scorecardresearch

Latest News

മുഖ്യമന്ത്രിയുടെ രാജി തേടി വ്യാപക പ്രതിഷേധം, സംഘര്‍ഷം; കെ സുധാകരന് പൊലീസിന്റെ മുന്നറിയിപ്പ് നോട്ടിസ്

അക്രമം തടയാതിരുന്നാല്‍ മാര്‍ച്ചിന്റെ ഉദ്ഘാടകനെന്ന നിലയില്‍ താങ്കള്‍ക്കെതിരെ നിയമനടപടി ഉണ്ടാകുമെന്നാണു കെ സുധാകരനു കണ്ണൂർ പൊലീസ് നൽകിയ നോട്ടിസില്‍ പറയുന്നത്

Gold smuggling case, Swapna Suresh, Pinarayi Vijayan, Protest

കോഴിക്കോട്/കണ്ണൂര്‍: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്നും പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം. സെക്രട്ടേറിയേറ്റിലും കലക്ടറേറ്റുകളിലേക്കും കോണ്‍ഗ്രസ്, യു ഡി എഫ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുകയാണ്.

കോഴിക്കോട്ടും കണ്ണൂരിലും കൊച്ചിയിലും തിരുവനന്തപുരത്തും കോട്ടയത്തും കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തിൽ കലാശിച്ചു. പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും നടന്നു.

കോട്ടയത്ത് പ്രതിഷേധകർ പൊലീസിനുനേരെ കല്ലും കുപ്പിയുമെറിഞ്ഞു. മലപ്പുറത്ത് കലക്‌ടേററ്റിലേക്കു മാര്‍ച്ച് നടത്തിയ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡിനു മുകളില്‍ കയറി പ്രതിഷേധിച്ചു. കാസർഗോട്ട് പ്രതിഷേധകർ ബിരിയാണിച്ചെമ്പ് കലക്ടറേറ്റ് വളപ്പിലേക്കു വലിച്ചെറിഞ്ഞു.

കൊല്ലത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. കല്ലേറില്‍ രണ്ടു പൊലീസുകാര്‍ക്കു പരുക്കേറ്റു. പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ ഒട്ടേറെ കോൺഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. ഇതേ സമയം കലക്ടറേറ്റിലേക്കു മാർച്ച് നടത്തിയ ആര്‍ വൈ എഫ് പ്രവര്‍ത്തകർക്കു നേരെയും ലാത്തിച്ചാർജുണ്ടായി. ഒരു പ്രവർത്തകനു പരുക്കേറ്റു.

അതേസമയം, കണ്ണൂരില്‍ അക്രമം ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തണമെന്നും സംഘര്‍ഷമുണ്ടായാല്‍ കടുത്ത നടപടിയെടുക്കുമെന്നും വ്യക്തമാക്കി കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനു പൊലീസ് നോട്ടീസ് നല്‍കി. മാർച്ചിന്റെ ഉദ്ഘാടകനെന്ന നിലയിലാണ് സുധാകരനാണു നോട്ടിസ് നൽകിയത്.

കണ്ണൂര്‍ സിറ്റി അസിസ്റ്റന്റ് കമ്മിഷണറാണ് സുധാകരന് ഇന്നു രാവിലെ നോട്ടിസ് നല്‍കിയത്. മാര്‍ച്ചിനിടെ പൊലീസിനു നേരെയും കലക്ടറേറ്റ് വളപ്പിലേക്കും കല്ലേറും കുപ്പിയേറും ഉണ്ടാകാം. അത്തരം അക്രമങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണം. അക്രമം തടയാതിരുന്നാല്‍ മാര്‍ച്ചിന്റെ ഉദ്ഘാടകനെന്ന നിലയില്‍ താങ്കള്‍ക്കെതിരെ നിയമനടപടി ഉണ്ടാകുമെന്നാണ് നോട്ടിസില്‍ പറയുന്നത്.

Also Read: സ്വപ്നയും ഷാജ് കിരണും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ ഇന്ന് പുറത്തുവിടും

അനുമതിയില്ലാതെ നടത്തുന്ന പ്രതിഷേധ പ്രകടനങ്ങളില്‍ അക്രമമുണ്ടാകുന്നതു തടയാന്‍ വേണ്ടി ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 149ാം വകുപ്പു പ്രകാരമാണു നോട്ടിസ്. ഇത്തരം പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്നവര്‍ക്കു പൊലീസ് മുന്നറിയിപ്പ് നോട്ടിസ് നല്‍കിയ നടപടി അസാധാരണമാണ്. പൊലീസിന്റെ ഭീഷണി വിലപ്പോകില്ലെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹമാണു കണ്ണൂരില്‍ ഒരുക്കിയിരിക്കുന്നത്. ജില്ലയിലെ എല്ലാ സ്റ്റേഷനുകളില്‍ നിന്നുമായി 200 പൊലീസുകാരെ പ്രദേശത്ത് വിന്യസിച്ചിരുന്നു. അതേസമയം, കെ സുധാകരനു പകരം എം ലിജുവാണ് കണ്ണൂരിൽ മാർച്ച് ഉദ്ഘാടനം ചെയ്തത്. സുധാകരൻ തിരുവനന്തപുരത്തേക്കു പോയി എന്നാണ് വിവരം.

മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് ഇന്നലെ സംസ്ഥാനത്തുടനീളം പ്രതിപക്ഷസംഘടനകളുടെ വലിയ പ്രതിഷേധം നടന്നിരുന്നു. പലയിടത്തും മാര്‍ച്ച് സംഘര്‍ത്തില്‍ കലാശിച്ചു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ സമരക്കാര്‍ക്കുനേരെ പൊലീസ് ലാത്തിവീശി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Gold smuggling case opposition protest police notice to k sudhakaran

Best of Express