കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യൽ. ഇന്നു ഉച്ചയോടെയാണ് ശിവശങ്കർ കൊച്ചിയിലെ ഇഡി ഓഫീസിലേക്ക് എത്തിയത്. ചോദ്യം ചെയ്യൽ ഇപ്പോഴും തുടരുകയാണ്. ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റ് നേരത്തെ അറിയിച്ചിരുന്നു.

സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ ഗണ്യമായ സ്വാധീനമുണ്ടെന്ന് ചോദ്യം ചെയ്യലിൽ മനസിലാക്കാൻ സാധിച്ചതായി എൻഫോഴ്‌സ്മെന്റ്‌ കോടതിയെ അറിയിച്ചു. ശിവശങ്കറുമായി അടുത്തബന്ധമാണെന്ന് ചോദ്യംചെയ്യലിനിടെ സ്വപ്ന അന്വേഷണസംഘത്തോടു വെളിപ്പെടുത്തിയിട്ടുണ്ട്. സ്വപ്നയുടെ ഉദ്ദേശ്യശുദ്ധി സംശയാസ്പദമാണെന്നത് ശിവശങ്കറിന് അറിയാമായിരുന്നുവെന്നും ഇഡി പറഞ്ഞിരുന്നു.

പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിന് ധനസമാഹരണാർഥം മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെയുള്ള ഉന്നതതലസംഘം യുഎഇയിൽ സന്ദർശനം നടത്തിയിരുന്നു. ഈ സമയം സ്വപ്നയും ശിവശങ്കറും തമ്മിൽ കൂടിക്കാഴ്ചകളുണ്ടായിട്ടുണ്ട്. സ്വപ്നയുൾപ്പെടെ മൂന്നു പ്രതികൾക്കും ഉന്നതരായ പല വ്യക്തികളുമായും ബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.

ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് പ്രതികളായ സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവർക്കൊപ്പം ശിവശങ്കറിനെയും വീണ്ടും ചോദ്യം ചെയ്യണമെന്ന് ഇഡി ആവശ്യപ്പെട്ടത്. നേരത്തെ ദേശീയ അന്വേഷണ ഏജൻസിയും കസ്റ്റംസും 34 മണിക്കൂർ ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. കൊച്ചിയിൽ നടന്ന ചോദ്യം ചെയ്യലിന് അദ്ദേഹത്തെ വിട്ടയക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.