കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ നിർണായക വഴിത്തിരിവായിരിക്കുകയാണ് മലപ്പുറം സ്വദേശി റമീസ് പിടിയിലായത്. മലപ്പുറം പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശിയായ റമീസിനെ ഇന്നു പുലർച്ചെയാണ് എൻഐഎ കസ്റ്റഡിയിലെടുത്തത്. ഇയാൾക്ക് വേണ്ടിയാണ് സ്വർണം കടത്തിയതെന്നാണ് സൂചന.

ഷാര്‍പ്പ് ഷൂട്ടറായ റമീസ് മണ്ണാര്‍ക്കാട് വനമേഖലയില്‍ അടക്കം മൃഗവേട്ട നടത്തിയതിന്റെ പേരില്‍ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. 2014 ല്‍ രണ്ട് മാനുകളെ വെടിവെച്ച് കൊന്ന കേസിലെ പ്രതി കൂടിയാണ്. പാലക്കാട് വാളയാർ പൊലീസ് സ്റ്റേഷനിലാണ് ഇയാൾക്കെതിരെ കേസുള്ളത്. നെടുമ്പാശേരി വിമാനത്താവളം വഴി തോക്ക് കടത്താന്‍ ശ്രമിച്ച കേസിലും റമീസ് പ്രതിയായിട്ടുണ്ട്. രണ്ടു ബാഗുകളിലായി അന്ന് കൊണ്ടുവന്നത് ആറു റൈഫിളുകള്‍ ഗ്രീന്‍ചാനല്‍വഴി കടത്താന്‍ ശ്രമിക്കവെയാണ് കസ്റ്റംസ് പിടികൂടിയത്.

Read Also: സ്വർണക്കടത്ത്: മലപ്പുറത്തു നിന്ന് ഒരാൾ പിടിയിൽ, ഉന്നതർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കും

റമീസിനു ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്നാണ് സൂചന. റമീസിന് കുടുംബവുമായി വലിയ അടുപ്പമില്ലെന്നാണ് വെട്ടത്തൂരിലെ നാട്ടുകാര്‍ പറയുന്നത്. അതിനിടെ, മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവാണ് റമീസെന്നും നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ഓഫീസ് ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്. ഹവാല ഇടപാടുകളുമായി റമീസിനു ബന്ധമുണ്ടെന്നും വിവരങ്ങൾ പുറത്തുവന്നിരുന്നു.

അതേസമയം, നയതന്ത്ര ബാഗേജ് വഴി അനധികൃതമായി സ്വർണം കടത്തിയ കേസിൽ പിടിയിലായ സ്വപ്‌ന സുരേഷ്, സന്ദീപ് നായർ എന്നിവരുമായി എൻഐഎ സംഘം കേരളത്തിലെത്തി. രാവിലെ 11.30 ഓടെ സ്വപ്‌നയും സന്ദീപുമായി എൻഐഎ സംഘം വാളയാർ കടന്നു. ഉച്ചയ്‌ക്ക് രണ്ടിനു മുൻപായി കൊച്ചി എൻഐഎ ഓഫീസിലെത്തുമെന്നാണ് വിവരം.

ഇന്നലെ രാത്രിയാണ് ഇരുവരെയും ബെംഗളൂരുവിൽ നിന്നു പിടികൂടിയത്. ഡൊംലൂരിലെ എന്‍ഐഎ ഓഫീസില്‍വച്ച് ഇരുവരെയും അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്‌തു. ഇന്നു രാവിലെ റോഡ് മാർഗമാണ് പ്രതികളുമായി അന്വേഷണസംഘം ബെംഗളൂരുവിൽ നിന്ന് യാത്ര പുറപ്പെട്ടത്. ബെംഗളൂരുവിലെ എൻഐഎ ഓഫീസിൽ നിന്നുള്ള സ്വപ്‌നയുടെയും സന്ദീപിന്റെയും ചിത്രങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടു. കൊച്ചിയിലെത്തിയ ശേഷം ഇരുവരെയും കോടതിയിൽ ഹാജരാക്കും. സ്വപ്‌നയുടെയും സന്ദീപിന്റെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. മൂന്ന് വർഷത്തെ ബാങ്ക് ഇടപാടുകൾ പരിശോധിക്കും.

Read Also: ഐശ്വര്യ റായ്, ജയ ബച്ചന്‍ എന്നിവരുടെ ആന്റിജൻ പരിശോധനാഫലം നെഗറ്റീവെന്ന് റിപ്പോര്‍ട്ടുകള്‍

രണ്ട് ദിവസം മുൻപാണ് സ്വപ്‌നയും സന്ദീപ് നായരും ബെംഗളൂരിൽ എത്തിയതെന്നാണ് എൻഐഎ പറയുന്നത്. സ്വപ്‌നയുടെ ഭർത്താവും മക്കളും ബെംഗളൂരുവിൽ ഉണ്ടായിരുന്നു. ബംഗലൂരുവിലെ കൊറമംഗല 7 ബ്ലോക്കിലെ അപാർട്‌മെന്റ് ഹോട്ടലിൽ താമസിക്കുകയായിരുന്നു ഇവർ. ഹോട്ടലിൽവച്ചാണ് എൻഐഎ ഇവരെ പിടികൂടുന്നത്. സ്വപ്‌നയുടെ ഭർത്താവ് സാധനങ്ങൾ വാങ്ങിക്കാനായി പുറത്തുപോയ സമയത്താണ് ഹോട്ടലിൽ റെയ്‌ഡ് നടന്നത്. സ്വപ്‌നയുടെയും സന്ദീപ് നായരുടെയും പാസ്‌പോർട്ടുകൾ, മൂന്ന് മൊബെെൽ ഫോണുകൾ, തിരിച്ചറിയിൽ കാർഡുകൾ, രണ്ടരലക്ഷം രൂപ എന്നിവ എൻഐഎ പിടികൂടി.

കേസിൽ രണ്ടാം പ്രതിയാണ് സ്വപ്‌ന. സന്ദീപ് നായർ നാലാം പ്രതിയാണ്. വെള്ളിയാഴ്‌ചയാണ് എൻഐഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത് കേസിൽ അന്വേഷണം ആരംഭിച്ചത്. സ്വർണക്കടത്ത് നടന്ന് ഏഴാം ദിവസമാണ് സ്വപ്‌ന പിടിയിലാകുന്നത്. പ്രതികളെ പിടികൂടാൻ പൊലീസിന്റെ സഹായം ആവശ്യപ്പെട്ട് കസ്റ്റംസ് നേരത്തെ കൊച്ചി പൊലീസ് കമ്മിഷണർക്ക് കത്തയച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്വപ്‌നയെ കസ്റ്റഡിയിലെടുത്ത വാർത്ത പുറത്തുവന്നത്. ഫോൺ കോളുകൾ കേന്ദ്രീകരിച്ച് നടന്ന അന്വേഷണമാണ് ഇവരെ പിടികൂടുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത്.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.