കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ   പ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും   എൻഐഎ കസ്റ്റഡിയിൽ വിട്ടു. കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയാണ് ഇരുവരെയും ഒരാഴ്ചത്തേക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ടത്. കേരളത്തിലെ ജ്വല്ലറികൾക്ക് വേണ്ടിയല്ല സ്വർണം കൊണ്ടുവന്നതെന്നും സ്വർണം കടത്തുന്നതിന് യുഎഇയിൽ വ്യാജരേഖ ചമച്ചുവെന്നും എൻഐഎ കോടതിയിൽ അറിയിച്ചു.

പിഡബ്ല്യുസിയെ ഒഴിവാക്കിയേക്കുമെന്ന് റിപ്പോർട്ട്

സ്പേയ്സ് പാർക്ക് പദ്ധതിയിൽ നിന്ന് പ്രൊഫഷനൽ സർവീസ് ഏജൻസിയായ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനെ (പിഡബ്ല്യുസി) സംസ്ഥാന സർക്കാർ ഒഴിവാക്കുന്നതായി റിപ്പോർട്ട്. സ്വപ്ന സുരേഷിനെ കേരള ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൽ (കെഎസ്ഐടിഐ) നിയമിച്ചതുമായി ബന്ധപ്പെട്ടാണ് നടപടിയെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു.

നടപടിക്ക് മുന്നോടിയായി പിഡബ്ല്യുസിക്ക് കെഎസ്ഐടിഐ നോട്ടീസ് അയച്ചതായി റിപ്പോർട്ടിൽ പറയുന്നു. സ്വപ്ന ജോലിയിൽ പ്രവേശിപ്പിച്ചത് വ്യാജ സർട്ടിഫികറ്റ് ഉപയോഗിച്ചാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് പൊലീസിൽ പരാതി നൽകിയതിന് പിറകേയാണ് പിഡബ്ല്യുസിയെ മാറ്റാൻ സർക്കാർ തീരുമാനിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

സ്വർണം കടത്തിയത് ജ്വല്ലറികൾക്ക് വേണ്ടിയല്ലെന്ന് എൻഐഎ

യുഎഇ എംബ്ലം, സീൽ എന്നിവ വ്യാജമായി നിർമ്മിച്ചു. സ്വർണക്കടത്ത് തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനാണെന്നും കോടതിയിൽ എൻഐഎയുടെ വെളിപ്പെടുത്തൽ. സ്വർണക്കത്തിന് യുഎഇ കേന്ദ്രീകരിച്ചാണ് പ്രധാനമായും തട്ടിപ്പ് നടന്നത്. നയതന്ത്ര പരിരക്ഷക്ക് വേണ്ടിയാണ് വ്യാജരേഖ ചമച്ചത്. പ്രതികൾ 2019 മുതൽ സ്വർണ്ണം കടത്തിയിട്ടുണ്ട്. നേരത്തെ 9 കിലോ,18 കിലോ എന്നിങ്ങനെ സ്വർണ്ണം കടത്തിയതായും എൻഐഎ കോടതിയിൽ അറിയിച്ചു.

പലതവണയായി കടത്തിയത് 57 കിലോഗ്രാം സ്വർണം

സ്വര്‍ണ്ണക്കടത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയെന്ന് എന്‍ ഐ എ. 2019 മുതല്‍ പലതവണയായി പ്രതികള്‍ 57 കിലോഗ്രാം സ്വര്‍ണ്ണം കടത്തിയിട്ടുണ്ടെന്നും എന്‍ ഐ എ കോടതിയില്‍ അറിയിച്ചു. പലപ്പോ‍ഴായി 9 കിലോഗ്രാം, 18 കിലോഗ്രാം എന്നിങ്ങനെ സ്വര്‍ണ്ണം കടത്തിയിട്ടുണ്ട്. ഏറ്റവും ഒടുവിലായി വിദേശത്ത് നിന്ന് നയതന്ത്രബാഗേജില്‍ കടത്തിയത് 30 കിലോഗ്രാം സ്വര്‍ണ്ണമായിരുന്നു. ഇതിനു വേണ്ടി പ്രധാനമായും തട്ടിപ്പ് നടന്നത് യു എ ഇയിലായിരുന്നുവെന്ന് എന്‍ ഐ എ പറഞ്ഞു.

ബാഗേജ് വന്നത് അറ്റാഷെയുടെ പേരിൽ; എന്തുകൊണ്ട് കേസിൽ ഉൾപ്പെടുത്തുന്നില്ലെന്ന് സന്ദീപിന്റെ അഭിഭാഷകൻ

സന്ദീപിൽ നിന്ന് പിടിച്ചെടുത്ത ഒരു ബാഗ് എൻഐഎ കോടതിയിൽ ഹാജരാക്കി. ബാഗ് കോടതിയുടെ സാന്നിധ്യത്തിൽ ബാഗ് പരിശോധിക്കും. അറ്റാഷെയുടെ പേരിൽ ബാഗേജ് വന്നിട്ടും എന്തുകൊണ്ട് അറ്റാ ഷെയെ കേസിൽ ഉൾപ്പെടുത്താത്തതെന്ന് സന്ദീപിന്റെ അഭിഭാഷകൻ ചോദിച്ചു. കസ്റ്റംസ് ക്ലിയറൻസ് ഏജന്റും എന്തുകൊണ്ട് കേസിന്റെ ഭാഗമാകുന്നില്ല എന്നും സന്ദീപ് ചോദിച്ചു.

ചികിത്സ സഹായം വേണമെന്ന് സ്വപ്ന

തനിക്ക് ചികിത്സാ സഹായം വേണമെന്ന് സ്വപ്ന ആവശ്യപ്പെട്ടു.ആവശ്യമായ ചികിത്സ നൽകാൻ എൻ ഐ എ യോട് കോടതി നിർദേശിച്ചു

സ്വപ്‌ന സുരേഷിന്റെയും സന്ദീപ് നായരുടെയും കോവിഡ് ഫലം നെഗറ്റീവായിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരെയും കോടതിയിൽ ഹാജരാക്കിയത്. സംഭവത്തിന് പിന്നിൽ വലിയ ഗൂഢാലോചന ഉണ്ടെന്നും, കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് കണ്ടെത്താൻ പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് എൻഐഎ കസ്റ്റഡി അപേക്ഷയിൽ പറയുന്നത്.

പ്രതി റമീസിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇന്നു രാവിലെയാണ് ഇയാളെ കോടതിയിൽ ഹാജരാക്കിയത്. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയുടേതാണ് ഉത്തരവ്. റമീസിനെ ആലുവ സബ് ജയിലിലേക്ക് മാറ്റും.

എന്നെ കുടുക്കാൻ ശ്രമിക്കുന്നതായി പറഞ്ഞ് കരഞ്ഞു; സന്ദീപിന്റെ അമ്മയുടെ വെളിപ്പെടുത്തൽ

ഒളിവില്‍ കഴിയുന്നതിനിടെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായർ ഫോണ്‍ വിളിച്ചിരുന്നതായി അമ്മ ഉഷ. മൂന്നു ദിവസം മുൻപാണ് വിളിച്ചത്. എല്ലാക്കുറ്റവും തന്റെ തലയില്‍ കെട്ടിവച്ച് പെടുത്താന്‍ ശ്രമിക്കുന്നതായി പറഞ്ഞ് സന്ദീപ് കരഞ്ഞുവെന്നും ഇക്കാര്യങ്ങൾ മാധ്യമങ്ങളെ അറിയിക്കണമെന്ന് പറഞ്ഞതായും അമ്മ ഉഷ മനോരമ ന്യൂസിനോട് വെളിപ്പെടുത്തി.

സ്വപ്നയ്ക്കും സന്ദീപിനും കോവിഡില്ല

സ്വർണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ്, നാലാം പ്രതി സന്ദീപ് നായർ എന്നിവരുടെ കോവിഡ് ഫലം നെഗറ്റീവ്. ഞായറാഴ്ച രാവിലെ ആലുവ ജില്ലാ ആശുപത്രിയിൽവച്ചാണ് ഇവരുടെ സാംപിളുകൾ ശേഖരിച്ചത്. സ്വപ്ന തൃശൂരിലും സന്ദീപ് കറുകുറ്റിയിലുമുളള കോവിഡ് കെയർ സെന്ററുകളിലാണ് ഇപ്പോഴുള്ളത്.

സ്വർണക്കടത്ത്: കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലും സ്വപ്ന പ്രതി

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലും സ്വപ്ന സുരേഷിനെ പ്രതിചേർത്തു. എഫ്ഐആർ പ്രകാരം സരിത്താണ് കേസിലെ ഒന്നാംപ്രതി. റമീസ് രണ്ടാം പ്രതിയും സ്വപ്ന മൂന്നാം പ്രതിയും സന്ദീപ് നാലാം പ്രതിയുമാണ്.

സർക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് യുഡിഎഫ്; സ്പീക്കർക്കെതിരെ പ്രമേയം പാസാക്കാൻ തീരുമാനം

സ്വർണക്കടത്ത് കേസിൽ സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ യുഡിഎഫ് തീരുമാനം. ഇതിനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ചുമതലപ്പെടുത്തിയെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ പറഞ്ഞു. ഈ മാസം അവസാനം ധനബില്ല് പാസാക്കാൻ ഒരു ദിവസത്തേക്ക് നിയമസഭാ സമ്മേളനം ചേരുന്നുണ്ട്. അതിന് മുമ്പ് അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസ് നൽകാനാണ് യുഡിഎഫ് നീക്കം.

സ്പീക്കർക്കെതിരെ പ്രമേയം പാസാക്കാനും യുഡിഎഫ് തീരുമാനിച്ചു. കേസിലെ പ്രതികളുമായി സ്പീക്കർക്ക് ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രമേയം പാസാക്കാൻ തീരുമാനിച്ചത്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാണ് യുഡിഎഫ് ആവശ്യം.

