scorecardresearch
Latest News

ജലീലിന്റെ വാഹനവ്യൂഹത്തിനു മുന്നിൽചാടി പ്രതിഷേധം; യൂത്ത് കോൺഗ്രസ് നേതാവിന്റെ കയ്യൊടിഞ്ഞു

ജനങ്ങളോട് പറയാനുള്ള ഫെയ്‌സ്‌ബുക്കിൽ സംസാരിക്കുമെന്ന് മാത്രം പറഞ്ഞ മന്ത്രി പല ചോദ്യങ്ങളും ചിരിയോടെ ഒഴിവാക്കുകയായിരുന്നു.

ജലീലിന്റെ വാഹനവ്യൂഹത്തിനു മുന്നിൽചാടി പ്രതിഷേധം; യൂത്ത് കോൺഗ്രസ് നേതാവിന്റെ കയ്യൊടിഞ്ഞു

മലപ്പുറം: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്‌ത മന്ത്രി കെ.ടി.ജലീലിനെതിരെ സംസ്ഥാനത്തൊട്ടാകെ പ്രതിഷേധം. യുഡിഎഫും ബിജെപിയും മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ശക്തമായി പ്രതിഷേധം തുടരുകയാണ്. ഈ പ്രതിഷേധങ്ങൾക്കിടെ ജലീൽ മാധ്യമങ്ങൾക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ടു. ഇഡിയുടെ ചോദ്യം ചെയ്യലിനു ശേഷം ആദ്യമായാണ് മന്ത്രി മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നത്.

വളാഞ്ചേരിയിലുള്ള വീട്ടിൽ നിന്നു തലസ്ഥാനത്തേക്ക് പുറപ്പെട്ടതാണ് മന്ത്രി. ഇതിനിടെ കൃഷിയിടത്തിൽ മന്ത്രി ഇറങ്ങി. ഈ സമയത്താണ് മാധ്യമങ്ങൾ മന്ത്രിക്ക് സമീപമെത്തിയത്. ഇഡി ചോദ്യം ചെയ്‌തതുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ നിരവധി സംശയങ്ങൾ ഉന്നയിച്ചു. എന്നാൽ, മന്ത്രി ഒന്നിനും മറുപടി നൽകിയില്ല.

Read Also: സംസ്ഥാനത്ത് ഇന്ന് 3139 പേര്‍ക്ക് കോവിഡ്; 2921 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജനങ്ങളോട് പറയാനുള്ള ഫെയ്‌സ്‌ബുക്കിൽ സംസാരിക്കുമെന്ന് മാത്രം പറഞ്ഞ മന്ത്രി പല ചോദ്യങ്ങളും ചിരിയോടെ ഒഴിവാക്കുകയായിരുന്നു. എങ്ങോട്ടാണ് യാത്രയെന്ന് മന്ത്രിയോട് പല മാധ്യമപ്രവർത്തകരും ചോദിച്ചു. എന്നാൽ, അതിനും ജലീൽ മറുപടി നൽകിയില്ല.

ജലീലിന്റെ യാത്രയിൽ വഴിനീളെ പ്രതിഷേധമുണ്ടായി. തൃശൂർ പാലിയേക്കരയിൽ മന്ത്രി ജലീലിന്റെ വാഹനവ്യൂഹത്തിന് മുൻപിലേക്ക് ചാടി യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ പ്രതിഷേധിച്ചു. പ്രതിഷേധക്കാർ മന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞു. പൊലീസ് ജീപ്പിൽ തട്ടി യൂത്ത് കോൺഗ്രസ് നേതാവ് സജീർ ബാബുവിന്റെ കയ്യൊടിഞ്ഞു. പ്രതിഷേധക്കാരെ കൈ വീശി കാട്ടിയായിരുന്നു മന്ത്രിയുടെ യാത്ര. വാഹനം തടഞ്ഞവരെ പൊലീസ് ബലം പ്രയോഗിച്ചുനീക്കി.

നേരത്തെ മാധ്യമങ്ങളെ പരിഹസിച്ച് മന്ത്രി ഫെയ്‌സ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു.

ജലീലിന്റെ ഫെയ്‌സ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

അങ്ങാടിയിൽ തോററതിന് അമ്മയോട്
———————————————————————–
കല്ലുവെച്ച നുണകളും കെട്ടുകഥകളും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഓരോ ദിവസവും വിളമ്പുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താൻ എനിക്കു മനസ്സില്ല. മറച്ചുവെക്കേണ്ടത് മറച്ചു വെച്ചും പറയേണ്ടത് പറയേണ്ടവരോട് പറഞ്ഞുമാണ് എല്ലാ ധർമ്മയുദ്ധങ്ങളും വിജയിച്ചിട്ടുള്ളത്. എഴുതേണ്ടവർക്ക് ഇല്ലാ കഥകൾ എഴുതാം. പറയേണ്ടവർക്ക് അപവാദങ്ങൾ പ്രചരിപ്പിക്കാം. അതുകൊണ്ടൊന്നും പകലിനെ ഇരുട്ടാക്കാനാവില്ല കൂട്ടരേ.

ഞങ്ങളറിയാതെ ഇവിടെ ഒരു ഈച്ച പാറില്ല എന്ന് അഹങ്കരിച്ചവരുടെ തലക്കേറ്റ പ്രഹരത്തിൻ്റ ആഘാതം അവർക്ക് ജീവനുള്ളേടത്തോളം മറക്കാനാവില്ല. പല വാർത്താ മാധ്യമങ്ങളും നൽകുന്ന വാർത്തകളുടെ പൊള്ളത്തരം ജനങ്ങളെ ബോധ്യപ്പെടുത്തലായിരുന്നു ലക്ഷ്യം. അത് നടന്നു. അത് നടത്തി. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് പകതീർക്കുന്നവർ എക്കാലത്തുമുണ്ടായിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നു.

തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗിനുള്ളിൽ സ്വർണ്ണം കടത്തിയ കേസ്, പ്രൊട്ടോകോൾ ലംഘനം എന്നിവയുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മന്ത്രി കെ.ടി ജലീലിനെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ വലിയ പ്രതിഷേധമാണ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്നത്. മലപ്പുറം കാവുംപുറത്തെ മന്ത്രിയുടെ വീടിനുമുന്നിലും പ്രതിഷേധക്കാർ നിലയുറപ്പിച്ചിരുന്നു.

എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്‌ത മന്ത്രി കെ.ടി.ജലീലിനെതിരെ തലസ്ഥാനത്ത് പ്രതിഷേധമിരമ്പി. ബിജെപി, യുഡിഎഫ് യുവജന സംഘടനകളുടെ പ്രതിഷേധത്തിൽ തലസ്ഥാനം യുദ്ധക്കളമായി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് നടന്ന പ്രതിഷേധങ്ങൾ അക്രമാസക്തമായി. യുവമോർച്ച മാർച്ചിനു നേരെ പൊലീസ് അഞ്ച് തവണ ജലപീരങ്കിയും ഉപയോഗിക്കുകയും മൂന്ന് തവണ ലാത്തി വീശുകയും ചെയ്‌തു. ആറു യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ബിജെപി നേതാവ് ബി.ഗോപാലകൃഷ്‌ണനു കണ്ണിനു പരുക്കേറ്റു. ഇന്നലെ രാവിലെ നടന്ന യൂത്ത് ലീഗ് മാർച്ചിലും സംഘർഷമുണ്ടായി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Gold smuggling case minister kt jaleel media