പാലക്കാട്: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്, ഷാജ് കിരണുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവിട്ടു. ഒന്നര മണിക്കൂർ ദൈർഘ്യമുള്ള എഡിറ്റ് ചെയ്യാത്ത സംഭാഷണമാണു പുറത്തുവിടുന്നതെന്നു വാർത്താ സമ്മേളനത്തിൽ സ്വപ്ന പറഞ്ഞു.
കളിച്ചിരിക്കുന്നത് ആരോടാണെന്ന് അറിയാമോയെന്നും മകളെ പറഞ്ഞാൽ അദ്ദേഹം സഹിക്കില്ലെന്നും ഷാജ് കിരൺ പറഞ്ഞതായി സ്വപ്ന ആരോപിച്ചു. നമ്പർ വൺ എന്നതു മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ഷാജ് പറഞ്ഞു. പിണറായിയുടെയും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ട് യു എസിലേക്കു മാറ്റുന്നതു ബിലീവേഴ്സ് ചർച്ചാണെന്നും അതുകൊണ്ടാണ് അവരുടെ എഫ് സി ആർ ലൈസൻസ് നഷ്ടമായതെന്നും ഷാജ് പറഞ്ഞതായും സ്വപ്ന ആരോപിച്ചു.
ഫോൺ വഴിയുള്ളതും നേരിട്ടുള്ളതുമായ സംഭാഷണത്തിന്റെ നാല് ക്ലിപ്പുകളാണു പുറത്തുവന്നത്. പുറത്തുവിട്ട ശബ്ദരേഖയുടെ ആദ്യ ഭാഗത്ത് സ്വപ്നയുടെ ശബ്ദം വ്യക്തമാണെങ്കിലും ഷാജ് കിരണിന്റെ ശബ്ദം വ്യക്തമായിരുന്നില്ല. ഇതേത്തുടർന്ന് ശബ്ദരേഖ പുറത്തുവിടുന്നത് അവസാനിപ്പിച്ച സ്വപ്ന, അത് ടെലിഗ്രാം വഴി മാധ്യമങ്ങൾക്ക് അയച്ചുകൊടുക്കുകയായിരുന്നു.
സിനിമയില്‍ കാണിക്കുന്ന പോലെ ഹീറോയിസം കാണിക്കാന്‍ ആണെങ്കില്‍ അതൊന്നും നടക്കുന്ന കാര്യമല്ലെന്നും എന്താണ് ഇതിന്റെ നേട്ടമെന്നും ഷാജിന്റേതു കരുതുന്ന ശബ്ദത്തില്‍ കോടതിയില്‍ രഹസ്യമൊഴി നല്‍കിയതിനെ പരാമര്‍ശിച്ച് സ്വപ്നയോട് പറയുന്നു.
” നിങ്ങൾ ഇതുവരെ റിയാലിറ്റിയിലേക്ക് വന്നിട്ടില്ല. ശിവശങ്കറിനെ ശിക്ഷിച്ചതുകൊണ്ട്, നിങ്ങൾ ഈ എൽക്കുന്ന പീഡനം കൊണ്ട് എന്തുകാര്യമാണുള്ളത്. വല്ല കാര്യവുമുണ്ടോ?. അയാളെ ശിക്ഷിക്കുകയോ ശിക്ഷിക്കാതിരിക്കുകയോ ചെയ്യട്ടെ. നിങ്ങൾ സ്ട്രഗിള്‍ ചെയ്യുന്നുണ്ടെങ്കിൽ, എന്തോ വലിയ നേട്ടം കാണണം. അതല്ലെങ്കിൽ കീഴടങ്ങണം. കീഴടങ്ങണം എന്ന് പറഞ്ഞാല്‍ ഒരു എമൗണ്ട് വാങ്ങി കീഴടങ്ങണം,” ഷാജിന്റേതു കരുതുന്ന ശബ്ദത്തില്‍ സ്വപ്നയോട് പറയുന്നു.
ഇതിനോട് ”ആരേല്ന്ന് വാങ്ങാനാണെന്നും ആരെ അറിയാം നമുക്ക്,” എന്നാണു സ്വപ്നയുടെ ചോദ്യം. ”നിങ്ങള്‍ പറഞ്ഞത് ആര്‍ക്കാണ് ഡാമേജ് ഉണ്ടായത്, അവരുടെ കൈയില്‍ നിന്ന് കാശ് വാങ്ങണം. നിങ്ങളെന്തിനാ ചെയ്യാത്ത തെറ്റിന് ജയിലില്‍ പോയത്, അതിനൊരു നഷ്ടപരിഹാരം വാങ്ങണം. നിങ്ങളെ വെച്ച് വേറാരോ പണം വാങ്ങുന്നുണ്ട്. നിങ്ങളെ ശരിക്കും അവർ ബലിയാടായി കൊണ്ടുനടക്കുന്നു,” എന്നാണ് ഷാജിന്റേതു കരുതുന്ന ശബ്ദത്തിലുള്ള മറുപടി.
