തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജനം ടിവി കോർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്‌തു വിട്ടയച്ചു. രാവിലെ പതിനൊന്നോടെ ആരംഭിച്ച ചോദ്യം ചെയ്യൽ അഞ്ച് മണിക്കൂർ നീണ്ടു.
അനിൽ നമ്പ്യാർക്ക് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്നാണ് കസ്റ്റംസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്നു ലഭിക്കുന്ന സൂചന. വീണ്ടും ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്‌ന സുരേഷുമായി അനിൽ നമ്പ്യാർക്ക് അടുത്ത ബന്ധമുണ്ടെന്ന് കസ്റ്റംസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നായിരുന്നു ചോദ്യം ചെയ്യൽ.
കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ വിളിച്ചുവരുത്തിയാണ് അനിൽ നമ്പ്യാരെ ചോദ്യം ചെയ്‌തത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട സാക്ഷിയാണ് അനില്‍ നമ്പ്യാര്‍. സ്വര്‍ണം പിടിച്ച ദിവസം അനില്‍ നമ്പ്യാരും സ്വപ്‌ന സുരേഷും തമ്മില്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് സ്വപ്‌ന സുരേഷ് നേരത്തെ മൊഴി നൽകിയിരുന്നു. എന്നാൽ വാർത്ത ശേഖരിക്കുന്നതിന്റെ ഭാഗമായി മാത്രമാണ് സ്വപ്‌നയെ ബന്ധപ്പെട്ടതെന്നായിരുന്നു അനിൽ നമ്പ്യാരുടെ വിശദീകരണം.
Read Also: തങ്ങളാരും വിശ്വപൗരൻമാരല്ലെന്ന് മുരളീധരൻ; തരൂരിനെതിരെ കോൺഗ്രസിൽ പടയൊരുക്കം
ഡിപ്ലോമാറ്റിക് ബാഗ് തുറന്ന് കസ്റ്റംസ് സ്വർണ കണ്ടെടുത്ത ജൂലൈ അഞ്ചിന് സ്വപ്‌നയും അനിൽ നമ്പ്യാരുമായി രണ്ടു തവണ ഫോണിൽ സംസാരിച്ചതായാണ് കസ്റ്റംസ് കണ്ടെത്തിയത്. ഈ ഫോൺ വിളി സംബന്ധിച്ച് സ്വപ്ന കസ്റ്റംസിന് മൊഴിയും നൽകിയിട്ടുണ്ട്. ഇക്കരാര്യത്തിഷ വ്യക്തത വരുത്താനാണ് കസ്റ്റംസ് ഉദ്ദേശിക്കുന്നത്. അന്നേ ദിവസമാണ് സ്വപ്ന ഒളിവിൽ പോയത്.
കോൺസുലേറ്റിലേക്കു വന്ന ബാഗേജ് കള്ളക്കടത്തല്ലെന്ന് സ്ഥാപിക്കുന്ന രേഖകള്‍ ചമയ്ക്കാന്‍ അനില്‍ നമ്പ്യാര്‍ സഹായിച്ചുവെന്നും സ്വപ്‌ന കസ്റ്റംസിന് മൊഴി നല്‍കിയിട്ടുണ്ട്. ഈ മൊഴിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാനാണ് അനില്‍ നമ്പ്യാരെ ചോദ്യം ചെയ്യുന്നത്.
അതേസമയം മുഖ്യമന്ത്രിയുടെ ഐടി ഫെലോ അരുൺ ബാലചന്ദ്രനും കസ്റ്റംസ് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ അരുണ്‍ ഹാജരാകുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. തിരുവനന്തപുരത്ത് സ്വപ്‌നയ്ക്ക് താമസിക്കാന്‍ വേണ്ടി ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രാകാരം അരുണാണ് ഫ്ലാറ്റ് വാടകയ്ക്കെടുത്ത് നൽകിയത്.