കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ പുറത്ത്. മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്ക് ഷാര്‍ജയില്‍ ബിസിനസ് തുടങ്ങുന്നത് സംബന്ധിച്ച് ക്ലിഫ് ഹൗസിലെ അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തിയിരുന്നതായി സത്യവാങ്മൂലത്തില്‍ പറയുന്നു.
2017 ല്‍ ഷാര്‍ജ ഭരണാധികാരി എത്തിയപ്പോള്‍ ക്ലിഫ് ഹൗസില്‍ വച്ചായിരുന്നു ചര്‍ച്ച നടന്നത്. ചര്‍ച്ചയില്‍ മുഖ്യമന്ത്രിയുടെ അന്നത്തെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന നളിനി നെറ്റോയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറും പങ്കെടുത്തിരുന്നതായും സത്യവാങ്മൂലത്തില്‍ സ്വപ്ന വ്യക്തമാക്കുന്നു. എന്നാല്‍ ബിസിനസ് സംരംഭം നടന്നിരുന്നില്ലെന്നുമാണ് വിവരം.
അതേസമയം സ്വപ്നയുടെ സത്യവാങ്മൂലത്തിലെ ആരോപണങ്ങൾ നളിനി നെറ്റോ നിഷേധിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. “അന്വേഷണ ഏജൻസികൾ ചോദിക്കുമ്പോൾ താൻ കാര്യങ്ങൾ പറയാം. തന്നെക്കുറിച്ച് പുറത്തു വരുന്ന കാര്യങ്ങളിൽ വസ്തുതയില്ലെന്നും. മാധ്യമങ്ങളോട് ഇപ്പോൾ പ്രതികരിക്കാനില്ല,” നളിനി നെറ്റോ വ്യക്തമാക്കി.
മുഖ്യമന്ത്രിയുമായി ബന്ധമുണ്ടെന്ന സ്വപ്ന സുരേഷിന്റെ ആരോപണത്തിന് മറുപടിയായി വീഡിയോ ദൃശ്യങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തു വിട്ടിരുന്നു. സ്വപ്ന സുരേഷിനെ അറിയാമെന്നും അത് എങ്ങനെയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിക്കുന്ന പഴയ വാർത്താസമ്മേളനത്തിൽ നിന്നുള്ള വീഡിയോയാണ് പുറത്തുവിട്ടത്.
കോൺസുലേറ്റ് ജനറലിന്റെ സെക്രട്ടറി എന്ന നിലയിലാണ് സ്വപ്നയെ പരിചയമെന്നും ആ നിലക്കാണ് കൂടിക്കാഴ്ചകൾ നടന്നിട്ടുള്ളതെന്നും മുഖ്യമന്ത്രി പറയുന്നതാണ് വീഡിയോയിൽ. 2020 ഒക്ടോബർ 13ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇത് പറഞ്ഞത്. കോൺസുലേറ്റ് ജനറൽ വരുമ്പോഴൊക്കെ അവർ ഉണ്ടായിരുന്നതായും മുഖ്യമന്ത്രി മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടി നൽകുന്നത് വീഡിയോയിൽ കാണാം.
Also Read: സ്വപ്ന സുരേഷിന്റെ ആരോപണം; മുഖ്യമന്ത്രി മുൻപ് പറഞ്ഞത് പുറത്തുവിട്ട് ഓഫീസ്