കൊച്ചി: സ്വർണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. പ്രാഥമിക കുറ്റപത്രമാണ് സമർപ്പിച്ചത്. അഡീഷണൽ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
സ്വപ്ന സുരേഷ്, സന്ദീപ് നായർ, സരിത് എന്നിവർക്കെതിരെ കള്ളപ്പണം വെളുപ്പിച്ചതിനു തെളിവുണ്ടെന്ന് പ്രാഥമിക കുറ്റപത്രത്തിൽ പറയുന്നു. ഡിജിറ്റൽ തെളിവുകൾ ലഭിച്ച ശേഷമേ അന്തിമ കുറ്റപത്രം സമർപ്പിക്കൂ. സ്വപ്നയും സരിത്തും സന്ദീപും ചേര്‍ന്ന് കള്ളപ്പണ ഇടപാട് നടത്തിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
Read Also: പൊതുസ്ഥലങ്ങൾ അനിശ്ചിത കാലം കൈവശം വയ്ക്കരുത്; ഷഹീൻബാഗ് സമരത്തിനെതിരെ സുപ്രീം കോടതി
പ്രതികളുടെ കുറ്റം തെളിഞ്ഞെന്നും പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നും ഇഡി ആവശ്യപ്പെട്ടു. പ്രതികൾക്കെതിരെ കള്ളപ്പണ ഇടപാടിന് തെളിവു ലഭിച്ചു എന്നു ചൂണ്ടിക്കാണിച്ച് 303 പേജുള്ള ഭാഗിക കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.
അതേസമയം, തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ തീവ്രവാദ ബന്ധത്തെ കുറിച്ച് തെളിവ് ചോദിച്ച് എൻഐഎ കോടതി രംഗത്തെത്തി. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തിനു തീവ്രവാദ ബന്ധമുണ്ടെന്ന് അന്വേഷണസംഘം നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ, കൃത്യമായ തെളിവുകൾ ഹാജരാക്കാൻ എൻഐഎ കോടതി ആവശ്യപ്പെട്ടിരുന്നു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഐഎ കോടതിയിൽ ഇന്നു വാദം നടക്കുന്നുണ്ട്. എൻഐഎ അന്വേഷണസംഘം നിരവധി ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടിവരും.