കോഴിക്കോട്: ഗൾഫ് രാജ്യങ്ങളിൽനിന്നും വിമാനത്താവളങ്ങൾ വഴി കേരളത്തിലേക്ക് സ്വർണക്കടത്ത് വർധിക്കുന്നതായി റിപ്പോർട്ട്. യുഎഇ, ഖത്തർ എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും സ്വർണം കേരളത്തിലേക്ക് എത്തുന്നത്. കേരളത്തിലെ വടക്കൻ ജില്ലകൾ കേന്ദ്രീകരിച്ചാണ് സ്വർണക്കടത്ത് സംഘങ്ങൾ പ്രവർത്തിക്കുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് അഞ്ചിരട്ടിയില്‍ അധികം വര്‍ധിച്ചിട്ടുണ്ട്. 2017 ഏപ്രില്‍ മുതല്‍ 2018 മാര്‍ച്ച് വരെയുളള സമ്പത്തിക വർഷം 78.73 കിലോഗ്രാം സ്വർണമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസ് പിടിച്ചത്. മുന്‍ സാമ്പത്തിക വര്‍ഷം വെറും 13.34 കിലോഗ്രാം മാത്രമാണ് കസ്റ്റംസ് പിടികൂടിയത്. കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം സ്വര്‍ണം പിടിച്ചത് കൊച്ചി വിമാനത്താവളത്തിൽ നിന്നാണ്. 86.95 കിലോഗ്രാം സ്വർണമാണ് ഇവിടെനിന്നും പിടികൂടിയത്. തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് 14.72 കിലോഗ്രാം സ്വർണം പിടികൂടി.

സ്വർണക്കടത്ത് കേസിൽ പിടിയിലാകുന്ന പ്രതികൾക്ക് പെട്ടെന്ന് ജാമ്യം കിട്ടുന്ന വകുപ്പുകളാണ് ഇപ്പോൾ നിവിലുളളത്. ഇതാണ് സ്വർണക്കടത്ത് വർധിക്കാൻ പ്രധാന കാരണം. 20 ലക്ഷം രൂപവരെ വിലയുള്ള സ്വർണം കടത്തുന്നവരെ അറസ്റ്റ് ചെയ്യില്ല. 20 ലക്ഷം മുതല്‍ ഒരു കോടി രൂപവരെ വിലയുള്ള സ്വർണം കടത്തി പിടിക്കപ്പെടുന്നവർക്ക് ഉടന്‍ തന്നെ ജാമ്യം കിട്ടും. ഇങ്ങനെ പിടിക്കപ്പെട്ടാലും നികുതിയടച്ച് സ്വർണം തിരിച്ചെടുക്കാനുള്ള സാധ്യതയുമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.