തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതികളുമായി അടുത്ത ബന്ധമുള്ള മുൻ ഐടി സെക്രട്ടറിയും തന്റെ മുൻ പ്രെെവറ്റ് സെക്രട്ടറിയുമായ എം.ശിവശങ്കറിനെതിരെ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി. സ്വർണക്കടത്ത് കേസിൽ പിടിയിലായ സ്വപ്‌ന സുരേഷ്, സരിത് എന്നിവരുമായി എം.ശിവശങ്കർ നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടതായി വിവരങ്ങൾ പുറത്തുവന്നിരുന്നു.

ഇത്തരം വിഷയങ്ങളിൽ സംസ്ഥാന തലത്തിൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതേസമയം, ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്യേണ്ട രീതിയിലേക്ക് എത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

“വിവാദ വനിതയുമായി ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നതുകൊണ്ടാണ് ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്തു നിന്നും പ്രെെവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കിയത്. മറ്റ് അന്വേഷണങ്ങൾ നടക്കുകയാണ്. കേസിൽ പിടിയിലായ രണ്ട് പേരുമായി ശിവശങ്കർ ഫോണിൽ ബന്ധപ്പെട്ടതായി ഇപ്പോൾ വിവരം ലഭിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും അടങ്ങുന്ന സമിതി ഇതേകുറിച്ച് അന്വേഷിക്കും. സസ്‌പെൻഡ് ചെയ്യാനുള്ള നിലയിലേക്ക് എത്തിയിട്ടില്ല. കേസിൽ ഏർപ്പെട്ടവരുമായി നിയതമായ രീതിയിലാണോ ശിവശങ്കർ ബന്ധപ്പെട്ടത് എന്ന് അന്വേഷിക്കും. റിപ്പാേർട്ട് ലഭിച്ചശേഷം നടപടികളിലേക്ക് കടക്കും,” മുഖ്യമന്ത്രി പറഞ്ഞു.

Read Also: രോഗനിയന്ത്രണം വർഷാവസാനത്തോടെ മാത്രം, സമൂഹവ്യാപനത്തിലേക്ക്: മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

സ്വപ്‌ന സുരേഷ് മന്ത്രി കെ.ടി.ജലീലിനെ വിളിച്ച സംഭവത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. സ്വപ്‌ന സുരേഷിനെ വിളിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം മന്ത്രി തന്നെ വിശദീകരിച്ചിട്ടുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി ജലീലിനെ പിന്തുണച്ചു. സ്വപ്‌ന സുരേഷുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇന്റലിജൻസിനു വീഴ്‌ച സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, കസ്റ്റംസ് എം.ശിവശങ്കറിന്റെ മൊഴിയെടുക്കുകയാണ്. ശിവശങ്കറിന്റെ മൊഴിയെടുക്കുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. ഇന്ന് വെെകീട്ട് നാല് മണിക്കുശേഷമാണ് മൂന്ന് കസ്‌റ്റംസ് ഉദ്യോഗസ്ഥർ ശിവശങ്കറിന്റെ വീട്ടിലെത്തിയത്. ചോദ്യം ചെയ്യലിനു ഹാജരാകാനുള്ള നോട്ടീസ് നൽകി പത്ത് മിനിറ്റുകൾക്കകം ഉദ്യോഗസ്ഥർ മടങ്ങി. തൊട്ടുപിന്നാലെ വീടിന്റെ പിൻവശത്തുള്ള വാതിലിലൂടെ ശിവശങ്കർ പുറത്തിറങ്ങുകയും ചോദ്യം ചെയ്യലിനു കസ്റ്റംസ് ഓഫീസിൽ ഹാജരാകുകയും ചെയ്‌തു.

Read Also: സ്വപ്‌നയുടെ കോൾ ലിസ്റ്റിൽ കെ.ടി.ജലീലും; സ്‌ക്രീൻഷോട്ട് പുറത്തുവിട്ട് മന്ത്രി

സ്വർണക്കടത്ത് കേസിൽ പ്രതികളായ സരിത്തും സ്വപ്‌ന സുരേഷും ശിവശങ്കറിനെ പലവട്ടം ഫോണിൽ ബന്ധപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ശിവശങ്കറിൽ നിന്നു വിശദമായി മൊഴിയെടുക്കാൻ അന്വേഷണസംഘം തീരുമാനിച്ചത്. സ്വർണക്കടത്ത് കേസിൽ പിടിയിലായ സരിത്, സ്വപ്‌ന സുരേഷ് എന്നിവർ ശിവശങ്കറുമായി നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടതായി വിവരമുണ്ട്. സരിത്തുമായി പലപ്പോഴും മിനിറ്റുകൾ മുതൽ മണിക്കൂറുകൾവരെ ശിവശങ്കർ സംസാരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.