കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് അധികാര ഇടനാഴിയിൽ പ്രകടമായ സ്വാധീനമുണ്ടന്ന് കോടതി. സ്വപ്നയുടെയും മറ്റൊരു പ്രതി സെയ്തലവിയുടെയും ജാമ്യാപേക്ഷകൾ തള്ളിക്കൊണ്ടാണ് കൊച്ചിയിലെ പ്രത്യേക സാമ്പത്തിക കോടതിയുടെ പരാമർശം.

സ്വപ്‌നക്കെതിരെ തെളിവുണ്ട്. കോൺസുലേറ്റിൽനിന്ന് രാജിവച്ചശേഷവും സ്വപ്ന അവിടുത്തെ ഉദ്യോഗസ്ഥരെ സഹായിക്കുന്നത് തുടർന്നു. സ്വാധീനമുപയോഗിച്ച് സംസ്ഥാന സർക്കാർ പദ്ധതിയിൽ ജോലി നേടുകയും ചെയ്തു. ജാമ്യം ലഭിക്കാൻ സ്ത്രീയെന്ന ആനുകൂല്യം അർഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.

സ്വർണക്കടത്തിനു പിന്നിൽ രാജ്യാന്തര ശൃംഖലയുണ്ടന്നും ഹവാല ഇടപാടിലൂടെ പണം യുഎഇയിലേക്കും സ്വർണം കേരളത്തിലേക്കും കടത്തുകയാണന്നും സമ്പദ് വ്യവസ്ഥയെ തകർക്കുകയാണെന്നുമുള്ള വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷകൾ കോടതി തള്ളിയത്. കേസന്വേഷണം പുരോഗമിക്കുകയാണെന്നും ദുബായിലുള്ള രണ്ട് പേരെക്കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്നും കസ്റ്റംസ് ബോധിപ്പിച്ചു.

കേസിലെ പത്താം പ്രതി സംജുവിന്റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് പതിനേഴാം തിയതിയിലേക്ക് മാറ്റി. കൂടുതൽ വാദം ആവശ്യമാണെന്ന പ്രതിഭാഗത്തിന്റെ ആവശ്യം പരിഗണിച്ചാണ് കോടതി നടപടി. റിമാൻഡ് കാലാവധി അവസാനിച്ച എട്ടു പ്രതികളെ 25 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Read More: സ്വർണക്കടത്ത് വ്യവസായം പോലെ; സ്വപ്നയുടെ ജാമ്യാപേക്ഷയിൽ വിധി നാളെ

സെയ്തലവി, സംജു, മുഹമ്മദ് അബ്ദുൾ ഷമീം, പി.ടി.അബ്ദു മുഹമ്മദ് അൻവർ, അബ്ദുൾ ഹമീദ്, അബൂബക്കർ പഴേടത്ത്, ജിഫ്സൽ സി വി എന്നിവരുടെയാണ് റിമാൻഡ് കാലാവധി നീട്ടിയത്.

അതേസമയം, യുഎഇ കോൺസുലേറ്റ് വഴി മതഗ്രന്ഥങ്ങൾ എത്തിയതിൽ സംസ്ഥാന പ്രോട്ടോകോൾ ഓഫീസറോട് കസ്റ്റംസ് വിശദീകരണം തേടിയിട്ടുണ്ട്. രണ്ടുവർഷത്തിനുള്ളിൽ യുഎഇയിൽനിന്ന് എത്രവണ പാഴ്സൽ എത്തിയെന്ന് അറിയിക്കണമെന്നാണ് കസ്റ്റംസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ എന്തെങ്കിലും ഇളവുകൾ നൽകിയിട്ടുണ്ടെങ്കിൽ അതും അറിയിക്കണമെന്നും കസ്റ്റംസ് വ്യക്തമാക്കി.

സ്വപ്ന സുരേഷിന്റെ ജാമ്യ ഹർജി കൊച്ചിയിലെ എൻഐഎ കോടതി നേരത്തെ തള്ളിയിരുന്നു. ജാമ്യം ലഭിച്ചാൽ, ഉന്നതരുമായുള്ള അടുത്ത ബന്ധമുപയോഗിച്ച് കേസിൽ ഇടപെടാൻ ശ്രമിക്കുമെന്ന അന്വേഷണ ഏജൻസിയായ എൻഐഎയുടെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.

എൻഐഎ ആരോപിക്കുന്ന കുറ്റങ്ങൾ പ്രതി ചെയ്‌തതിനു പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്ന് കോടതി പറഞ്ഞു. സ്വപ്നയ്‌ക്കെതിരെ തെളിവുകളുണ്ടെന്ന് കേസ് ഡയറി പരിശോധിച്ചതിൽനിന്നു കോടതിക്കു ബോധ്യമായി. എന്നാൽ സ്വപ്‌നയ്‌ക്ക് തീവ്രവാദ സംഘങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടെന്നതിനും പണം തീവ്രവാദ പ്രവർത്തനത്തിന് വേണ്ടി ചെലവഴിച്ചുവെന്നതിനും നിലവിൽ തെളിവില്ലെന്ന് കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു.

സ്വർണക്കടത്ത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്നും യുഎപിഎയിലെ പതിനഞ്ചാം വകുപ്പ് നിലനിൽക്കുമെന്നുമായിരുന്നു എൻഐഎയുടെ വാദം. സ്വർണക്കടത്തിൽ പങ്കാളിയാണെന്നതിനു സ്വപ്‌നയുടെ മൊഴി തന്നെ തെളിവാണ്. നയതന്ത്ര ബാഗേജിൽ സ്വർണം പല പ്രാവശ്യം കടത്തിയെന്നതിനു കേസ് ഡയറിയിൽ തെളിവുണ്ട്. ഇത് രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന അറിവ് പ്രതിക്കുണ്ടായിരുന്നു.

കാർഗോ വിട്ടുകിട്ടാൻ സ്വപ്‌ന ഇടപെട്ടതിനും തെളിവുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന വാദം കോടതി തള്ളുകയും ചെയ്തിരുന്നു. യുഎപിഎ ആക്ട് സെക്ഷൻ 43 ഡി (5) പ്രകാരം ജാമ്യത്തിന് അർഹതയില്ലെന്നും കോടതി വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.