കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിൽ തീവ്രവാദ ബന്ധത്തിലുറച്ച് എൻഐഎ. തീവ്രവാദ ബന്ധത്തിന്റെ വിശദാംശങ്ങൾ കോടതിയെ അറിയിച്ചു. അന്വേഷണത്തിന്റെ ഇതുവരെയുള്ള വിവരങ്ങൾ അടങ്ങിയ കേസ് ഡയറി കോടതിയിൽ ഹാജരാക്കി. കേസ് ഡയറി ഹാജരാക്കാൻ എൻഐഎ കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. സ്വർണക്കടത്ത് കേസിൽ യുഎപിഎ എങ്ങനെ നിലനിൽക്കുമെന്ന് എൻഐഎ കോടതി ചോദിച്ചു. എന്നാൽ, കേസിൽ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തിരുന്നു. ഇതടക്കം ചൂണ്ടിക്കാണിച്ച് കേസിന്റെ തീവ്രവാദ ബന്ധം തെളിയിക്കാനാണ് എന്‍ഐഎ കോടതിയില്‍ ശ്രമിക്കുക.

സ്വർണക്കടത്ത് വഴി സ്വരൂപിക്കുന്ന പണം ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതായും, തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകളിലേക്ക് പണം എത്തുന്നതായും കഴിഞ്ഞയാഴ്‌ച എൻഐഎ കോടതിയിൽ വാദിച്ചിരുന്നു. ഇതോടെയാണ് അന്വേഷണ പുരോഗതി വിശദീകരിക്കുന്ന കേസ് ഡയറി ഹാജരാക്കാൻ കോടതി ഉത്തരവിട്ടത്.

Kerala Weather Live Updates: ന്യൂനമർദ സാധ്യത; ഇന്നുമുതൽ അതീവ ജാഗ്രത, ഓറഞ്ച് അലർട്ട് അഞ്ച് ജില്ലകളിൽ

അന്വേഷണസംഘത്തിന്റെ പിടിയിലുള്ള റമീസ് ആണ് സ്വർണക്കടത്തിൽ മുഖ്യകണ്ണിയെന്നാണ് വിലയിരുത്തൽ. കേരളത്തിനകത്തും പുറത്തും പ്രവർത്തിക്കുന്ന തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകളിലേക്ക് സ്വർണക്കടത്തിലൂടെ ലഭിക്കുന്ന ഭീമമായ തുക എത്തുന്നതിന് തെളിവുണ്ടെന്നാണ് അന്വേഷണ സംഘം സൂചിപ്പിക്കുന്നത്. ഏഴ് ദിവസത്തെ കസ്റ്റഡിക്കാലാവധി അവസാനിച്ചതോടെ കെടി റമീസിനെ ഇന്ന് കോടതിയിൽ ഹാജരാക്കി. മൂന്ന് ദിവസത്തേക്ക് കൂടി എൻഐഎയുടെ കസ്റ്റഡിയിൽ വിട്ടു. കൂടുതൽ ചോദ്യം ചെയ്യാനുണ്ടെന്ന അന്വേഷണ ഏജൻസിയുടെ അപേക്ഷ പരിഗണിച്ചാണ് പ്രത്യേക കോടതി റമീസിനെ കസ്റ്റഡിയിൽ വിട്ടത്.

റമീസിന്റെയും മുഹമ്മദ് ഷാഫിയുടേയും ഏഴ് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് കസ്റ്റംസ് പ്രത്യേക സാമ്പത്തിക കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഇരുവരും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പല വിവരങ്ങളും മറച്ചുവയ്ക്കുകയാണെന്നും ചുണ്ടിക്കാട്ടിയാണ് കസ്റ്റംസിന്റെ അപേക്ഷ. ഇത് കോടതി അടുത്ത ദിവസം പരിഗണിക്കും. കേസിൽ അഞ്ചാം പ്രതിയാണ് റമീസ്.

അതേസമയം, സ്വർണ്ണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ സ്വപ്‌ന സുരേഷിന്റെയും സന്ദീപിന്റെയും ജാമ്യാപേക്ഷ എൻഐഎ കോടതി ഇന്ന് പരിഗണിക്കും. ഇരുവരുടെയും കസ്റ്റഡി അപേക്ഷയും കോടതി പരിഗണിക്കും. ജാമ്യാപേക്ഷയെ എതിർത്ത് കോടതിയിൽ എൻഐഎ വിശദമായ റിപ്പോർട്ട് സമർപ്പിക്കും.

Read Also: കോവിഡ് പ്രതിരോധത്തിൽ പിടിമുറുക്കി സർക്കാർ; പൊലീസിനു കൂടുതൽ ചുമതല, സമഗ്രപദ്ധതി ഇന്നുമുതൽ

ജൂലൈ 29ന് സ്വപ്‌ന സുരേഷിന്റെയും സന്ദീപിന്റെയും ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കേസിൽ ദേശസുരക്ഷയെ ബാധിക്കുന്ന തരത്തിൽ എന്തെങ്കിലും തെളിവുകൾ ലഭ്യമായിട്ടുണ്ടെങ്കിൽ ഹാജരാക്കാൻ എൻഐഎക്ക് പ്രത്യേക കോടതി നിർദേശം നൽകിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook