കൊച്ചി: സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കാന്‍ കണ്ണൂര്‍ സ്വദേശിയായ വിജയ് പിള്ള എന്ന വ്യക്തി തന്നെ സമീപിച്ചെന്ന ആരോപണവുമായി സ്വപ്ന സുരേഷ്. മുഖ്യമന്ത്രിക്കും മകള്‍ വീണയ്ക്കും എതിരെയുള്ള വിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും സ്വപ്‌ന സുരേഷ് ആരോപിച്ചു. ഫേസ്ബുക്ക് ലൈവിലാണ് സ്വപ്‌ന ആരോപണങ്ങള്‍ ഉന്നയിച്ചത്.
മുഖ്യമന്ത്രി, ഭാര്യ കമല, മകള്‍ വീണ എന്നിവര്‍ക്കെതിരായ തെളിവുകള്‍ കൈമാറണമെന്നും പ്രതിഫലമായി 30 കോടി വാഗ്ദാനം ചെയ്തെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നിര്‍ദ്ദേശ പ്രകാരമാണ് താന്‍ വിളിക്കുന്നതെന്ന് വിജയ് പിള്ള പറഞ്ഞുവെന്നും സ്വപ്‌ന വെളിപ്പെടുത്തി. ഒരാഴ്ചത്തെ സമയം തരാം ബെംഗളൂരു വിട്ട് ഹരിയാനയിലേക്കോ ജയ്പൂരിലേക്കോ പോകണം എന്നും അതിന് മുന്നെ തെളിവുകള്‍ കൈമാറണമെന്നും ആവശ്യപ്പെട്ടതായും സ്വപ്‌ന സുരേഷ് പറഞ്ഞു. പ്രതിഫലമായി ആദ്യം പത്ത് കോടി വാഗ്ദാനം ചെയ്‌തെങ്കിലും പിന്നീട് 30 കോടി വാഗ്ദാനം ചെയ്തതായും സ്വപ്‌ന സുരേഷ് പറഞ്ഞു. ഈ ആവശ്യങ്ങള്‍ക്ക് തയ്യാറായില്ലെങ്കില്‍ ആയുസ്സിന് ദോഷംവരുമെന്നും പറയാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞതായി വിജയ് പിള്ള പറഞ്ഞതായും സ്വപ്ന പറഞ്ഞു.
സ്വർണക്കടത്ത് കേസിൽ പുറത്തുവിട്ട കാര്യങ്ങൾ കള്ളം പറഞ്ഞതാണെന്ന് ഏറ്റുപറഞ്ഞ് ജനങ്ങളോട് ക്ഷമ ചോദിച്ച് ബംഗളൂരുവിൽ നിന്ന് സ്ഥലംവിടണം. പിന്നീട് ഒരു മാസത്തിനുള്ളിൽ മലേഷ്യയിലേക്കോ യു.കെയിലേക്കോ പോകാനുള്ള പാസ്പോർട്ടും വിസയും തയാറാക്കി തരാം. സ്വപ്ന ജീവനോടെ ഉണ്ടെന്നോ എവിടെയാണെന്നോ കേരളത്തിലെ ജനങ്ങൾ അറിയാൻ പാടില്ലെന്നും വിജയൻപിള്ള പറഞ്ഞതായി സ്വപ്ന സുരേഷ് പറഞ്ഞു.
”കണ്ണൂര്‍ സ്വദേശിയായ വിജയ് പിള്ള എന്നയാള്‍ മൂന്നു ദിവസം മുന്‍പ് വിളിച്ചു. അഭിമുഖത്തിനെന്ന പേരിലാണ് ബെംഗളൂരുവിലേക്ക് വിളിപ്പിച്ചത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കി കേരളം വിടുന്നതിന് 30 കോടി ഇയാള്‍ വാദ്ഗാനം ചെയ്തു. കേരളം വിടുന്നതിന് സഹായം ചെയ്യാമെന്നും പറഞ്ഞു. ഗോവിന്ദന്‍ മാഷ് തീര്‍ത്തുകളയുമെന്ന് പറഞ്ഞു. ആദ്യം അപേക്ഷയുടെ രൂപത്തിലും പിന്നീട് ഭീഷണിയുടെ രൂപത്തിലും പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം മെയിലായി അഭിഭാഷകന്‍ കൃഷ്ണരാജിന് നല്‍കി. കര്‍ണാടക ഡിജിപിക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ക്കും ഈ വിവരം കൈമാറിയിട്ടുണ്ട്. ഒടുക്കം കാണാതെ ഇതു നിര്‍ത്താന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് പിണറായി വിജയനോട് വ്യക്തമായും പറയുന്നു. ജീവനുണ്ടെങ്കില്‍ നിങ്ങളുടെ മകളുടെ ബിസിനസ് സാമ്രാജ്യത്തെക്കുറിച്ച് എല്ലാ വിവരങ്ങളും പുറത്തുവിടും. വിജയ് പിള്ളയ്ക്ക് ഇഡി സമന്‍സ് അയച്ചിട്ടുണ്ടെന്നാണ് വിവരം. ഒരു തരത്തിലുള്ള ഒത്തുതീര്‍പ്പിനും തയാറല്ല. അവസാനശ്വാസം വരെ പൊരുതുമെന്നും,” സ്വപ്‌ന സുരേഷ് ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.