തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് അന്വേഷണത്തിന്റെ ഭാഗമായി എൻഐഎ ഇന്ന് സെക്രട്ടറിയേറ്റിലെത്തും. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. ഇത് മൂന്നാം തവണയാണ് എൻഐഎ സെക്രട്ടറിയേറ്റിലെത്തുന്നത്. തീപിടിത്തമുണ്ടായ പ്രോട്ടോക്കോള്‍ ഓഫീസിലും പരിശോധന നടത്തും. ഇതിനായി പൊതുഭരണവകുപ്പ് സെക്രട്ടറിക്ക് കത്തു നല്കി.
Read Also:കൂടുതൽ കരുത്തോടെ ജോസ് പക്ഷം; ഇടതുമുന്നണിയിലേക്കെന്ന് സൂചന, ജോസഫ് പക്ഷത്തെ അയോഗ്യരാക്കിയേക്കും
സെക്രട്ടറിയേറ്റിലെ തീപിടിത്തത്തിൽ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട സുപ്രധാന ഫയലുകൾ നശിച്ചിട്ടുണ്ടെന്ന് കോൺഗ്രസും ബിജെപിയും നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ, സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒരു ഫയലും തീപിടിത്തത്തിൽ നശിച്ചിട്ടില്ലെന്നും തീപിടിച്ച ഫയലുകളിൽ ഒന്നുപോലും സുപ്രധാന ഫയലല്ലെന്നുമാണ് സർക്കാർ വിശദീകരണം.
അതേസമയം, സ്വർണക്കടത്ത് നടത്തിയ കേസ് അന്വേഷിക്കുന്ന കസ്റ്റംസ് അന്വേഷണ സംഘത്തെ മാറ്റി. അസിസ്റ്റന്റ് കമ്മീഷണറായ എൻഎസ് ദേവിനെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിൽ നിന്നുമാണ് മാറ്റിയിരിക്കുന്നത്. കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷിന്റെ മൊഴി ചോർന്നതാണ് നടപടിക്ക് കാരണമെന്നാണ് റിപ്പോർട്ട്.