കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വിശദമായ മൊഴി രേഖപ്പെടുത്താന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) തീരുമാനം. പുതിയ വെളിപ്പെടുത്തലിന്റേയും രഹസ്യമൊഴിയുടേയും അടിസ്ഥാനത്തിലാണ് പുതിയ നടപടി. അടുത്തയാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
സ്വപ്നയുടെ രഹസ്യമൊഴി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസം ഇഡിക്ക് കൈമാറിയിരുന്നു. അടുത്ത ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് സ്വപ്ന ഇഡിയെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 27 പേജുള്ള രഹസ്യമൊഴിയാണ് നിലവില്‍ ഇഡിയ്ക്ക് ലഭിച്ചിട്ടുള്ളത്. കസ്റ്റംസിന് സ്വപ്ന നല്‍കിയ രണ്ട് രഹസ്യ മൊഴികള്‍ ലഭിക്കുന്നതിനായും ഇഡി കോടതിയെ സമീപിച്ചിട്ടുണ്ട്.
ആരോപണങ്ങളില്‍ സത്യമുണ്ടെങ്കില്‍ കൂടെ നില്‍ക്കാമെന്ന് സരിത
സ്വപ്ന സുരേഷിന്റെ പുതിയ ആരോപണങ്ങളില്‍ സത്യമുണ്ടെങ്കില്‍ കൂടെ നില്‍ക്കാമെന്ന് സോളാര്‍ അഴിമതി കേസിലെ പ്രതി സരിത എസ് നായര്‍. ആരോപണങ്ങള്‍ തെളിയിക്കാനുള്ള തെളിവ് ഹാജരാക്കാന്‍ സ്വപ്നയ്ക്ക് കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രിയെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴക്കുന്നുവെന്നാണ് ജയിലിൽ വച്ച് സ്വപ്ന തന്നോട് പറഞ്ഞത്, സരിത വ്യക്തമാക്കി.
സ്വപ്നയുടെ മൊഴിയുടെ പകര്‍പ്പ് വേണമെന്ന സരിതയുടെ ആവശ്യം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു. പകർപ്പ് മൂന്നാമതൊരു കക്ഷിക്ക് നൽകാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. മൊഴിക്ക് വേണ്ടി ഹൈക്കോടതിയെ സമീപിക്കാനാണ് സരിതയുടെ തീരുമാനം.
രാജ്യാന്തര ശാഖകളുള്ള ജ്വല്ലറി ഗ്രൂപിനായാണ് സ്വപ്ന സ്വർണം കടത്തിയെന്ന ഗുരുതര ആരോപണവും സരിത ഉന്നയിച്ചിട്ടുണ്ട്. അതിന്റെ തെളിവുകൾ കയ്യിലുണ്ടെന്നും സരിത അവകാശപ്പെടുന്നു. ഇരുപത്തിമൂന്നിന് കോടതിയിൽ നൽകുന്ന രഹസ്യ മൊഴിയിൽ ഇക്കാര്യം വ്യക്തമാക്കുമെന്നും സരിത കൂട്ടിച്ചേര്‍ത്തു.
ബിജെപി-പിണറായി ഒത്തു തീര്‍പ്പാണെന്ന് സതീശന്‍
സ്വര്‍ണക്കടത്ത് കേസില്‍ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍. കേസില്‍ ബിജെപിയും മുഖ്യമന്ത്രി പിണറായി വിജയനുമായി സെറ്റില്‍മെന്റ് ഉണ്ടായിട്ടുണ്ടെന്ന് സതീശന്‍ ആരോപിച്ചു. കൊച്ചിയില്‍ തന്നെ കാല് കുത്തിക്കില്ലെന്ന് വരെ ഭീഷണിയുണ്ടായി. ക്രിമിനലുകളെ പാര്‍ട്ടി തലപ്പത്ത് ഇരുത്തിയിട്ട് ഭീഷണിപ്പെടുത്തുകയാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
Also Read: വിജയ് ബാബു ഒരു കോടി വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി അതിജീവിത