മലപ്പുറം: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ നിർണായക വഴിത്തിരിവ്. മലപ്പുറത്തു നിന്ന് ഒരു പ്രമുഖനെ കസ്റ്റഡിയിലെടുത്തതായാണ് റിപ്പോട്ട്. ഇയാളെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ എത്തിച്ചു. ഒരു വ്യവസായ പ്രമുഖനെയാണ് എൻഐഎ പിടികൂടിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇയാൾക്ക് വേണ്ടിയാണ് സ്വർണം കടത്തിയതെന്നാണ് സൂചന. നിലവിൽ കേസുമായി ബന്ധപ്പെട്ട് നാല് പേർ പിടിയിലായി. മലപ്പുറത്തു നിന്ന് പിടിയിലായ ആളുടെ പേര് റമീസ് എന്നാണെന്ന് മലയാള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പെരിന്തൽമണ്ണ വെട്ടത്തൂർ സ്വദേശിയാണ് ഇയാൾ. കേസിലെ ഒന്നാം പ്രതി സരിത് ഇപ്പോൾ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലുണ്ട്. സരിത്തിനെ ചോദ്യം ചെയ്യാനാണ് ഇന്നലെ കസ്റ്റംസ് ഓഫീസിൽ എത്തിച്ചത്. മലപ്പുറത്തു നിന്ന് പിടികൂടിയ ആളെ സരിത്തിനൊപ്പം ചാേദ്യം ചെയ്യുമെന്നാണ് സൂചന.

Read Also: ഐശ്വര്യ റായിയുടെയും ജയ ബച്ചന്റെയും കോവിഡ് പരിശോധനാഫലം നെഗറ്റീവ്; നിരീക്ഷണത്തിൽ തുടരും

അതേസമയം, നയതന്ത്ര ബാഗേജ് വഴി അനധികൃതമായി സ്വർണം കടത്തിയ കേസിൽ പിടിയിലായ സ്വപ്‌ന സുരേഷ്, സന്ദീപ് നായർ എന്നിവരെ ഇന്നു കൊച്ചിയിലെത്തിക്കും. ഇന്നലെ രാത്രിയാണ് ഇരുവരെയും ബെംഗളൂരുവിൽ നിന്നു പിടികൂടിയത്. ഡൊംലൂരിലെ എന്‍ഐഎ ഓഫീസില്‍വച്ച് ഇരുവരെയും അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്‌തു. സ്വപ്‌നയെയും സന്ദീപിനെയും ഇന്നു കൊച്ചിയിലെത്തിക്കും. ഇരുവരെയും കോടതിയിൽ ഹാജരാക്കിയ ശേഷം കൊച്ചിയിലെത്തിക്കണോ കൊച്ചിയിലെത്തിച്ച ശേഷം കോടതിയില്‍ ഹാജരാക്കാണോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ബെംഗളൂരുവിലെ എൻഐഎ ഓഫീസിൽ നിന്നുള്ള സ്വപ്‌നയുടെയും സന്ദീപിന്റെയും ചിത്രങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടു.

Read Also: സ്വപ്‌‌നയെയും സന്ദീപിനെയും ചോദ്യം ചെയ്‌തു; ഇന്ന് കൊച്ചിയിലെത്തിക്കും, ദൃശ്യങ്ങൾ പുറത്ത്

ബംഗലൂരുവിലെ കൊറമംഗല 7 ബ്ലോക്കിലെ അപാർട്‌മെന്റ് ഹോട്ടലിൽ താമസിക്കുകയായിരുന്നു സ്വപ്‌ന. ഭർത്താവും മക്കളും സ്വപ്‌നയ്‌ക്കൊപ്പം ഉണ്ടായിരുന്നു. ഇവിടെനിന്നാണ് സ്വപ്‌നയെ എൻഐഎ പിടികൂടുന്നത്. രണ്ട് ദിവസം മുൻപാണ് സ്വപ്‌ന കൊച്ചിയിൽ നിന്ന് ബെംഗളൂരുവിൽ എത്തുന്നത്. മെെസൂരിലെ മറ്റൊരു ഹോട്ടലിൽ നിന്നാണ് സന്ദീപ് നായരെ പിടികൂടുന്നത്. കേസിൽ രണ്ടാം പ്രതിയാണ് സ്വപ്‌ന. സന്ദീപ് നായർ നാലാം പ്രതിയാണ്. വെള്ളിയാഴ്‌ചയാണ് എൻഐഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത് കേസിൽ അന്വേഷണം ആരംഭിച്ചത്. സ്വർണക്കടത്ത് നടന്ന് ഏഴാം ദിവസമാണ് സ്വപ്‌ന പിടിയിലാകുന്നത്. പ്രതികളെ പിടികൂടാൻ പൊലീസിന്റെ സഹായം ആവശ്യപ്പെട്ട് കസ്റ്റംസ് നേരത്തെ കൊച്ചി പൊലീസ് കമ്മിഷണർക്ക് കത്തയച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്വപ്‌നയെ കസ്റ്റഡിയിലെടുത്ത വാർത്ത പുറത്തുവന്നത്. ഫോൺ കോളുകൾ കേന്ദ്രീകരിച്ച് നടന്ന അന്വേഷണമാണ് ഇവരെ പിടികൂടുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.