സ്വർണ്ണക്കടത്തിൽ യുഡിഎഫ് നേതാക്കൾക്ക് പങ്കില്ലെന്ന് പ്രവചിക്കാനാവില്ല: കെ.സുധാകരൻ

സ്വർണക്കള്ളക്കടത്ത് കേസിൽ യുഡിഎഫ് നേതാക്കൾ ഉൾപ്പെട്ടിട്ടില്ലെന്ന് ഇപ്പോൾ പ്രവചിക്കാനാകില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ കെ.സുധാകരൻ. യുഡിഎഫിലെ ഏതെങ്കിലും നേതാക്കൾക്ക് കള്ളക്കടത്തിൽ പങ്കുണ്ടെന്ന് തെളിഞ്ഞാലും ഇതേ നിലപാട് തന്നെയായിരിക്കും സ്വീകരിക്കുകയെന്നും സുധാകരൻ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

അഭിമാനബോധം ഉണ്ടെങ്കിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് രാജിവയ്ക്കണമെന്ന് സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പം സ്വപ്ന നിൽക്കുന്ന നിരവധി ഫോട്ടോകൾ പുറത്തു വന്നു. എന്നിട്ടും സ്വപ്നയെ അറിയില്ലെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ തൊലിക്കട്ടി സമ്മതിക്കണമെന്നും സുധാകരൻ പറഞ്ഞു. പത്തുകൊല്ലം മുൻപായിരുന്നെങ്കിൽ മുഖ്യമന്ത്രിയെ സിപിഎം നേതൃത്വം തന്നെ രാജിവയ്പിച്ചേനെ. സിപിഎം നേതൃത്വം കഴിവ് കെട്ടവരായെന്നും സുധാകരൻ പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന ഹർജിയിൽ വിധി നാളെ

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കള്ളക്കടത്ത് വിവാദ ഇടപാടുകളിൽ മുഖ്യമന്ത്രി പിണറായി വിജയനും മുൻ ഐടി സെക്രട്ടറി എം.ശിവശങ്കറിനും എതിരെ കേസെടുക്കണമെന്ന ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. ചീഫ് ജസ്റ്റിസ് എസ്.മണികുമാർ അധ്യക്ഷനായ ബഞ്ച് ഹർജിയിൽ നാളെ വിധി പറയും.

ആലപ്പുഴ സ്വദേശിയും മാധ്യമ പ്രവർത്തകനുമായ മൈക്കിൾ വർഗീസ് സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. യുഎഇ കോൺസുലേറ്റ് വഴിയുള്ള സ്വർണ കടത്ത്, സ്പ്രിൻക്ലർ, ബവ്ക്യൂ ആപ്പ്, ഇ-മൊബിലിറ്റി ഇടപാടുകളിൽ അന്വേഷണം വേണമെന്നും ക്രിമിനൽ നടപടിച്ചട്ടം 154 പ്രകാരം കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസിന് നിർദേശം നൽകണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം.

കസ്റ്റംസ്, സിബിഐ, എൻഫോഴ്സ്മെന്റ്, ഡിആർഐ, എൻഐഎ തുടങ്ങിയ ഏജൻസികൾ കേസെടുക്കുന്നത് പ്രത്യേക നിയമപ്രകാരമാണന്നും എന്നാൽ സംസ്ഥാനത്ത് നടന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ പൊലീസാണ് കേസെടുക്കേണ്ടതെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം.

നയതന്ത്ര ചാനലിലൂടെയുള്ള സ്വർണക്കടത്ത് ഉന്നതരുടെ ഒത്താശയോടെ; അബ്ദുൾ ഹമീദിന്റെ വെളിപ്പെടുത്തൽ

തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ചാനലിലൂടെയുള്ള സ്വര്‍ണക്കടത്ത് നടക്കുന്നത് ഉന്നതരുടെ ഒത്താശയോടെയാണെന്ന് വെളിപ്പെടുത്തൽ. മുമ്പ് സ്വർണക്കടത്ത് നടത്തിയ അബ്ദുൽ ഹമീദാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

2019 ജൂലൈ 13നായിരുന്നു ആദ്യകടത്ത്. പെരിന്തല്‍മണ്ണ സ്വദേശി അബ്ദുല്‍ ഹമീദ് ഒൻപതു കിലോ സ്വർണമാണ് ദുബായ് വിമാനത്താവളത്തിലെ നയതന്ത്ര കാര്‍ഗോ വഴി കേരളത്തിലേക്ക് അന്ന് അയച്ചത്. സന്ദീപ് നായരാണ് തന്നെ അതിനു നിയോഗിച്ചത്. മൂന്ന് തവണ വിസിറ്റിങ് വിസയിൽ ദുബായിൽ പോയിട്ടുണ്ടെന്നും മൂന്ന് തവണ നയതന്ത്ര ചാനൽ വഴിയാണ് സ്വർണം കടത്തിയതെന്നും അബ്ദുൽ ഹമീദ് പറഞ്ഞു. രണ്ടുതവണ ദൗത്യം സുരക്ഷിതമായി പൂര്‍ത്തിയാക്കി. ഒരുതവണ ദുബായ് എയര്‍ കാര്‍ഗോ പാര്‍സല്‍ മടക്കിയെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.