കൊച്ചി: കെ ടി ജലീല്‍ എം എല്‍ എയ്‌ക്കെതിരെ കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നു സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. ജലീലിന്റെ പരാതിയില്‍ തനിക്കെതിരെ ചുത്തിയിരിക്കുന്നതു ഗൂഢാലോചനക്കേസാണ്. എന്നാല്‍ യഥാര്‍ത്ഥ ഗൂഢാലോചന നടന്നിരിക്കുന്നത് എതിര്‍ഭാഗത്താണെന്നും സ്വപ്‌ന പറഞ്ഞു.
കെ ടി ജലീലിനെക്കുറിച്ച് 164 മൊഴിയില്‍ പറഞ്ഞത് എത്രയും പെട്ടെന്ന് തന്നെ വെളിപ്പെടുത്തും. അദ്ദേഹം എന്തൊക്കെ കുറ്റകൃത്യമാണോ ചെയ്തത് അതെല്ലാം ഉടന്‍ പുറത്തുവിടും. രഹസ്യമൊഴി പുറത്തുവരുമ്പോള്‍ മാത്രം ജനം അതേക്കുറിച്ച് അറിഞ്ഞാല്‍ മതിയെന്നാണ് താന്‍ കരുതിയത്. എന്നാല്‍ ഇപ്പോള്‍ ജലീല്‍ എനിക്കെതിരെ യാതൊരു കാരണവുമില്ലാതെ നടപടിയെടുക്കുകയാണ്.
ഒത്തുതീര്‍പ്പിനായി എന്റെയടുത്തേക്ക് ആളുകളെ അയയ്ക്കുന്നു. എന്റെ മേല്‍ ഒരുപാട് കേസ് ഇങ്ങനെ ഇട്ടോണ്ടിരിക്കട്ടെ. പക്ഷേ അതൊന്നും ഞാന്‍ കാര്യമാക്കില്ല. എനിക്കെതിരെ ഒരു കാരണവുമില്ലാതെ നടപടിയെടുക്കുകയും ഒത്തുതീര്‍പ്പിനു വേണ്ടി ആളുകളെ അയയ്ക്കുകയും ചെയ്തത് അവരാണ്. നമുക്ക് നോക്കാം, എന്തൊക്കെ കേസ് അവര്‍ തനിക്കെതിരെ കൊടുക്കുമെന്ന്.
ഷാജ് കിരണെന്നു പറഞ്ഞ ഒരു വ്യക്തിയെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിനിധിയായി എന്റെ അടുത്തേക്ക് വിട്ട് ഇതൊരു ഒത്തുതീര്‍പ്പ് നടപടികളിലേക്കു കൊണ്ടുപോകാന്‍ ശ്രമിച്ചത് ആരാണ്? ശരിക്കുള്ള ഗൂഢാലോചന എവിടെയാണ് നടന്നിരിക്കുന്നത്? ഇതിന്റെ പേരില്‍ ഒരു ഗൂഢാലോചനയും ഞാന്‍ നടത്തിയിട്ടില്ല. ഞാന്‍ കോടതിക്കു മുന്‍പാകെയാണ് എല്ലാ കാര്യങ്ങളും വെളിപ്പെടുത്തിയത്.
Also Read: മുഖ്യമന്ത്രിക്കെതിരെ കോഴിക്കോട്ടും കരിങ്കൊടി പ്രതിഷേധം; കസ്റ്റഡി
ഷാജ് കിരണ്‍ പറഞ്ഞ കാര്യങ്ങള്‍ ഒക്കെ നടന്നില്ലേ. ആരാണ് ഷാജ് കിരണ്‍? എന്തിനാണ് എ ഡി ജി പിക്കെതിരെ നടപടിയെടുത്തത്? ഇവിടെ ആരാണ് ഗൂഢാലോചന നടത്തുന്നത്? ഷാജ് കിരണിനെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല?
കുടുംബത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി താന്‍ രണ്ടു പേരെ സെക്യൂരിറ്റിയായി നിയോഗിച്ചിട്ടുണ്ട്. തനിക്ക് പൊലീസ് സുരക്ഷ ആവശ്യമില്ല. തന്റെ വീടിന്റെ പരിസങ്ങളിലും മറ്റും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ള പൊലീസുകാരെ എത്രയും പെട്ടെന്നു മുഖ്യമന്ത്രി പിന്‍വലിക്കണമെന്നും സ്വപ്‌ന പറഞ്ഞു.
