/indian-express-malayalam/media/media_files/uploads/2020/07/m-sivasankar-3.jpg)
കൊച്ചി: കള്ളപ്പണക്കേസിൽ റിമാൻഡിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റി. ജയിൽ ചട്ട പ്രകാരമാണ് നടപടി. ബോസ്റ്റൺ സ്കൂളിലെ കോവിഡ് സെന്ററിലായിരിക്കും ശിവശങ്കർ ആദ്യ നാളുകളിൽ കഴിയുക. ഇവിടെ നിരീക്ഷണം പൂർത്തിയാക്കി, പരിശോധന ഫലവും നെഗറ്റീവായാൽ മാത്രമേ ശിവശങ്കറിനെ കാക്കനാട് ജില്ല ജയിലിലേക്ക് മാറ്റൂ.
വ്യാഴാഴ്ചയാണ് ശിവശങ്കറിനെ ഈ മാസം 26 റിമാൻഡ് ചെയ്ത് കോടതി ഉത്തരവായത്. അദ്ദേഹത്തിന്റെ ജാമ്യപേക്ഷയിൽ വിധി പറയുന്നത് ഈ മാസം 17ലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. അതേസമയം, സ്വപ്നയുടെ ലോക്കറിൽ നിന്ന് കണ്ടെടുത്ത പണം ലൈഫ് മിഷൻ പദ്ധതിയിൽ എം ശിവശങ്കറിന് ലഭിച്ച കോഴയെന്ന് ഇ.ഡി കോടതിയിൽ പറഞ്ഞു. ആദ്യഘട്ടത്തിൽ ലോക്കറിലെ പണം സ്വർണക്കടത്തിൽ നിന്ന് സ്വപ്ന സമ്പാദിച്ചതാണ് എന്ന് ഇ.ഡി പറഞ്ഞിരിന്നു. ശിവശങ്കറിനെ രക്ഷപെടുത്താൻ സ്വപ്ന തെറ്റിദ്ധരിപിച്ചതാണെന്ന് ഇ.ഡി വ്യക്തമാക്കി.
Also Read: 'സ്വർണക്കടത്ത് ശിവശങ്കറിന് അറിയാമായിരുന്നു'; സ്വപ്‌നയുടെ മൊഴി കുരുക്കാകുന്നു
സ്വർണക്കടത്തിനെക്കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നെന്ന് കഴിഞ്ഞ ദിവസമാണ് സ്വപ്ന ഇ.ഡിക്ക് മൊഴി നൽകിയത്. നയതന്ത്ര ചാനലിലൂടെയുള്ള സ്വർണ്ണക്കടത്തിന് ശിവശങ്കർ എല്ലാ ഒത്താശയും ചെയ്തിരുന്നെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ വാദിച്ചു. പ്രതികളുടെ മൊഴി പ്രകാരം 2019 നവംബറിലാണ് കള്ളക്കടത്ത് തുടങ്ങിയത്. എന്നാൽ അതിന് മുൻപ് തന്നെ സ്വപ്നയുമായി വിവിധ കുറ്റകൃത്യങ്ങളിൽ ശിവശങ്കർ ഏർപ്പെട്ടിരുന്നു.
അതേസമയം ഇത് കള്ളപ്പണം വെളുപ്പിക്കൽ കേസ് മാത്രമാണെന്നും വേറെ കോഴയുണ്ടെകിൽ അതുമായി ബന്ധപ്പെടുത്താനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ലൈഫ് മിഷനിലെ കമ്മിഷനാണ് ലോക്കറിൽ ഉണ്ടായിരുന്നു എന്നത് ഇഡിയുടെ കേസിനെ ദുർബലമാക്കുന്നുണ്ടന്നും കോടതി അഭിപ്രായപ്പെട്ടു.
Also Read: ഹസ്തദാനം വേണ്ട; തിരഞ്ഞെടുപ്പ് കാലത്ത് ജാഗ്രത കൈവിടരുതെന്ന് ആരോഗ്യ മന്ത്രി
അറിഞ്ഞു കൊണ്ട് കള്ളക്കടത്തിലെ പണം ഒളിപ്പിക്കാൻ കൂട്ടുനിൽക്കുന്നത് കുറ്റകരമല്ലെയെന്ന് കോടതി ശിവശങ്കറിനോട് ആരാഞ്ഞു. ശിവശങ്കർ അങ്ങനെ ചെയ്തുവെന്നാണ് സ്വപ്നയുടെ മൊഴിയെന്നും കോടതി വ്യക്തമാക്കി. കള്ളക്കടത്തിലൂടെയുള്ള വരുമാനമെന്ന അറിവോടെയാണ് ശിവശങ്കർ സഹായിച്ചതെന്നാണ് ഇഡിയുടെ റിപ്പോർട്ടിലൂടെ മനസിലാകുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us