കോഴിക്കോട്: തിരുവനന്തപുരം സ്വ‍ർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് കൊടുവള്ളി നഗരസഭയിലെ ഇടതുമുന്നണി കൗൺസില‍ർ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കസ്റ്റംസിൻ്റെ കൊച്ചി യൂണിറ്റിലെ ഉദ്യോ​ഗസ്ഥർ ഇന്ന് പുല‍ർച്ചെ നാല് മണിയോടെ ഫൈസലിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിന് പിന്നാലെയാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

നയതന്ത്രബാഗിലൂടെ നടത്തിയ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്‌. ഫൈസലിന്റെ കൊടുവള്ളിയിലെ വീട്ടിലും ഇതിനോട് ചേര്‍ന്ന കെട്ടിടത്തിലുമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പരിശോധന നടത്തിയത്. ഇവിടെനിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സ്വര്‍ണക്കടത്ത് സംബന്ധിച്ച് കൂടുതല്‍ ചോദ്യംചെയ്യലിനായാണ് കസ്റ്റംസ് ഫൈസലിനെ കസ്റ്റഡിയിലെടുത്തത്.

Read More: സാമ്പത്തിക ഇടപാടിൽ ആര്യാടൻ ഷൗക്കത്തിൽ നിന്ന് എൻഫോ‌ഴ്‌സ്‌മെന്റ് മൊഴി എടുത്തു

നേരത്തെ നടന്ന കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെടെ ഫൈസലിനെ മുമ്പ് ഡിആര്‍ഐ പ്രതി ചേര്‍ത്തിരുന്നു. ഈ കേസുകളിലെ പ്രതികളുമായി കാരാട് ഫൈസലിന് ബന്ധമുണ്ടെന്ന് ഡിആര്‍ഐ കണ്ടെത്തുകയും ചെയ്തിരുന്നു.

കൊടുവള്ളി എംഎൽഎ പിടിഎ റഹീം അധ്യക്ഷനായ പാ‍ർട്ടിയുടെ പ്രധാന നേതാവായിരുന്നു കാരാ‍ട്ട് ഫൈസൽ. ഈ പാ‍ർട്ടി ഇപ്പോൾ ഐ.എൻ.എല്ലിൽ ലയിച്ചിട്ടുണ്ട്. നിലവിൽ ഇടത് സ്വതന്ത്രനായ ഫൈസല്‍ കൊടുവള്ളി നഗരസഭയിലെ 27-ാം വാര്‍ഡ് അംഗമാണ്‌. പിടിഎ റഹീമുമായി അടുത്ത ബന്ധം പുല‍​ർത്തുന്നയാളാണ് ഫൈസൽ. സ്വ‍ർണക്കടത്തുമായി ബന്ധപ്പെട്ട് നേരത്തെ എൻഐഎയും കൊടുവള്ളിയിൽ റെയ്ഡ് നടത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook