കോഴിക്കോട്/മലപ്പുറം: കനത്ത സുരക്ഷയ്ക്കിടയിലും മുഖ്യമന്ത്രി പിണറായി വിജയനെതിരെ വന്‍ പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകള്‍. മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങള്‍ക്കുപിന്നാലെ കോഴിക്കോട്ടും മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധമുയര്‍ന്നു. യുവമോര്‍ച്ച, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മുഖ്യമന്ത്രി കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ചതിനുപിന്നാലെ അദ്ദേഹത്തെ പന്തീരാങ്കാവ് കൊടല്‍ നടക്കാവില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. തുടര്‍ന്ന് ഈസ്റ്റ് ഹില്ലിലെ ഗസ്റ്റ് ഹൗസിലെത്തി വിശ്രമിച്ച അദ്ദേഹം പിന്നീട് ബൈപാസ് വഴി സരോവരത്തെ ഹോട്ടലിലെ പരിപാടിക്കുവേണ്ടി തിരിച്ചു. ഇതിനിടെ കാരപ്പറമ്പില്‍വച്ച് അദ്ദേഹത്തെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.
സരോവരത്തുവച്ച് യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു പ്രവര്‍ത്തകരും കരിങ്കൊടി കാണിച്ചു. രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് കസ്റ്റഡിയിലെടുത്തു.
ഹോട്ടലിനു തൊട്ടടുത്തുള്ള ജില്ലാ സഹകരണ ആശുപത്രിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്കിന്റെ ഉദ്ഘാടനമായിരുന്നു മുഖ്യമന്ത്രിയുടെ രണ്ടാമത്തെ പരിപാടി. ഇവിടുത്തെ വേദിക്കു സമീപമെത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകയെ പൊലീസ് കസ്റ്റഡിയിലെടുത്തു. യൂത്ത് ലീഗ് പ്രവര്‍ത്തകരും മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശി.
കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷ ഉദ്ഘാടനച്ചടങ്ങാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന മൂന്നാമത്തെ പരിപാടി. കറുത്ത വസ്ത്രമോ മാസ്‌കോ ധരിച്ച് ചടങ്ങിനെത്തരുതെന്ന രൂപത നേരത്തേതന്നെ ആവശ്യപ്പെട്ടിരുന്നു. ഈ വേദിക്കു സമീപം മുഖ്യമന്ത്രിക്ക് അഭിവാദ്യമര്‍പ്പിച്ച് സിപിഎം പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.

മലപ്പുറം കൂര്യാട്ട് കോണ്‍ഗ്രസ്, മുസ്ലിം ലീഗ് പ്രവര്‍ത്തകരും കോട്ടയ്ക്കലില്‍ യൂത്ത് ലീഗ് പ്രവർത്തരരും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്തി മലപ്പുറം പുത്തനത്താണിയിലും കക്കാടും കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി.
തവനൂരില്‍ മുഖ്യമന്ത്രിക്കു നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി എത്തി. പ്രതിഷേധം സംഘര്‍ഷത്തിലേക്ക് കടന്നതോടെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. കറുത്ത മാസ്കിന് തവനൂരിലും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. കറുത്ത മാസ്ക് ധരിച്ചെത്തുന്നവര്‍ക്ക് മഞ്ഞ മാസ്ക് അധികൃതര്‍ നല്‍കി. മുഖ്യമന്ത്രിയുടെ പരിപാടിയോട് അനുബന്ധിച്ചാണ് കറുത്ത മാസ്കിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
മലപ്പുറത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന രണ്ടു പരിപാടികളുടെ സുരക്ഷക്ക് 700 പൊലീസുകാരെ വിന്യസിച്ചിട്ടുള്ളതായാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉയര്‍ന്ന റാങ്കിലുള്ള 20 ഉദ്യോഗസ്ഥര്‍ക്കാണ് സുരക്ഷ ചുമതല നല്‍കിയിരിക്കുന്നതെന്നാണ് സൂചന.
സുരക്ഷയുടെ ഭാഗമായി പൊന്നാനി കുറ്റിപ്പുറം റോഡ് രാവിലെ ഒന്‍പത് മണിക്ക് ശേഷം അടച്ചിരുന്നു. പൊതുജനങ്ങൾ മറ്റ് റോഡുകള്‍ ഉപയോഗിക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ രാത്രി മുഖ്യമന്ത്രി താമസിച്ച തൃശൂർ രാമനിലയത്തിന് മുന്നിലെ പാലസ് റോഡ് അടച്ചിരുന്നു. ഇന്നലെ രാത്രി ഇവിടെ വലിയ പ്രതിഷേധമുണ്ടായിരുന്നു.
പാലസ് റോഡിൽ 30 പൊലീസുകാരെയും രാമനിലയത്തിന് ചുറ്റും 20 പൊലീസുകാരെയുമാണു നിയോഗിച്ചത്. ചങ്ങരംകുളം ജില്ലാ അതിർത്തി വരെയുള്ള റോഡ് സുരക്ഷയ്ക്ക് തൃശൂർ എസിപി രാജു, കുന്നംകുളം എസിപി ഷിനോജ് എന്നിവരുടെ നേതൃത്വത്തിൽ നൂറിലധികം പോലീസുകാരെയും വിന്യസിച്ചു.
മുഖ്യമന്ത്രിക്കെതിരെ ഡല്‍ഹിയിലും പ്രതിഷേധമുയര്‍ന്നു. കേരള ഹൗസിനു മുന്നില്‍നിന്നു ജന്തര്‍ മന്തറിലേക്കു മാര്‍ച്ച് നടത്തിയ എന്‍ എസ് യു, കെ എസ് യു പ്രവര്‍ത്തകര്‍ കേരളാ ഹൗസിനു മുന്നില്‍ മുഖ്യമന്ത്രിയുടെ ലുക്ക് ഔട്ട് നോട്ടീസും കറുത്ത മാസ്‌കും പതിപ്പിച്ചു.