തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ ഐടി സെക്രട്ടറി എം.ശിവശങ്കർ ഐഎഎസിന്റെ സസ്‌പെൻഷൻ കാലാവധി നീട്ടി. നാലുമാസത്തേക്കാണ് സസ്‌പെൻഷൻ നീട്ടിയിരിക്കുന്നത്. ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത അധ്യക്ഷനായ കമ്മിറ്റിയുടെ ശുപാർശയിലാണ് നടപടി.

സസ്പെൻഷൻ പുനഃപരിശോധിക്കുന്നതിനു ചീഫ് സെക്രട്ടറി അധ്യക്ഷനായി മൂന്നംഗ സമിതിയെ സർക്കാർ നിയോഗിച്ചിരുന്നു. അഖിലേന്ത്യാ സർവീസ് ചട്ടം അനുസരിച്ച് ഐഎഎസ് ഉദ്യോഗസ്ഥനെ സസ്പെൻഡു ചെയ്‌തു 60 ദിവസം കഴിയുമ്പോൾ പുനഃപരിശോധിക്കണം. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചീഫ് സെക്രട്ടറിക്കു പുറമേ അഡീഷനൽ ചീഫ് സെക്രട്ടറിമാരായ സത്യജിത് രാജൻ, ടി.കെ.ജോസ് എന്നിവരായിരുന്നു സമിതി അംഗങ്ങൾ.

Read Also: സംസ്ഥാനത്ത് 2,540 പേർക്ക് കൂടി കോവിഡ്; 2,110 പേർ രോഗമുക്തി നേടി

തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷുമായി ശിവശങ്കറിനു അടുത്ത ബന്ധമുണ്ടെന്നും ശിവശങ്കർ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്നും ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി നേരത്തെ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്‌തത്.

ബന്ധങ്ങള്‍ സ്ഥാപിക്കുന്നതില്‍ ശിവശങ്കറിന് ജാഗ്രതക്കുറവ് ഉണ്ടായെന്ന വിലയിരുത്തലായിരുന്നു ചീഫ് സെക്രട്ടരിയുടെ റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. ഈ റിപ്പോർട്ട് പിന്നീട് മുഖ്യമന്ത്രിക്ക് കൈമാറുകയായിരുന്നു.

Read Also: എന്തിനു രാജിവയ്‌ക്കണം?, എല്ലാം കെട്ടിച്ചമച്ച ആരോപണങ്ങൾ; ജലീലിനു മുഖ്യമന്ത്രിയുടെ പരിപൂർണ പിന്തുണ

അഖിലേന്ത്യാ സര്‍വീസിനു നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍ ശിവശങ്കറിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു.

അതേസമയം, സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ എൻഐഎയും എൻഫോഴ്‌സ്‌മെന്റും ചോദ്യം ചെയ്‌തിരുന്നു. കേന്ദ്ര ഏജൻസികൾ മണിക്കൂറുകളോളം ചോദ്യം ചെയ്‌തിട്ടും സ്വർണക്കടത്തിൽ ശിവശങ്കറിനു പങ്കുണ്ടോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

സ്വർണക്കടത്തിനെ കുറിച്ച് ശിവശങ്കർ അറിഞ്ഞിട്ടില്ലെന്നും പ്രതികൾക്ക് വേണ്ട ഒത്താശകൾ ചെയ്‌തു നൽകിയിട്ടില്ലെന്നുമാണ് അദ്ദേഹത്തിന്റെ അഭിഭാഷകനും പറയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.