കൊച്ചി: കൊച്ചി: സ്വര്‍ണക്കള്ളകടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസിന്റെയും എന്‍ഫോഴ്‌സ്‌മെന്റിന്റെയും കേസുകളില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരത്തെ ഈ ഹര്‍ജികള്‍ പരിഗണിച്ച ഹൈക്കോടതി ശിവശങ്കറിന്റെ അറസ്റ്റ് ഇന്നുവരെ പാടില്ലെന്ന് തടഞ്ഞിരുന്നു.
കസ്റ്റംസ്, എൻഫോഴ്‌സ്‌മെന്റ് കേസുകളിലാണ് ശിവശങ്കർ മുൻകൂർ ജാമ്യ ഹർജി നൽകിയത്. ഇരു കേസുകളിലും ശിവശങ്കറിന്റെ അറസ്റ്റ് സിംഗിൾ ബഞ്ച് 23 വരെ തടഞ്ഞിരുന്നു.
വിവിധ എജന്‍സികള്‍ 90 മണിക്കൂര്‍ തന്നെ ചോദ്യം ചെയ്തെന്നും ഏത് അന്വേഷണ ഏജന്‍സിക്ക് മുന്‍പില്‍ ഹാജരാകാനും തയ്യാറാണെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ശിവശങ്കര്‍ വ്യക്തമാക്കിയിരുന്നു. കസ്റ്റംസിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും ശിവശങ്കര്‍ കോടതിയെ അറിയിച്ചു.
Read More: സ്വർണക്കടത്ത് കേസ്: ശിവശങ്കർ പ്രതിയല്ലെന്ന് എൻഐഎ, ജാമ്യഹർജി തീർപ്പാക്കി
സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുള്ള ശിവശങ്കറിന് സ്വർണ്ണക്കള്ളക്കടത്തിനെക്കുറിച്ച് അറിയാതിരിക്കാൻ സാധ്യതയില്ലെന്നാണ് എൻഫോഴ്‌സ്‌മെന്റ് നിലപാട്.
എന്നാൽ, അറസ്റ്റ് ഒഴിവാക്കാനുള്ള ശിവശങ്കറിന്റെ നാടകമായിരുന്നു ആശുപത്രി വാസമെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചിരിക്കുന്നത്. അറസ്റ്റ് ഉണ്ടാകുമെന്ന് ഭയന്നാണ് ശിവശങ്കർ കോടതിയെ സമീപിച്ചതെന്നും കസ്റ്റംസ് നൽകിയ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയിൽ ശിവശങ്കർ ചികിത്സ തേടിയത് മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ ഭാഗമായാണ്. ശിവശങ്കറിന്റെ മുൻകൂർ ജാമ്യപേക്ഷ നിലനിൽക്കില്ലെന്നും കസ്റ്റംസ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
വേദനസംഹാരി കഴിച്ചാൽ തീരാവുന്ന നടുവേദന മാത്രമാണ് ശിവശങ്കറിന് ഉണ്ടായിരുന്നത്. ഇതോടെ അസുഖം തട്ടിപ്പാണെന്നു വ്യക്തമായിരിക്കുകയാണ്. വക്കാലത്തു ഒപ്പിട്ട് കൊച്ചിയിൽ നിന്ന് മടങ്ങുമ്പോൾ ശിവശങ്കർ അറസ്റ്റ് പ്രതീക്ഷിച്ചിരുന്നു. ചോദ്യം ചെയ്യൽ ഒഴിവാക്കാനാണ് അസുഖം നടിച്ചതെന്നും കസ്റ്റംസ് പറയുന്നു.
ശിവശങ്കര്‍ പലതും മറച്ച് വെക്കുകയാണ്. മുഖ്യമന്ത്രി പറഞ്ഞത് ശിവശങ്കർ നിഷേധിച്ചെന്നും കസ്റ്റംസ് വാദിച്ചു. ക്ലിഫ് ഹൗസിൽ വെച്ച് കോൺസുലേറ്റ് ജനറലിനെ കണ്ടപ്പോള്‍ സ്വപ്നയുണ്ടായിരുന്നെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു എന്നാല്‍ ഇത് ഓര്‍മ്മയില്ലെന്നാണ് ശിവശങ്കറിന്റെ മൊഴിയെന്ന് കസ്റ്റംസ് അറിയിച്ചു. ശിവശങ്കറിന്റെ അസുഖം തട്ടിപ്പാണെന്നും കസ്റ്റംസ് പിന്നിട് ഹൈക്കോടതിയെ അറിയിച്ചു. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് നല്‍കിയ റിപ്പോര്‍ട്ടിലാണ് കസ്റ്റംസ് ഇത് അറിയിച്ചത്.
അതേസമയം, എന്‍ഐഎ കോടതിയില്‍ ശിവശങ്കര്‍ നല്‍കിയ മുന്‍കൂര്‍ അപേക്ഷയില്‍ പ്രതി ചേര്‍ത്തിട്ടില്ലെന്നാണ് എന്‍ഐഐ നിലപാട് എടുത്തത്. ഇതോടെ എന്‍ഐഎ കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി.