കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ്, നാലാം പ്രതി സന്ദീപ് നായർ എന്നിവരെ   എൻഐഎ കസ്റ്റഡിയിൽ വിട്ടു. കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയാണ് ഇരുവരെയും ഒരാഴ്ചത്തേക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ടത്.

കേരളത്തിലെ ജ്വല്ലറികൾക്ക് വേണ്ടിയല്ല സ്വർണം കൊണ്ടുവന്നതെന്നും സ്വർണം കടത്തുന്നതിന് യുഎഇയിൽ വ്യാജരേഖ ചമച്ചുവെന്നും എൻഐഎ കോടതിയിൽ അറിയിച്ചു. യുഎഇ എംബ്ലം, സീൽ എന്നിവ വ്യാജമായി നിർമ്മിച്ചു. സ്വർണക്കടത്ത് തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനാണെന്നും കോടതിയിൽ എൻഐഎയുടെ വെളിപ്പെടുത്തൽ.

എന്നിവരുടെ കോവിഡ് ഫലം നെഗറ്റീവ് ആയിരുന്നു. സംഭവത്തിന് പിന്നിൽ വലിയ ഗൂഢാലോചന ഉണ്ടെന്നും, കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് കണ്ടെത്താൻ പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് എൻഐഎ കസ്റ്റഡി അപേക്ഷയിൽ പറയുന്നത്.

Read More: സ്വപ്‌ന കസ്റ്റഡിയില്‍; ‘സ്വര്‍ണച്ചുരുള്‍’ നിവരുമോ?

ശനിയാഴ്ച രാത്രിയാണ് ഇരുവരെയും ബെംഗളൂരുവിൽ നിന്നു പിടികൂടിയത്. ഡൊംലൂരിലെ എന്‍ഐഎ ഓഫീസില്‍വച്ച് ഇരുവരെയും അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്‌തു. ഞായറാഴ്ച രാവിലെ റോഡ് മാർഗമാണ് പ്രതികളുമായി അന്വേഷണസംഘം ബെംഗളൂരുവിൽ നിന്ന് യാത്ര പുറപ്പെട്ടത്. ബെംഗളൂരുവിലെ എൻഐഎ ഓഫീസിൽ നിന്നുള്ള സ്വപ്‌നയുടെയും സന്ദീപിന്റെയും ചിത്രങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. സ്വപ്‌നയുടെയും സന്ദീപിന്റെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. മൂന്ന് വർഷത്തെ ബാങ്ക് ഇടപാടുകൾ പരിശോധിക്കും.

ബെംഗളൂരുവിലെ കൊറമംഗല 7 ബ്ലോക്കിലെ അപാർട്‌മെന്റ് ഹോട്ടലിൽ താമസിക്കുകയായിരുന്നു സ്വപ്‌ന. ഭർത്താവും മക്കളും സ്വപ്‌നയ്‌ക്കൊപ്പം ഉണ്ടായിരുന്നു. ഇവിടെനിന്നാണ് സ്വപ്‌നയെ എൻഐഎ പിടികൂടുന്നത്. രണ്ട് ദിവസം മുൻപാണ് സ്വപ്‌ന കൊച്ചിയിൽ നിന്ന് ബെംഗളൂരുവിൽ എത്തുന്നത്. മെെസൂരിലെ മറ്റൊരു ഹോട്ടലിൽ നിന്നാണ് സന്ദീപ് നായരെ പിടികൂടുന്നത്.

കേസിൽ രണ്ടാം പ്രതിയാണ് സ്വപ്‌ന. സന്ദീപ് നായർ നാലാം പ്രതിയാണ്. വെള്ളിയാഴ്‌ചയാണ് എൻഐഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത് കേസിൽ അന്വേഷണം ആരംഭിച്ചത്. സ്വർണക്കടത്ത് നടന്ന് ഏഴാം ദിവസമാണ് സ്വപ്‌ന പിടിയിലാകുന്നത്. പ്രതികളെ പിടികൂടാൻ പൊലീസിന്റെ സഹായം ആവശ്യപ്പെട്ട് കസ്റ്റംസ് നേരത്തെ കൊച്ചി പൊലീസ് കമ്മിഷണർക്ക് കത്തയച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്വപ്‌നയെ കസ്റ്റഡിയിലെടുത്ത വാർത്ത പുറത്തുവന്നത്. ഫോൺ കോളുകൾ കേന്ദ്രീകരിച്ച് നടന്ന അന്വേഷണമാണ് ഇവരെ പിടികൂടുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത്.

നാല് പ്രതികളാണ് കേസിലുള്ളത്. ഒന്നാം പ്രതി കേസില്‍ അറസ്റ്റിലായ സരിത്, രണ്ടാം പ്രതി സ്വപ്‌ന സുരേഷ്, മൂന്നാം പ്രതി ഫൈസല്‍ ഫരീദ്, നാലാംപ്രതി സ്വപ്‌നയുടെ ബിസിനസ് പങ്കാളിയായ സന്ദീപ് നായര്‍. സന്ദീപ് നായരുടെ വീട്ടിൽ കസ്റ്റംസ് ശനിയാഴ്ച എട്ട് മണിക്കൂറോളം പരിശോധന നടത്തിയിരുന്നു. നിർണായക വിവരങ്ങൾ സന്ദീപ് നായരുടെ വീട്ടിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook