണോയെന്നും മുല്ലപ്പള്ളി ചോദിച്ചു.

തീവ്രവാദവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മാത്രം അന്വേഷണം ഒതുങ്ങുന്നത് ഉചിതമല്ല. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഉന്നതങ്ങളിലെ രാഷ്ട്രീയ അഴിമതിയും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നടത്തിയ നിയമനങ്ങളും അന്വേഷിക്കണം.

കൃത്യമായ ആസൂത്രണത്തോടെ നടന്ന അന്താരാഷ്ട്ര മാനങ്ങളുള്ള കുറ്റകൃത്യമാണ് തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ്. അതുകൊണ്ട് മുഖ്യമന്ത്രിയുടെയും ഓഫീസിന്റെയും പങ്ക് സംബന്ധിച്ച് വ്യക്തത വരുത്തേണ്ടതുണ്ട്. ആവശ്യമെങ്കില്‍ മുഖ്യമന്ത്രിയെ തന്നെ ചോദ്യം ചെയ്യണം. അന്വേഷണം ശരിയായ ദിശയിലാണോയെന്നു സംശിക്കേണ്ടിരിക്കുന്നു. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള രഹസ്യധാരണയുടെ അടിസ്ഥാനത്തില്‍ അന്വേഷണം മന്ദഗതിയലാണ് പോകുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

സന്ദീപിന്റെ ബാഗ് പരിശോധിക്കാൻ അനുമതി

നയതന്ത്രബാഗ് ഉപയോഗിച്ച് സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ മുഖ്യപ്രതികളിലൊരാളായ സന്ദീപിന്റെ ബാഗ് പരിശോധിക്കാൻ എന്‍ഐഎയ്ക്ക് അനുമതി. ഇതുസംബന്ധിച്ച എന്‍ഐഎയുടെ അപേക്ഷ കോടതി സ്വീകരിച്ചു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ചില നിര്‍ണായക വിവരങ്ങള്‍ അടങ്ങിയിരിക്കുന്ന രേഖകള്‍ ബാഗിലുണ്ടെന്നാണ് വിവരം. അതേസമയം, കേസിൽ കസ്റ്റഡിയിലുള്ള സരിത്തിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സരിത്തിനെ കസ്റ്റംസും എൻഐഎയും നേരത്തെ ചോദ്യം ചെയ്‌തിരുന്നു. സരിത്തിൽനിന്നു നിർണായക വിവരങ്ങൾ ലഭിച്ചതായാണ് റിപ്പോർട്ടുകൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.