scorecardresearch

അടിസ്ഥാനരഹിതവും അവിശ്വസനീയവും; സ്വര്‍ണക്കടത്ത് പ്രതികളുമൊത്ത് യാത്രചെയ്തിട്ടില്ലെന്ന് സ്‌പീക്കർ

ജയിലിൽ ഭീഷണിയുണ്ടെന്ന സ്വപ്‌നയുടെ ആരോപണം ജയിൽവകുപ്പ് നിഷേധിച്ചു

ജയിലിൽ ഭീഷണിയുണ്ടെന്ന സ്വപ്‌നയുടെ ആരോപണം ജയിൽവകുപ്പ് നിഷേധിച്ചു

author-image
WebDesk
New Update
ഏത് അന്വേഷണ ഏജൻസിക്കും വിവരങ്ങൾ നൽകാൻ തയ്യാർ, നടക്കുന്നത് വ്യക്തിഹത്യ: സ്‌പീക്കർ

തിരുവനന്തപുരം: സ്വര്‍ണ്ണ കള്ളക്കടത്തുകേസിലെ പ്രതികളുമായിട്ട് ഒരിക്കല്‍പ്പോലും യാത്ര ചെയ്യാനോ വിദേശത്ത് കണ്ടുമുട്ടാനോ ഉള്ള സാഹചര്യം ഉണ്ടായിട്ടില്ലെന്ന് സ്‌പീക്കർ ശ്രീരാമകൃഷ്ണൻ. സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളോട് പ്രസ്താവനയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തെറ്റായ ഒരു വാര്‍ത്ത എവിടെനിന്നോ രൂപപ്പെടുന്നു, അത് പിന്നീട് എല്ലാവരും ഏറ്റെടുക്കുന്നു എന്ന രീതിയാണ് കാണുന്നത്. രാഷ്ട്രീയമായ വിവാദങ്ങളിലേക്കും ആരോപണ പ്രത്യാരോപണങ്ങളിലേക്കും ഭരണഘടനാ സ്ഥാപനത്തെ വലിച്ചിഴയ്ക്കുന്നത് ശരിയായ ഒരു കാര്യമല്ലെന്ന് ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

Advertisment

ഔദ്യോഗിക സ്വഭാവമുള്ള യാത്രകള്‍ക്കെല്ലാം നിയമപരമായ എല്ലാ നടപടിക്രമങ്ങളും സ്വീകരിച്ചുതന്നെയാണ് പോയിട്ടുള്ളത്. ഔദ്യോഗികപരമായ കാര്യങ്ങള്‍ ക്കുള്ള യാത്രയുടെ ചെലവ് മാത്രമേ സര്‍ക്കാരില്‍നിന്ന് ഉപയോഗിച്ചിട്ടുള്ളൂ. തിരുവനന്തപുരം സ്വര്‍ണ്ണ കള്ളക്കടത്തുകേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതവും അവിശ്വസനീയവുമാണ്. സ്പീക്കറെയും സ്പീക്കറുടെ ഓഫീസിനെയും ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഇത്തരം ഒരു പ്രചരണം വസ്തുതകളുമായി പുലബന്ധം പോലുമില്ലാത്തതാണ്.

സ്വപ്‌നയുടെ സുരക്ഷ വർധിപ്പിച്ചു; സി.എം.രവീന്ദ്രൻ നാളെയും ചോദ്യം ചെയ്യലിന് ഹാജരാകില്ല

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് ജയിലിൽ കൂടുതൽ സുരക്ഷ. ജയിലിൽ തന്റെ ജീവനു ഭീഷണിയുണ്ടെന്നും സുരക്ഷ വർധിപ്പിക്കണമെന്നും സ്വപ്‌ന കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സ്വപ്‌നയെ പാർപ്പിച്ചിരിക്കുന്ന ജയിലിന് പുറത്ത് കൂടുതൽ സായുധ പൊലീസിനെ വിന്യസിച്ചു. സ്വപ്‌നയുടെ സെല്ലിൽ 24 മണിക്കൂർ ഒരു വനിത ഗാർഡ് ഉണ്ടായിരിക്കും. ഇപ്പോൾ തിരുവനന്തപുരത്തെ അട്ടക്കുളങ്ങര വനിത ജയിലിലാണ് സ്വപ്‌നയെ പാർപ്പിച്ചിരിക്കുന്നത്.

