കൊച്ചി: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചു നടത്തിയ സ്വർണ്ണക്കടത്തിന് പിന്നിൽ രാജ്യാന്തര ബന്ധമുള്ള വലിയൊരു ശൃംഖല പ്രവർത്തിക്കുന്നുണ്ടെന്ന് കസ്റ്റംസ് ഹൈക്കോടതിയിൽ. ഈ ശൃംഖലയിലുള്ളവരെ കണ്ടെത്താനും പിടികൂടാനുമുള്ള ശ്രമത്തിലാണെന്നും ദുബായിൽ ഉള്ള രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു ചോദ്യം ചെയ്യാനുണ്ടെന്നും കസ്റ്റംസ് അറിയിച്ചു.
സ്വർണക്കടത്തിൽ അറസ്റ്റിലായ ഒമ്പതാം പ്രതി മഞ്ചേരി സ്വദേശി മുഹമ്മദ് അൻവർ, പതിമൂന്നാം പ്രതി കോഴിക്കോട് സ്വദേശി മുഹമ്മദ് അബ്ദുൾ ഷമീം, പതിനാലാം പ്രതി കോഴിക്കോട് സ്വദേശി ജിഫ്സൽ എന്നിവരുടെ ജാമ്യാപേക്ഷയെ എതിർത്താണ് കസ്റ്റംസ് ഇക്കാര്യങ്ങൾ കോടതിയെ അറിയിച്ചത്. കള്ളക്കടത്ത് റാക്കറ്റിൽ ഒരു സംഘം ആളുകൾ ഉണ്ട്. ഇവർ പണം ഇറക്കി ഗൾഫിലെത്തിച്ച് അവിടെ നിന്ന് സ്വർണം എത്തിക്കുകയാണെന്നും കസ്റ്റംസ് വ്യക്തമാക്കി.
Read More: സ്വർണക്കടത്ത് കേസ്: സ്വപ്‌നയ്‌ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നതിനു തെളിവില്ലെന്ന് കോടതി
തങ്ങൾക്ക് കള്ളക്കടത്തുമായി നേരിട്ടോ അല്ലാതെയോ ബന്ധമില്ലെന്നും തെറ്റായി പ്രതിചേർത്തതാണെന്നും പ്രതികൾ കോടതിയെ ബോധിപ്പിച്ചു. ഏഴ് വർഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമായതിനാൽ ജാമ്യം അനുവദിക്കണമെന്നും പ്രതികൾ ആവശ്യപ്പെട്ടു. ഹർജികൾ കോടതി വിധി പറയാനായി മാറ്റി.
കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ജാമ്യ ഹർജി കൊച്ചിയിലെ എൻഐഎ കോടതി തള്ളിയിരുന്നു. ജാമ്യം ലഭിച്ചാൽ, ഉന്നതരുമായുള്ള അടുത്ത ബന്ധമുപയോഗിച്ച് കേസിൽ ഇടപെടാൻ ശ്രമിക്കുമെന്ന അന്വേഷണ ഏജൻസിയായ എൻഐഎയുടെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.
എൻഐഎ ആരോപിക്കുന്ന കുറ്റങ്ങൾ പ്രതി ചെയ്‌തതിനു പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്ന് കോടതി പറഞ്ഞു. സ്വപ്നയ്‌ക്കെതിരെ തെളിവുകളുണ്ടെന്ന് കേസ് ഡയറി പരിശോധിച്ചതിൽനിന്നു കോടതിക്കു ബോധ്യമായി. എന്നാൽ സ്വപ്‌നയ്‌ക്ക് തീവ്രവാദ സംഘങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടെന്നതിനും പണം തീവ്രവാദ പ്രവർത്തനത്തിന് വേണ്ടി ചെലവഴിച്ചുവെന്നതിനും നിലവിൽ തെളിവില്ലെന്ന് കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു.
സ്വർണക്കടത്ത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്നും യുഎപിഎയിലെ പതിനഞ്ചാം വകുപ്പ് നിലനിൽക്കുമെന്നുമായിരുന്നു എൻഐഎയുടെ വാദം. സ്വർണക്കടത്തിൽ പങ്കാളിയാണെന്നതിനു സ്വപ്‌നയുടെ മൊഴി തന്നെ തെളിവാണ്. നയതന്ത്ര ബാഗേജിൽ സ്വർണം പല പ്രാവശ്യം കടത്തിയെന്നതിനു കേസ് ഡയറിയിൽ തെളിവുണ്ട്. ഇത് രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന അറിവ് പ്രതിക്കുണ്ടായിരുന്നു. കാർഗോ വിട്ടുകിട്ടാൻ സ്വപ്‌ന ഇടപെട്ടതിനും തെളിവുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന വാദം കോടതി തള്ളുകയും ചെയ്തിരുന്നു. യുഎപിഎ ആക്ട് സെക്ഷൻ 43 ഡി (5) പ്രകാരം ജാമ്യത്തിന് അർഹതയില്ലെന്നും കോടതി വ്യക്തമാക്കി.