കൊച്ചി: സ്വർണക്കടത്തിൽ കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് പ്രത്യേക സാമ്പത്തിക കോടതി ഈ മാസം 7ലേയ്ക്ക് മാറ്റി. മൊഴികൾക്കുപരി കൂടുതൽ തെളിവുണ്ടെങ്കിൽ മുദ്രവെച്ച കവറിൽ സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു. അതേസമയം ശിവശങ്കറിന്റെ ജാമ്യപേക്ഷയെ കസ്റ്റംസ് എതിർത്തു.
ശിവശങ്കറിന്റെ രണ്ടു ഫോണുകൾ ലഭിച്ചെന്നും ഭാര്യയാണ് കൈമാറിയതെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. ദീർഘസമയം ചോദ്യം ചെയ്തിട്ടും മറ്റ് ഫോണുകളെക്കുറിച്ചുള്ള വിവരങ്ങൾ ശിവശങ്കർ വെളിപ്പെടുത്തിയിരുന്നില്ലെന്നു സത്യം മറച്ച് വെക്കുന്നു എന്നതിന് പ്രധാന തെളിവാണിതെന്നും കസ്റ്റംസ് എതിർ സത്യവാങ്ങ്മൂലത്തിൽ വ്യക്തമാക്കി.
ഉന്നത സ്ഥാനത്തിരുന്നതിനാൽ സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടന്നും ജാമ്യം നൽകരുതെന്നും കസ്റ്റംസ് ആവശ്യപ്പെട്ടു. കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി. ജെ എഫ് സി എം മൂന്നാം കോടതിയാണ് മൊഴിയെടുത്തത്. രാവിലെയാണ് സ്വപ്നയുടെ മൊഴി എടുത്തത്. ഉച്ചകഴിഞ്ഞ് സരിത്തിന്റെ രഹസ്യമൊഴിയും കോടതി രേഖപ്പെടുത്തുന്നുണ്ട്. തങ്ങൾക്ക് കോടതിയോട് ചില കാര്യങ്ങൾ അറിയിക്കാനുണ്ടന്ന് പ്രതികൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണിത്.