കൊച്ചി: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷും സരിതും അടക്കം എട്ട് പ്രതികൾക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. സ്വർണക്കടത്ത് തീവ്രവാദമല്ലെന്ന് ആവർത്തിച്ച കോടതി പ്രതികൾക്കെതിരെ യുഎപിഎ നിലനിൽക്കില്ലെന്ന് വ്യക്തമാക്കി.
എൻഐഎ കോടതി ജാമ്യാപേക്ഷകൾ തള്ളിയതിരെ പ്രതികൾ സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ജസ്റ്റീസുമാരായ കെ.വിനോദ ചന്ദ്രനും സി.ജയചന്ദ്രനും അടങ്ങുന്ന ഡിവിഷൻ ബഞ്ചിൻ്റെ ഉത്തരവ്. സ്വർണക്കടത്തിലൂടെ ലഭിച്ച പണം ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ പ്രവർത്തനത്തിന് ഉപയോഗിച്ചതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പ്രതികൾക്ക് തീവ്രവാദവുമായോ ഏതെങ്കിലും തീവ്രവാദ സംഘടനകളുമായോ ബന്ധമുണ്ടെന്നതിനും തെളിവില്ല.
സ്വർണക്കടത്ത് രാജ്യത്തിന്റെ സാമ്പത്തീക ഭദ്രതക്ക് ഭീഷണിയാണെന്ന എൻഐഎയുടെ വാദം കോടതി തള്ളി. സാമ്പത്തീക ഭദ്രതക്ക് ഭീഷണി ആവണമെന്നുണ്ടെങ്കിൽ വൻതോതിൽ കള്ളനോട്ടടിക്കണമെന്നും ഇവിടെ അതുണ്ടായിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. കേസിലെ ഏഴാം പ്രതി മുഹമ്മദ് ഷാഫിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെതിരെയുള്ള ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നുള്ള എൻഐഎ യുടെ വാദവും കോടതി തള്ളി.സുപ്രീം കോടതി നോട്ടീസ് മാത്രമാണ് പുറപെടുവിച്ചിട്ടുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി.
സ്വർണക്കടത്തിൽ ഗൂഢാലോചനയുണ്ടെന്നും ആരോപണങ്ങളിൽ വിശദമായ അന്വേഷണം
വേണമെന്നും ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതി ജാമ്യം നിഷേധിച്ചതെന്നും ആഴത്തിലുള്ള അന്വേഷണത്തിൽ പ്രതികൾക്കെതിരെ യുഎപിഎ ചുമത്താൻ തക്ക തെളിവുകൾ ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
രാജ്യദ്രോഹ കുറ്റത്തിന് തെളിവില്ലെന്നും രാജ്യസുരക്ഷയെ ബാധിക്കുമെന്നാരോപിച്ച് അനാവശ്യമായി വകുപ്പുകൾ ചുമത്തിയിരിക്കുകയാണെന്നും പ്രതികൾ ബോധിIച്ചു.
25 ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകക്കുള്ള രണ്ടാൾ ജാമ്യവുമാണ് ജാമ്യത്തിലെ പ്രധാന വ്യവസ്ഥ. പാസ്പോർട്ട് വിചാരണകോടതിയിൽ ഹാജരാക്കണം, കോടതിയുടെ അനുമതിയില്ലാതെ സംസ്ഥാനം വിടരുത്, സമാന കുറ്റങ്ങളിൽ ഏർപ്പെടരുത്, തെളിവ് നശിപ്പിക്കരുത്, എല്ലാ ഞായറാഴ്ചകളിലും പൊലീസ് സ്റ്റേഷനിൽ ഹാജരാവണം, അന്വേഷണ ഉദ്യോഗസ്ഥന്റെ അനുമതിയില്ലാതെ താമസ സ്ഥലം മാറരുത് തുടങ്ങിയവയാണ് മറ്റ് വ്യവസ്ഥകൾ. മുഹമ്മദ് ഷാഫി, എ.എം. ജലാൽ, കെ.റബിൻ സ് ,കെ ടി. റമീസ്, ഷറഫുദീൻ, പി.മുഹമ്മദ് എന്നിവരാണ് ജാമ്യം ലഭിച്ച മറ്റു പ്രതികൾ.
Also Read: ചന്ദ്രിക കള്ളപ്പണക്കേസ്: വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരായ അന്വേഷണത്തിന് സ്റ്റേ
2020 ജൂണ്‍ 30 നാണ് ഏറെ വിവാദങ്ങള്‍ക്ക് വഴി വച്ച സ്വര്‍ണക്കടത്ത് കേസിന്റെ തുടക്കം. യുഎഇ കോണ്‍സുലേറ്റിലേക്ക് ഭക്ഷണസാധനമെന്ന പേരില്‍ കടത്താന്‍ ശ്രമിച്ച 30 കിലോയോളം സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ പിടികൂടുകയായിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഐടി വകുപ്പിനു കീഴിലുള്ള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഓപ്പറേഷന് മാനേജറായിരുന്ന സ്വപ്ന സ്വര്‍ണക്കടത്തിന്റെ മുഖ്യ ആസൂത്രകയെന്ന് അന്വേഷണസംഘം കണ്ടെത്തി. പിന്നീട് മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ള ഉന്നതരിലേക്ക് കേസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉയര്‍ന്നു.
സംസ്ഥാനത്ത് വലിയ രീതിയില്‍ പ്രതിപക്ഷ പ്രതിഷേധം നടക്കുന്നതിനിടെയായിരുന്നു സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും എന്‍ഐഎ ബെംഗളൂരു യൂണിറ്റ് കസ്റ്റിഡിയിലെടുത്തത്. ബെംഗളുരുവില്‍ കുടുംബത്തോടൊപ്പം ഒളിവില്‍ കഴിയവെയാണ് സ്വപ്ന പിടിയിലായത്.