തിരുവനന്തപുരം: സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് ആരോപണമുയർന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രെെവറ്റ് സെക്രട്ടറിയും ഐടി സെക്രട്ടറിയുമായ എം.ശിവശങ്കറിനെ സർവീസിൽ നിന്നു സസ്‌പെൻഡ് ചെയ്യാൻ സാധ്യത. മുഖ്യമന്ത്രിയുടെ പ്രെെവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്നും ഐടി സെക്രട്ടറി സ്ഥാനത്തുനിന്നും ശിവശങ്കറിനെ നേരത്തെ ഒഴിവാക്കിയിരുന്നു. ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യാൻ സാധ്യതയുള്ളതായി വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയാണ് അദ്ദേഹത്തെ സർവീസിൽ നിന്നു സസ്‌പെൻഡ് ചെയ്യാനുള്ള സാധ്യതകളുള്ളതായി വാർത്തകൾ പുറത്തുവരുന്നത്.

Read Also: റമീസിനു ഉന്നതരുമായി ബന്ധമെന്ന് സൂചന; മുൻപ് മാൻവേട്ടയിലും തോക്ക് കടത്തലിലും പ്രതി

ഇന്നലെ ശിവശങ്കറിന്റെ ഫ്ലാറ്റിലെത്തി സന്ദര്‍ശക രജിസ്റ്റര്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. ശിവശങ്കറും സ്വർണക്കടത്തു കേസിൽ ഒളിവിൽ കഴിയുന്ന സ്വപ്‌ന സുരേഷും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു. ഇതേ തുടർന്നാണ് ശിവശങ്കറിന്റെ ഫ്ലാറ്റിലെത്തി കസ്റ്റംസ് വിവരങ്ങൾ ശേഖരിച്ചത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള രണ്ട് പ്രതികളും ഈ ഫ്ലാറ്റിലെത്തി ചര്‍ച്ച നടത്തിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്. അതേസമയം, വിവാദ വിഷയങ്ങളിൽ അന്വേഷണം നടക്കട്ടെയെന്നും കൂടുതല്‍ ഒന്നും പറയാനില്ലെന്നുമായിരുന്നു ശിവശങ്കറിന്റെ പ്രതികരണം.

Read Also: സ്വപ്‌‌നയെയും സന്ദീപിനെയും റോഡ് മാർഗം കേരളത്തിലെത്തിച്ചു; വാളയാറിൽ കോൺഗ്രസ് പ്രതിഷേധം

സ്വർണക്കടത്തു കേസിൽ ശിവശങ്കറിനു ഏതെങ്കിലും തരത്തിൽ നേരിട്ടു ബന്ധമുള്ളതായി കസ്റ്റംസിനു ഇതുവരെ വിവരം ലഭിച്ചിട്ടില്ല. എന്നാൽ, സ്വർണക്കടത്ത് കേസ് സർക്കാരിനെതിരെയുള്ള ആയുധമാക്കാനാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്. സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് സംബന്ധിച്ച ആരോപണങ്ങൾ കേരള പൊലീസ് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് ചെന്നിത്തല, ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്ക് കത്ത് നൽകിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.