ശിവശങ്കറിനു കുരുക്ക് മുറുകുന്നു; കോൾ ലിസ്റ്റ് നിർണായകം, നടപടിയിലേക്കെന്ന് സൂചന

സ്വർണക്കടത്ത് കേസിൽ പ്രതികളായ സരിത്തും സ്വപ്‌ന സുരേഷും ശിവശങ്കറിനെ പലവട്ടം ഫോണിൽ ബന്ധപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്

sivasankar, ie malayalam

തിരുവനന്തപുരം: തിരുവനന്തപുരം സ്വർണക്കടത്ത് കേസ് നിർണായക വഴിത്തിരിവിലേക്ക്. മുഖ്യമന്ത്രിയുടെ മുൻ പ്രെെവറ്റ് സെക്രട്ടറിയും മുൻ ഐടി സെക്രട്ടറിയുമായ എം.ശിവശങ്കറിന്റെ മൊഴിയെടുക്കുന്നു. ശിവശങ്കറിന്റെ മൊഴിയെടുക്കുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. മൊഴിയെടുക്കുന്നതുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർ ശിവശങ്കറിനു നോട്ടീസ് നൽകിയിരുന്നു.

ഇന്ന് വെെകീട്ട് നാല് മണിക്കുശേഷമാണ് മൂന്ന് കസ്‌റ്റംസ് ഉദ്യോഗസ്ഥർ ശിവശങ്കറിന്റെ വീട്ടിലെത്തിയത്. ചോദ്യം ചെയ്യലിനു ഹാജരാകാനുള്ള നോട്ടീസ് നൽകി പത്ത് മിനിറ്റുകൾക്കകം ഉദ്യോഗസ്ഥർ മടങ്ങി. തൊട്ടുപിന്നാലെ വീടിന്റെ പിൻവശത്തുള്ള വാതിലിലൂടെ ശിവശങ്കർ പുറത്തിറങ്ങുകയും ചോദ്യം ചെയ്യലിനു കസ്റ്റംസ് ഓഫീസിൽ ഹാജരാകുകയും ചെയ്‌തു. ചോദ്യം ചെയ്യൽ നാല് മണിക്കൂറിലേറെയായി. ഇപ്പോഴും ചോദ്യം ചെയ്യൽ തുടരുകയാണ്. സ്വർണക്കടത്തുമായി ശിവശങ്കറിനു ബന്ധമുണ്ടോ എന്നാണ് പ്രധാനമായി കസ്റ്റംസ് അന്വേഷിക്കുന്നത്.

സ്വർണക്കടത്ത് കേസിൽ പ്രതികളായ സരിത്തും സ്വപ്‌ന സുരേഷും ശിവശങ്കറിനെ പലവട്ടം ഫോണിൽ ബന്ധപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ശിവശങ്കറിൽ നിന്നു വിശദമായി മൊഴിയെടുക്കാൻ അന്വേഷണസംഘം തീരുമാനിച്ചത്. സ്വർണക്കടത്ത് കേസിൽ പിടിയിലായ സരിത്, സ്വപ്‌ന സുരേഷ് എന്നിവർ ശിവശങ്കറുമായി നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടതായി വിവരമുണ്ട്. സരിത്തുമായി പലപ്പോഴും മിനിറ്റുകൾ മുതൽ മണിക്കൂറുകൾവരെ ശിവശങ്കർ സംസാരിച്ചതായാണ് വിവരം.

Read Also:കരഞ്ഞു തലതാഴ്‌ത്തി സൂരജ് പറഞ്ഞു ‘ ഞാനാ ചെയ്‌തേ’ ; തുറന്നുപറച്ചിൽ വീട്ടുകാരെ രക്ഷിക്കാനെന്ന് ഉത്രയുടെ സഹോദരൻ

കേസുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തുവരുന്ന മറ്റൊരു പ്രധാന വിഷയം സരിത്തുമായും സ്വപ്‌നയുമായും യുഎഇ കോൺസുലേറ്റിലെ അറ്റാഷെ ബന്ധപ്പെട്ടതാണ്. യുഎഇ കോൺസുലേറ്റിലെ അറ്റാഷെയുമായി സ്വപ്‌ന ബന്ധപ്പെട്ടിരിക്കുന്നത് സ്വർണം വരുന്ന ദിവസമാണ്. ശിവശങ്കറുമായും അറ്റാഷെയുമായും സരിത്തിനും സ്വപ്‌ന സുരേഷിനും അടുത്ത ബന്ധമുണ്ടെന്നാണ് ഫോൺ രേഖകളിൽ നിന്നു വ്യക്തമാകുന്നത്.

അതേസമയം, എൻഐഎ കസ്റ്റഡിയിലുള്ള രണ്ടാം പ്രതി സ്വപ്‌ന സുരേഷിനെയും നാലാം പ്രതി സന്ദീപ് നായരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പ്രതികളെ എൻഐഎ കോടതി ഏഴ് ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ടിരുന്നു. നാലാം പ്രതിയായ സന്ദീപിൽ നിന്ന് പിടിച്ചെടുത്ത ബാഗ് കോടതിയുടെ സാന്നിധ്യത്തിൽ പരിശോധിക്കും. കേസിലെ നിർണായക വിവരങ്ങൾ സന്ദീപിന്റെ ബാഗ് പരിശോധിച്ചാൽ ലഭിക്കുമെന്നാണ് എൻഐഎ കോടതിയെ അറിയിച്ചിട്ടുള്ളത്.

Read Also: സച്ചിൻ ക്ലീൻബൗള്‍ഡ്; ഉപമുഖ്യമന്ത്രി സ്ഥാനവും കോൺഗ്രസ് അധ്യക്ഷസ്ഥാനവും തെറിച്ചു

കേരളത്തിലെ ജുവലറികൾക്ക് വേണ്ടിയല്ല സ്വർണം കൊണ്ടുവന്നതെന്നും സ്വർണം കടത്തുന്നതിന് യുഎഇയിൽ വ്യാജരേഖ ചമച്ചുവെന്നും എൻഐഎ കോടതിയിൽ അറിയിച്ചിരുന്നു. യുഎഇ എംബ്ലം, സീൽ എന്നിവ വ്യാജമായി നിർമ്മിച്ചു. സ്വർണക്കടത്ത് തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനാണെന്നും കോടതിയിൽ എൻഐഎ വെളിപ്പെടുത്തിയിരുന്നു. 2019 മുതല്‍ പലതവണയായി പ്രതികള്‍ 57 കിലോഗ്രാം സ്വര്‍ണ്ണം കടത്തിയിട്ടുണ്ടെന്നും എന്‍ഐഎ അറിയിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Gold smuggling case swapna sivasankar sarith nia investigation

The moderation of comments is automated and not cleared manually by malayalam.indianexpress.com