തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകാൻ സ്വപ്‌ന സുരേഷിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്ന് വനിത പൊലീസ് ഉദ്യോഗസ്ഥ. മുഖ്യമന്ത്രിയുടെ പേര് പറയാൻ സ്വപ്‌നയെ ഇ.ഡി.നിർബന്ധിച്ചെന്ന് പൊലീസുകാരി മൊഴി നൽകി. സ്വപ്‌നയുടെ എസ്‌കോർട്ട് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥയാണ് ഇ.ഡി.ക്കെതിരെ മൊഴി നൽകിയത്. സ്വപ്‌നയുടെ ശബ്‌ദരേഖ ചോർന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് എസ്‌കോർട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥയുടെ മൊഴിയെടുത്തത്. നിര്‍ബന്ധിച്ച് മൊഴി പറയിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടു. ഏറ്റവും നിര്‍ബന്ധപൂര്‍വം മൊഴി പറയിപ്പിച്ചത് രാധാകൃഷ്‌ണൻ എന്ന ഉദ്യോഗസ്ഥനാണെന്നും പൊലീസുകാരി മൊഴി നൽകിയിട്ടുണ്ട്.
അതേസമയം, യുഎഇ കോൺസുലേറ്റ് വഴി നടന്ന നിയമവിരുദ്ധമായ ഇടപാടുകളിൽ മുഖ്യമന്ത്രിക്കും സ്‌പീക്കർക്കും മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാർക്കും മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിനും പങ്കുണ്ടെന്ന് സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയതായി കസ്റ്റംസ് ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. സ്വർണക്കടത്ത്/ഡോളർ കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്‌ന സുരേഷ് എറണാകുളത്തെ പ്രത്യേക സാമ്പത്തിക കോടതിയിൽ നൽകിയ രഹസ്യമൊഴിയിലെ വിവരങ്ങളാണ് കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ സത്യവാങ്മൂലത്തിൽ അറിയിച്ചത്.
Read Also: നിയമസഭാ തിരഞ്ഞെടുപ്പ്: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവയ്‌ക്കണമെന്ന് സർക്കാർ
എന്നാൽ, തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്വപ്‌നയുടെ മൊഴിയെന്ന പേരിൽ കസ്റ്റംസ് ഹെെക്കോടതിയിൽ നൽകിയ സത്യവാങ്മൂലം രാഷ്ട്രീയ പ്രേരിതമെന്നാണ് സർക്കാരും സിപിഎമ്മും ആരോപിച്ചത്. കസ്റ്റംസിനെതിരെ രൂക്ഷ ഭാഷയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിമർശനമുന്നയിച്ചത്. സ്വർണക്കടത്തിനെ കുറിച്ച് ഇതുവരെ വ്യക്തമായ അന്വേഷണം നടന്നിട്ടില്ല. ആരാണ് സ്വർണം കടത്തിയത്, ആർക്ക് വേണ്ടിയാണ് കടത്തിയത്, ആരൊക്കെയാണ് കടത്തിയവർ തുടങ്ങിയ കാര്യങ്ങളെ കുറിച്ചൊന്നും ഇതുവരെ വ്യക്തമായ അന്വേഷണം നടക്കുകയോ കുറ്റക്കാരെ കണ്ടെത്തുകയോ അന്വേഷണ ഏജൻസികൾ ചെയ്‌തിട്ടില്ലെന്നും മുഖ്യമന്ത്രി വിമർശനമുന്നയിച്ചിരുന്നു.
“തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കേന്ദ്ര ഏജൻസികളുടെ വിടുവേല. ഇപ്പോൾ കസ്റ്റംസാണ് തിരഞ്ഞെടുപ്പ് പ്രചാരണ പദ്ധതികൾ നയിക്കുന്നത്. കൃത്യമായ ചില കളികൾ നടക്കുന്നുണ്ട്. ഇതുകൊണ്ടൊന്നും ജനക്ഷേമവുമായി മുന്നോട്ടുപോകുന്ന സർക്കാരിനെ ജനമനസുകളിൽ ഇകഴ്‌ത്താൻ സാധിക്കില്ല. സർക്കാർ ജനങ്ങൾക്കൊപ്പമാണ്. ആ വിശ്വാസം ജനങ്ങൾക്കുമുണ്ട്. വിവാദങ്ങൾ അതിന്റെ വഴിക്ക് പോകും. ജനങ്ങൾ ഞങ്ങൾക്കൊപ്പമുണ്ട്,” പിണറായി വാർത്താസമ്മേളനത്തിൽ പറഞ്ഞു.