സ്വപ്‌നയെ തള്ളി ജയിൽവകുപ്പ്

Advertisment

ജയിലിൽ ജീവനു ഭീഷണിയുണ്ടെന്ന സ്വപ്‌നയുടെ വാദം തള്ളി ജയിൽവകുപ്പ് രംഗത്തെത്തി. ജയിലിൽ ഭീഷണിയുണ്ടെന്ന സ്വപ്‌നയുടെ ആരോപണം ജയിൽവകുപ്പ് നിഷേധിച്ചു. അന്വേഷണ ഉദ്യോഗസ്ഥരും ബന്ധുക്കളും അല്ലാതെ മറ്റാരും ജയിലിൽ സ്വപ്‌നയെ കാണാനെത്തിയിട്ടില്ല. ആരൊക്കെ ജയിലിലെത്തി സ്വപ്‌നയെ സന്ദർശിച്ചു എന്നതിനു കൃത്യമായ രേഖയുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാം. അമ്മയും മകളും ഭർത്താവും സഹോദരനും ജയിലിലെത്തി സ്വപ്‌നയെ സന്ദർശിച്ചിട്ടുണ്ട്. എറണാകുളം, വിയ്യൂർ, അട്ടക്കുളങ്ങര ജയിലുകളിലാണ് സ്വപ്‌നയെ ഇതുവരെ പാർപ്പിച്ചതെന്നും ജയിൽവകുപ്പ് അറിയിച്ചു.

അന്വേഷണം പ്രഖ്യാപിച്ചു

ജയിലിൽ ജീവനു ഭീഷണിയുണ്ടെന്ന സ്വപ്‌നയുടെ ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. ജയിൽ ഡിജിപി ഋഷിരാജ് സിങ്ങാണ് അന്വേഷണം പ്രഖ്യാപിച്ചത്. ദക്ഷിണ മേഖല ജയിൽ ഡിഐജിയായിരിക്കും അന്വേഷിക്കുക. അന്വേഷണ റിപ്പോർട്ട് സർക്കാരിനു കെെമാറുമെന്ന് ഋഷിരാജ് സിങ് പറഞ്ഞു.

Read Also: കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന് സർക്കാർ; പ്രതിഷേധം തുടരും

സ്വപ്‌നയുടെ ആരോപണം

ഉന്നതരുടെ പേരുകൾ പറയരുതെന്ന് ചിലർ തന്നോട് ജയിലിലെത്തി ആവശ്യപ്പെട്ടിരുന്നതായാണ് സ്വപ്‌ന പറയുന്നത്. അഭിഭാഷകൻ വഴി കോടതിക്ക് നൽകിയ കത്തിലാണ് സ്വപ്‌ന ഇക്കാര്യം അറിയിച്ചത്. തന്റെയും കുടുംബാംഗങ്ങളുടെയും ജീവനു ഭീഷണിയുണ്ടെന്നും തനിക്ക് കൂടുതൽ സുരക്ഷ നൽകണമെന്നും സ്വപ്‌ന കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.

തന്റെ രഹസ്യമൊഴി മാധ്യമങ്ങൾ വഴിപുറത്തുവന്നിട്ടുണ്ടെന്നും ഇത്തരമൊരു സാഹചര്യത്തിൽ ജയിലിൽ തന്റെ ജീവന് ഭീഷണി ഉണ്ടെന്നുമാണ് കത്തിൽ വ്യക്തമാക്കുന്നു. ജയിലിൽ തന്നെ കാണാനെത്തിയവർ പൊലീസുകാരാണെന്ന് കരുതുന്നതായും സ്വപ്ന പറയുന്നു. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തോട് സഹകരിക്കരുതെന്നും ഇവർ ആവശ്യപ്പെട്ടതായും അറിയിച്ചു.

സി.എം.രവീന്ദ്രൻ വീണ്ടും ആശുപത്രിയിൽ

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ വീണ്ടും ആശുപത്രിയിൽ. ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി വ്യാഴാഴ്‌ച കൊച്ചി ഓഫീസിൽ ഹാജരാകാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നോട്ടീസ് നൽകിയിരിക്കെയാണ് സി.എം.രവീന്ദ്രനെ മൂന്നാമതും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യം കോവിഡിനും പിന്നീട് കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങൾക്കുമായി അദ്ദേഹം ചികിത്സ തേടിയിരുന്നു. ഈ രണ്ടുഘട്ടങ്ങളിലും അദ്ദേഹം ചോദ്യംചെയ്യലിന് ഹാജരായിരുന്നില്ല.

രവീന്ദ്രനെ പിന്തുണച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

സി.എം.രവീന്ദ്രൻ സത്യസന്ധനെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സുഖമില്ലാത്തതുകൊണ്ടാണ് രവീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രവീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തെറ്റായി വ്യാഖ്യാനിക്കേണ്ട കാര്യമില്ല. രവീന്ദ്രൻ വിശ്വസ്തനും സത്യസന്ധനുമായ ഉദ്യോഗസ്ഥനാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനെ കുടുക്കാനാണ് ശ്രമമെന്ന് എല്ലാവർക്കും മനസ്സിലാകുമെന്നും കടകംപള്ളി പറഞ്ഞു.

Gold Smuggling

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: