കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഈ മാസം 28 ന് ഹൈക്കോടതി വിധിപറയും. അതുവരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി അന്വേഷണ ഏജൻസികൾക്ക് നിർദേശം നൽകി. ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എൻഫോഴ്സ്മെന്റും കസ്റ്റംസും എതിർത്തു. ഒന്നര മണിക്കൂർ വാദം കേട്ട ശേഷമാണ് ജാമ്യാപേക്ഷ വിധി പറയാൻ ജസ്റ്റിസ് അശോക് മേനോൻ മാറ്റിയത്.
സ്വർണക്കടത്തിന്റെ ഗൂഢാലോചനയിൽ ശിവശങ്കറിന് പങ്കുണ്ടെന്നും സ്വപ്ന ഒരു കരു മാത്രമാണെന്നും എൻഫോഴ്സ്മെന്റ് ചൂണ്ടിക്കാട്ടി. ലോക്കറിൽവച്ചിരിക്കുന്നത് കള്ളക്കടത്തിനു കൂട്ടുനിന്നതിനു കിട്ടിയ ലാഭമാണ്. കള്ളക്കടത്ത് സമ്പദ്വ്യവസ്ഥയെ ബാധിക്കുന്ന കാര്യമാണ്. വിട്ടുവീഴ്ച ചെയ്യാനാവില്ല. ശിവശങ്കറിന്റെ പങ്ക് കൃത്യമായി മനസിലാക്കാനാണ് ശ്രമിക്കുന്നതെന്നും എൻഫോഴ്സ്മെന്റ് കോടതിയിൽ അറിയിച്ചു.
സ്വപ്ന ശിവശങ്കറിന്റെ നിയന്ത്രണത്തിലായിരുന്നു. മുതിർന്ന സിവിൽ ഉദ്യോഗസ്ഥനാണ് ശിവശങ്കർ. മുൻകൂർ ജാമ്യം നൽകിയാൽ അന്വേഷണത്തെ കാര്യമായി ബാധിക്കും. ജാമ്യം നൽകരുതെന്നും കള്ളക്കടത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്വാധീനം ദുരുപയോഗിച്ചു എന്നും എൻഫോഴ്സ്മെന്റ് ചൂണ്ടിക്കാട്ടി.
അന്വേഷണത്തിൽ ശിവശങ്കറിന് സ്വപ്നയുമായി അടുത്ത ബന്ധമുണ്ടെന്ന് വെളിവായി. സ്വപ്നയ്ക്ക് 25,000 രൂപപോലും എടുക്കാൻ ഇല്ലാത്ത അവസ്ഥ ആയിരുന്നു. പിന്നീട് 30 ലക്ഷം എവിടെ നിന്നുണ്ടായി. വാട്സാപ്പ് സന്ദേശം വച്ച് ചോദ്യം ചെയ്തപ്പോൾ പലതും അറിയില്ലെന്നാണ് ശിവശങ്കർ പറയുന്നത്. ചാർട്ടേഡ് അക്കൗണ്ടന്റിനെ എന്തിന് പരിചയപ്പെടുത്തി എന്ന് പറയുന്നില്ല. തെറ്റിദ്ധരിപ്പിക്കുകയാണ്. ചോദ്യം ചെയ്യുമ്പോൾ സത്യം പറയുന്നില്ലെന്നും എൻഫോഴ്സ്മെന്റ് ആരോപിച്ചു. തെളിവുകൾ എൻഫോഴ്സ്മെന്റ് മുദ്രവച്ച കവറിൽ കൈമാറി.
നോട്ടീസ് നൽകിയിട്ടും ശിവശങ്കർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കസ്റ്റംസ് ആരോപിച്ചു. ചോദ്യങ്ങൾക്ക് മറുപടി നൽകുന്നില്ല. ഭാര്യ ജോലി ചെയ്യുന്ന ആശുപതിയിൽ തന്നെ അഡ്മിറ്റ് ആയി. പ്രതിയല്ലാത്തതുകൊണ്ട് അനാവശ്യ ആശങ്ക വേണ്ടെന്നും സുപ്രീം കോടതി വിധി ന്യായങ്ങൾ പ്രകാരം സാമ്പത്തിക കുറ്റകൃത്യങ്ങളിൽ മുൻകൂർ ജാമ്യം നൽകാൻ പാടില്ലെന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടി.