തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷ് ജയില്‍ മോചിതയായി. കേസില്‍ അറസ്റ്റിലായതിന് ഒന്നര വര്‍ഷത്തിന് ശേഷമാണ് സ്വപ്ന ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത്. സ്വപ്നയുടെ അമ്മ ജാമ്യത്തിനാവശ്യമായ രേഖകള്‍ രാവിലെ അട്ടക്കുളങ്ങര ജയിലിലെത്തി സമര്‍പ്പിച്ചിരുന്നു. പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകരോട് പിന്നീട് പറയാം എന്നായിരുന്നു സ്വപ്നയുടെ മറുപടി.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുള്ള ആറു കേസുകളിലും സ്വപ്നയുടെ ജാമ്യ ഉപാധികള്‍ ഇന്നലെ വൈകുന്നേരത്തോടെ കോടതിയിൽ സമർപ്പിച്ചിരുന്നു. എൻഐഎയുടേതടക്കം എല്ലാ കേസുകളിലും ജാമ്യം ലഭിച്ചതിന് നാലാം ദിവസമാണ് സ്വപ്ന ജയില്‍ മോചിതയായത്. ജാമ്യ ഉപാധികള്‍ സമർപ്പിക്കാൻ കഴിയാത്തുകൊണ്ടായിരുന്നു മോചനം വൈകിയത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷും സരിതും അടക്കം എട്ട് പ്രതികൾക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സ്വർണക്കടത്ത് തീവ്രവാദമല്ലെന്ന് ആവർത്തിച്ച കോടതി പ്രതികൾക്കെതിരെ യുഎപിഎ നിലനിൽക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.
25 ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകക്കുള്ള രണ്ടാൾ ജാമ്യവുമാണ് ജാമ്യത്തിലെ പ്രധാന വ്യവസ്ഥ. പാസ്പോർട്ട് വിചാരണകോടതിയിൽ ഹാജരാക്കണം, കോടതിയുടെ അനുമതിയില്ലാതെ സംസ്ഥാനം വിടരുത്, സമാന കുറ്റങ്ങളിൽ ഏർപ്പെടരുത്, തെളിവ് നശിപ്പിക്കരുത്, എല്ലാ ഞായറാഴ്ചകളിലും പൊലീസ് സ്റ്റേഷനിൽ ഹാജരാവണം, അന്വേഷണ ഉദ്യോഗസ്ഥന്റെ അനുമതിയില്ലാതെ താമസ സ്ഥലം മാറരുത് തുടങ്ങിയവയാണ് മറ്റ് വ്യവസ്ഥകൾ.
2020 ജൂണ്‍ 30 നാണ് ഏറെ വിവാദങ്ങള്‍ക്ക് വഴി വച്ച സ്വര്‍ണക്കടത്ത് കേസിന്റെ തുടക്കം. യുഎഇ കോണ്‍സുലേറ്റിലേക്ക് ഭക്ഷണസാധനമെന്ന പേരില്‍ കടത്താന്‍ ശ്രമിച്ച 30 കിലോയോളം സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ പിടികൂടുകയായിരുന്നു.