തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം.ശിവശങ്കർ നൽകിയ മൊഴി തൃപ്‌തികരമെന്ന് സൂചന. സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സ്വപ്‌ന സുരേഷിനൊപ്പമിരുത്തി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി കൂടിയായ ശിവശങ്കറിനെ ഇന്നലെ ചോദ്യം ചെയ്‌തിരുന്നു. ദേശീയ അന്വേഷണ ഏജൻസി മൂന്ന് തവണ ശിവശങ്കറിനെ ചോദ്യം ചെയ്‌തു. ആദ്യം നൽകിയ മൊഴിയിൽ ഇന്നലെയും ശിവശങ്കർ ഉറച്ചുനിന്നതായാണ് റിപ്പോർട്ട്.

നേരത്തെ നൽകിയ മൊഴിയിലെ പല കാര്യങ്ങളും ശിവശങ്കർ ഇന്നലെയും ആവർത്തിച്ചു. സ്വർണം പിടിച്ച ശേഷം സ്വപ്‌ന തന്നെ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി ശിവശങ്കർ പറയുന്നു. നേരത്തെ നൽകിയ മൊഴിയിലും ഇതു പറഞ്ഞിരുന്നു. സ്വർണക്കടത്ത് കേസിൽ നിന്നു രക്ഷപ്പെടാൻ സഹായം തേടിയെങ്കിലും സ്വപ്‌നയ്‌ക്ക് അനുകൂലമായി താൻ ഒരു കാര്യവും ചെയ്‌തു നൽകിയിട്ടില്ലെന്നാണ് ശിവശങ്കറിന്റെ മൊഴി. നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനും ശിവശങ്കര്‍ ഈ മൊഴി നല്‍കിയിരുന്നു.

Read Also: അതീവ ഗുരുതരം; എസ് പി ബിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

ശിവശങ്കറിൽ നിന്നു തനിക്ക് യാതൊരു സഹായവും ലഭിച്ചിട്ടില്ലെന്നാണ് സ്വപ്‌ന സുരേഷും പറയുന്നത്. അതുകൊണ്ട് തന്നെ ഈ കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനു ക്ലീൻ ചിറ്റ് നൽകിയേക്കുമെന്നും സൂചനകളുണ്ട്. എന്നാൽ, അന്വേഷണത്തിന്റെ ഭാഗമായി ഇനിയും ചോദ്യം ചെയ്യേണ്ടിവന്നാൽ ശിവശങ്കറിനെ വീണ്ടും വിളിപ്പിക്കാനും ആലോചനയുണ്ട്.

സ്വപ്‌നയുമായുള്ള കൂടിക്കാഴ്‌ചകൾ വ്യക്തിപരമായിരുന്നു എന്ന് ശിവശങ്കർ മൊഴി നൽകിയതായാണ് റിപ്പോർട്ട്. ഇതിനെ സാധൂകരിക്കുന്ന തരത്തിലാണ് സ്വപ്‌ന നൽകിയ മൊഴിയും. ഇരുവരുടെയും മൊഴികൾ സൂക്ഷമമായി പരിശോധിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

അതേസമയം, സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ റിമാൻഡ് ചെയ്‌തു. അടുത്ത മാസം എട്ട് വരെയാണ് റിമാൻഡ്. കസ്‌റ്റഡി കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്നാണ് ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. സ്വപ്‌നയെ കാക്കനാട് ജയിലിലേക്ക് മാറ്റാനും കോടതി ഉത്തരവിട്ടു. തനിക്ക് വിയ്യൂർ ജയിലിൽ കഴിയാൻ ബുദ്ധിമുട്ടുണ്ടെന്ന് സ്വപ്‌ന സുരേഷ് കോടതിയെ അറിയിച്ചിരുന്നു.

കൊച്ചിയിലെ എൻഐഎ ഓഫീസിൽവച്ചാണ് സ്വപ്‌ന സുരേഷിനെയും ശിവശങ്കറിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്‌തത്. ഒൻപത് മണിക്കൂറോളം ശിവശങ്കറിനെ ചോദ്യം ചെയ്‌തു. അതിനുശേഷം രാത്രിയാേടെ ശിവശങ്കർ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങി.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.