ഞങ്ങളെ വച്ച് പണം വാങ്ങുന്നുവെന്നാണോ പറയുന്നതെന്നു സ്വപ്ന ചോദിക്കുമ്പോൾ ” ഉറപ്പാണ്, ഞാൻ ഇന്നലെ രാത്രി വരെ കരുതി നിങ്ങളാണ് അതു ചെയ്യുന്നതെന്നാണ്. ഇന്നുരാവിലെയാണ് മനസിലായത്. ഇപ്പോൾ എഡിജിപി വിളിച്ചില്ലേ. നാളെ പോയി കാണും. സർ ഇങ്ങയൊക്കയാണ് പ്രശ്നങ്ങൾ എന്നു പറയും. അവർ നിങ്ങളെക്കുറിച്ച് നല്ലവാക്കു പറയും. യാത്രാവിലക്ക് മാറ്റി തരാനും പറയും. യാത്രാവിലക്ക് മാറ്റിത്തരാൻ ഞാൻ നേരത്തെ ശ്രമിച്ചു. അതിന്റെ ആളുകളോട് സംസാരിച്ചു,” മറുപടിയായി പറയുന്നു.
എന്റെ യാത്രാവിലക്ക് മാറ്റിതരാൻ ഷാജ് ശ്രമിക്കുന്നുവെന്നാണോ പറയുന്നതെന്നും അതിന്റെ ആവശ്യം നമുക്കില്ലെന്നും സ്വപ്ന പറയുന്നു. എല്ലാവർക്കും കിട്ടി പാസ്പോർട്ട്. എല്ലാവരും പോയിയെന്നും സ്വപ്ന പറഞ്ഞു.
പക്ഷേ, നിങ്ങൾക്ക് കിട്ടിയില്ലല്ലോ?. നൂറു ശതമാനം ഉറപ്പുണ്ട് കിട്ടുമെന്ന്. അത് വിടൂ. ഇപ്പോഴത്തെ കേസ് അതല്ലല്ലോ?. നമുക്ക് പ്രശ്നത്തിലേക്ക് വരാം. നിങ്ങൾ ഇപ്പോൾ കാണിക്കുന്നതിന്റെ സൊലൂഷന് എന്താണ്. പോരാടാനാണോ തീരുമാനം? പോരാടിയിട്ട് എന്തുനേടുമെന്നും മറുപടിയായി ഷാജിന്റേതു കരുതുന്ന ശബ്ദത്തിൽ പറയുന്നത്,.
നാളെ രാവിലെ 10ന് അവിടെ എത്തിയാൽ പോരെ. എത്തുമ്പോൾ ഷാജിന്റെ ഫോണിൽ നിന്ന് വിളിക്കാമെന്നല്ലെ പറഞ്ഞത്. ആ പത്തുമണിവരെ ബ്രീത്തിങ് ടൈം തരുമോയെന്നു തുടർന്ന് സ്വപ്ന ചോദിക്കുന്നു.
ഇതിനു മറുപടിയായി എത്തണമെന്നും നിങ്ങള്‍ ആലോചിച്ചോള്ളൂ, ഞങ്ങൾ ഇപ്പോൾ പോകുകയാണെന്നും ഷാജിന്റേതെന്നു കരുതുന്ന ശബ്ദത്തിൽ പറയുന്നു. ഈ കേസിന്റെ ബലം എന്താണെന്നറിയാമോ, നിങ്ങൾ രണ്ടുപേരും (സ്വപ്നയും സരിത്തും) ഒന്നിച്ചു നിന്നതാണ്. അത് ഇനിയും ഉണ്ടാവണം. ഒരാൾ ഒരാളായി തീരുമാനിക്കേണ്ടെന്നും പറയുന്നു.
