കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ കോഫെ പോസ തടങ്കൽ ഹൈക്കോടതി റദാക്കി. മറ്റൊരു പ്രതിയായ പി.എസ്.സരിതിന്റെ തടങ്കൽ കോടതി ശരിവച്ചു. സ്വപ്നയുടെ മാതാവ് കുമാരി പ്രഭാ സുരേഷും സരിതിന്റെ മാതാവ് പി.പ്രേമകുമാരിയും സമർപ്പിച്ച ഹർജികളിലാണ് ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാരും സി.പി.മുഹമ്മദ് നിയാസും അടങ്ങുന്ന ബെഞ്ചിന്റെ ഉത്തരവ്.
കോഫെ പോസ നിയമം സെക്ഷൻ 3 (1) പ്രകാരം തടങ്കൽ നിയമവിരുദ്ധമാണെന്ന വാദം പരിഗണിച്ചാണ് കോടതിയുടെ നടപടി. സ്വപ്നക്ക് ജാമ്യം നിരസിച്ച എൻഐഎ കോടതിയുടെ ഉത്തരവ് അന്വേഷണ ഏജൻസി, തടങ്കൽ ഉത്തരവിറക്കിയ കേന്ദ്ര ധനകാര്യ ജോയിന്റ് സെക്രട്ടറി മുമ്പാകെ ഹാജരാക്കിട്ടിയില്ലെന്ന് കോടതി നിരീക്ഷിച്ചു. സ്വപ്ന എൻഐഎ കേസിൽ റിമാൻഡിലായിരുന്നുവെന്നും ജാമ്യാപേക്ഷ തള്ളിയ ഉത്തരവ് ഹാജരാക്കിയിരുന്നെങ്കിൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിക്കേണ്ടി വരില്ലായിരുന്നുവെന്നും കോടതി വ്യക്തമാക്കി.
ഒരാളെ തങ്കലിൽ വയ്ക്കുന്നതിന് സാധാരണ ക്രിമിനൽ നിയമങ്ങൾ പര്യപ്തമല്ലെങ്കിലേ കോഫെ പോസ പോലുള്ള നിയമങ്ങൾ ചുമത്താവൂവെന്ന് സൂപ്രീം കോടതിയുടെ വിധിയുണ്ടെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം നവംബറിലാണ് അന്വേഷണ ഏജസിയുടെ ആവശ്യപ്രകാരം കേന്ദ്ര ധനകാര്യ ജോയിന്റ് സെക്രട്ടറി ഉത്തരവിറക്കിയത്. തടങ്കൽ കാലാവധി അവസാനിക്കാൻ എതാനും ദിവസങ്ങളേയുള്ളൂവെന്ന് ചൂണ്ടിക്കാട്ടിയ കോടതി അന്യായ തടങ്കൽ വ്യക്തിയുടെ അവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി.
എൻഐഎ കേസിൽ സ്വപ്നയും സരിതും ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചതിന് പിന്നാലെയാണ് ഇരുവർക്കുമെതിരെ കസ്റ്റംസ് കോഫെ പോസ ചുമത്തിയത്. ജാമ്യം ലഭിച്ചാൽ പ്രതികൾ വീണ്ടും കള്ളക്കടത്തിൽ ഏർപ്പെടുന്നത് തടയാനായിരുന്നു നടപടി. സരിതിനെതിരെ കോഫെ പോസ ചുമത്തിയതിൽ കോടതി ഇടപെട്ടില്ല. പുറത്തുവിട്ടാൽ കുറ്റകൃത്യം ആവർത്തിക്കുമെന്ന അധികൃതരുടെ നിഗമനത്തിൽ കഴമ്പുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
കോഫെ പോസ റദാക്കിയെങ്കിലും എൻഐഎ കേസിൽ റിമാൻഡിലായതിനാൽ സ്വപ്നക്ക് ജയിലിന് പുറത്തിറങ്ങാനാവില്ല. ഹൃദ്രോഗം അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളും സ്വപ്ന ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.