അഭിഭാഷകന്‍ കൃഷ്ണരാജിനൊപ്പമാണു സ്വപ്‌ന മാധ്യമങ്ങളോട് സംസാരിച്ചത്. ഗൂഢാലോചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നാളെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുന്നതിന്റെ ഭാഗമായാണു സ്വപ്‌ന കൊച്ചിയിലെത്തിയത്. മുന്‍മന്ത്രി കെ ടി ജലീല്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ കലാപത്തിനുള്ള ശ്രമം, ഗൂഢാലോന ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണു സ്വപ്‌നയ്‌ക്കെതിരെ കേസെടുത്തത്.
കെ ടി ജലീൽ രണ്ട് ദിവസം ടെൻഷടിക്കട്ടെയെന്നും വൈകാതെ തന്നെ സ്വപ്ന വിവരങ്ങൾ വെളിപ്പെടുത്തുമെന്നും കൃഷ്ണരാജ് മാധ്യമങ്ങളോട് പറഞ്ഞു. ജലീലിന്റെ പരാതിയുടെ പശ്ചാത്തലത്തിലാണ് 164 മൊഴിയിൽ അദ്ദേഹത്തിനെതിരെ നൽകിയ പരാമർശങ്ങൾ സ്വപ്ന വെളിപ്പെടുത്താന്‍ ഒരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോടതിയിൽ കൊടുത്ത 164 മൊഴി പത്രക്കാരോട് വെളിപ്പെടുത്തുന്നത് നിയമവിരുദ്ധമല്ല. അത് ഇല്ലാത്തിടത്തോളം കാലം ഗൂഢാലോചന നടത്തിയെന്നു പറയുന്ന 153 വകുപ്പ് നിലനിൽക്കില്ല. അതിനാൽ, അത് ചെയ്യാനിരിക്കുന്ന ഗൂഢാലോചന കേസും നിലനിൽക്കില്ലെന്ന് കൃഷ്ണരാജ് പറഞ്ഞു.
ഒരു നിമിഷം പോലും ടെൻഷൻ അടിക്കേണ്ടി വരില്ല: കെ ടി ജലീൽ
രണ്ടു ദിവസമല്ല, ഒരു നിമിഷം പോലും തനിക്കു ടെൻഷൻ അടിക്കേണ്ടി വരില്ലെന്ന് സ്വപ്നയുടെ അഭിഭാഷകൻ കൃഷ്ണരാജിനു മറുപടിയായി കെ ടി ജലീൽ. അഡ്വ: കൃഷ്ണരാജിനും സംഘികൾക്കും കപ്പം കൊടുത്ത് ജീവിക്കേണ്ട ഗതികേട് കൂരിപ്പറമ്പിൽ തെക്കുംപാട്ട് കുഞ്ഞിമുഹമ്മദാജിയുടെ മകൻ ജലീലിനില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
” ഖുർആനിൽ സ്വർണം കടത്തി എന്ന് ആദ്യം പറഞ്ഞു. ഖുർആന്റെ തൂക്കം പറഞ്ഞ് കുറേ കഥകൾ വേറെ മെനഞ്ഞു. ഖുർആൻ കയറ്റിയ വണ്ടിയുടെ ജി.പി.എസ് കേടുവന്നുവെന്നും പറഞ്ഞ് കുറേ നടന്നു. പിന്നെ കേട്ടത് വണ്ടി ബാഗ്ലൂരിലേക്ക് പോയ വാർത്തയാണ്. ഈത്തപ്പഴത്തിൻ്റെ കുരുവാക്കി സ്വർണം കടത്തിയെന്നായി അടുത്ത പ്രചരണം. അതിനൊക്കെ തീർപ്പുണ്ടാക്കിയിട്ട് പോരേ പുതിയ വെളിപ്പെടുത്തൽ,” ജലീൽ കുറിച്ചു.
എന്തും പറഞ്ഞോളൂ. ഏത് ഏജൻസികളെയും അന്വേഷണത്തിന് വിളിച്ചോളൂ. സൂര്യൻ കിഴക്കുദിക്കുന്നെടത്തോളം എനിക്കെന്ത് ടെൻഷൻ കൃഷ്ണരാജ് എന്നും ജലീൽ കുറിച്ചു.