Also Read: മുഖ്യമന്ത്രിയുടെ രാജി തേടി വ്യാപക പ്രതിഷേധം, സംഘര്‍ഷം; കെ സുധാകരന് പൊലീസിന്റെ മുന്നറിയിപ്പ് നോട്ടിസ്
ജീവനു ഭീഷണിയുള്ളതിനാലാണ് കോടതിയിൽ രഹസ്യമൊഴി നൽകിയതെന്നു ശബ്ദരേഖ പുറത്തുവിടുന്നതിനു മുന്നോടിയായി സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. രഹസ്യമൊഴി നൽകിയശേഷം ഷാജ് പറഞ്ഞതനുസരിച്ച് തൃശൂരില്‍ പോയി കണ്ടു. ഇബ്രാഹിമിനൊപ്പമാണു ഷാജ് എത്തിയത്. ഷാജാണ് ഭീഷണിപ്പെടുത്തിയത്. ഇബ്രാഹിം ഒന്നും മിണ്ടിയില്ല.
സരിത്തിനെ നാളെ പൊക്കുമെന്ന് ഷാജ് പറഞ്ഞു. നാളെ സരിത്തിനെ പൊക്കും, കളിച്ചിരിക്കുന്നത് ആരോടാണെന്ന് അറിയാമോയെന്നായിരുന്നു ഷാജിന്റെ ഭീഷണി. പിറ്റേദിവസമാണു സരിത്തിനെ വിജിലൻസ് തട്ടിക്കൊണ്ടുപോയത്. ഉടനെ ഷാജിനെ വിളിച്ചു. അന്വേഷിച്ച് തിരിച്ചുവിളിക്കാമെന്നു പറഞ്ഞു. അഞ്ച് മിനുട്ടിനുള്ളിൽ തിരിച്ചുവിളിച്ച ഷാജ്, സരിത്തിനെ കൊണ്ടുപോയത് വിജിലൻസാണെന്നും ഒരു മണിക്കൂർ കൊണ്ട് ഇറക്കുമെന്നും ഇത് ഷാജിന്റെ വാക്കാണെന്നും പറഞ്ഞു.
നിവൃത്തികേടുകൊണ്ടാണ് സംഭാഷണം റെക്കോർഡ് ചെയ്തത്. സുഹൃത്തായ ഷാജിനെ കുടുക്കാന്‍ താൽപ്പര്യമില്ലായിരുന്നു. ഷാജിന്റെ ഭീഷണി മാനസികമായി തളർത്തി. ജയിലിലടയ്ക്കുമെന്നും മകനെ നഷ്ടപ്പെടുമെന്നും ഷാജ് പറഞ്ഞപ്പോള്‍ ഭയന്നുപോയി. അതിനാലാണ് പിന്നീടുള്ള സംഭാഷണം റെക്കോർഡ് ചെയ്തത്. എച്ച് ആർ ഡി എസിനെയും സരിത്തിനെയും തള്ളിപ്പറഞ്ഞതു ഷാജിന്റെ വിശ്വാസം നേടിയെടുക്കാനായിരുന്നു.
ഷാജിനെ വർഷങ്ങൾക്കു മുൻപേ അറിയാം. എം ശിവശങ്കറാണു പരിചയപ്പെടുത്തിയത്. ശിവശങ്കറിന്റെ പുസ്തകം ഇറങ്ങിയശേഷമാണു പരിചയം പുതുക്കിയത്. ഷാജ് പറഞ്ഞതുപോലെ വാടകഗര്‍ഭധാരണത്തിന് തയാറായിരുന്നു. പണത്തിനു വേണ്ടിയായിരുന്നില്ല ഇത്. ഷാജിന്റെ ഭാര്യയുടെ വേദന മനസിലാക്കിയതു കൊണ്ടായിരുന്നു ഇത്.
അശ്ലീല വിഡിയോ പുറത്തുവിടുമെന്നു ഷാജ് ഭീഷണിപ്പെടുത്തി. അങ്ങനെയുണ്ടെങ്കിൽ അത് പുറത്തുവിടണം. മൊഴിയിൽ ഉറച്ചുനിന്നാൽ ജയിലിലടയ്ക്കുമെന്നും ഭീഷണിപ്പെടുത്തി. മാനസിക പീഡനം പരിധി വിട്ടപ്പോഴാണ് തെളിവ് പുറത്തുവിടുന്നതെന്നും സ്വപ്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കനത്ത പൊലീസ് വലയത്തിലാണ് സ്വപ്ന ജോലി ചെയ്യുന്ന എച്ച് ആർ ഡി എസിന്റെ പാലക്കാട്ടെ ഓഫിസും ഫ്ലാറ്റും. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾക്കു പിന്നാലെ തന്റെ ജീവന് ഭീഷണിയുണ്ടെന്നു കോടതിയിൽ നൽകിയ ഹർജിയിൽ സ്വപ്ന പറഞ്ഞിരുന്നു.