തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. കൊച്ചി എൻഐഎ യൂണിറ്റാണ് കുറ്റപത്രം സമർപ്പിച്ചത്.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും സ്വർണക്കടത്തുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് കേസിൽ അറസ്റ്റിലാകുകയും ചെയ്ത എം.ശിവശങ്കർ എൻഐഎ കേസിൽ പ്രതിയല്ല. കുറ്റപത്രത്തിൽ ശിവശങ്കറിന്റെ പേരില്ല.
സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷും സരിത്തുമുള്‍പ്പെടെ 20 പേരെ പ്രതികളാക്കിയാണ് എൻഐഎയുടെ കുറ്റപത്രം. കേസിൽ ആകെ 35 പ്രതികളാണ് ഉള്ളത്. എൻഐഎ അറസ്റ്റ് ചെയ്തത് 21 പേരെയാണ്. ഇതിൽ 20 പേർക്കെതിരെയാണ് എൻഐഎ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
മുഖ്യ ആസൂത്രകനായ ഫൈസൽ ഫരീദടക്കം കേസിൽ പിടിയിലാകാനുണ്ട്. യുഎപിഎ 15,16,17 വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
അതേസമയം, കേസിൽ കസ്റ്റംസ് കരുതല്‍ തടങ്കലിലാക്കിയ സന്ദീപ് നായരെ മാപ്പു സാക്ഷിയാക്കിയാണ് എൻഐഎ കുറ്റപത്രം.
സ്വർണക്കടത്ത് കേസിൽ ശിവശങ്കറിന് വ്യക്തമായ പങ്കുണ്ടെന്നാണ് കസ്റ്റംസും എൻഫോഴ്സ്മെന്റും വാദിക്കുന്നത്. എന്നാൽ, എൻഐഎയുടെ കുറ്റപത്രം ഈ വാദങ്ങൾക്കെല്ലാം തിരിച്ചടിയാകും.
തുടര്‍ച്ചയായി നൂറ് കോടിയലധികം രൂപയുടെ സ്വര്‍ണക്കടത്ത് നടത്തിയതിനാല്‍ തീവ്രവാദ പ്രവര്‍ത്തനമായി കണക്കാക്കണമെന്നാണ് എന്‍ഐഎയുടെ വാദം.