scorecardresearch
Latest News

ശിവശങ്കര്‍ തുറന്ന് പറച്ചില്‍ നടത്തിയാല്‍ സര്‍ക്കാര്‍ വീഴുമെന്ന് സുധാകരന്‍

സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം പുരോഗമിക്കാത്തതിന്റെ പിന്നില്‍ ബിജെപി-സിപിഎം കൂട്ടുകെട്ടാണെന്നും സുധാകരന്‍ ആരോപിക്കുന്നു

K Sudhakaran, KPCC, High command
ഫൊട്ടോ: നിതിൻ ആർ.കെ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറിയും നിലവിലെ കായിക യുവജനക്ഷേമ സെക്രട്ടറിയുമായ എം. ശിവശങ്കര്‍ ഗ്രന്ഥരചനയ്ക്ക് സര്‍ക്കാരിന്റെ അനുമതി വാങ്ങിയോ എന്നതിനെക്കുറിച്ച് ഉരുണ്ടുകളിച്ച മുഖ്യമന്ത്രിക്ക് നിയമസഭയില്‍ വ്യക്തമായ മറുപടി പറയേണ്ടി വന്നത് ഗത്യന്തരമില്ലാതെയാണെന്ന ആക്ഷേപവുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എംപി.

“സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച ശിവശങ്കറിനെതിരേ നടപടി സ്വീകരിക്കാന്‍ ഈ കാരണം മതിയെങ്കിലും മുഖ്യമന്ത്രി തന്റെ വിശ്വസ്തനെ സംരക്ഷിക്കുകയാണ്. സുദീര്‍ഘകാലം കൂട്ടുകക്ഷിയായിരുന്ന ശിവശങ്കറിനെ കയ്യൊഴിയാനാകില്ല. ശിവശങ്കര്‍ വായ് തുറന്നാല്‍ വീഴാവുന്നതേയുള്ളു ഈ സര്‍ക്കാര്‍. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട നിരവധി രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനാണ് ശിവശങ്കര്‍ എന്നത് അങ്ങാടിപ്പാട്ടാണ്,” സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

കേരള സര്‍വീസിലെ മറ്റൊരു ഉദ്യോഗസ്ഥനും ലഭിക്കാത്ത സംരക്ഷണവും ആനുകൂല്യവുമാണ് ശിവശങ്കറിന് മാത്രം ലഭിക്കുന്നത്. രാജ്യദ്രോഹ കുറ്റവുമായി ബന്ധപ്പെട്ട കേസിലും സ്വര്‍ണക്കടത്ത് കേസിലും വിചാരണ തടവുകാരനായി ജയിലില്‍ കിടന്ന വ്യക്തിയാണ് ഇദ്ദേഹം. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ്, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണങ്ങള്‍ നേരിടുന്ന ശിവശങ്കറിനെ സര്‍വീസില്‍ തിരിച്ചെടുക്കുന്നതിലും മുഖ്യമന്ത്രി വല്ലാത്ത വ്യഗ്രത കാട്ടിയെന്നും സുധാകരന്‍ പറഞ്ഞു.

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ അദ്ദേഹം പുസ്തകത്തില്‍ ഉന്നയിക്കുന്നുണ്ട്. എന്നിട്ടും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശിവശങ്കറിനെതിരെ ഒരു നടപടിയും എടുക്കുന്നില്ല. ഡോളര്‍കടത്ത് കേസും രാജ്യദ്രോഹക്കുറ്റ കേസുമെല്ലാം വര്‍ഷങ്ങളായി ഇഴയുകയാണ്. ഇതിന് പിന്നില്‍ ബിജെപി-സിപിഎം അവിശുദ്ധകൂട്ടുകെട്ടാണെന്നും സുധാകരന്‍ ആരോപിച്ചു.

Also Read: സിൽവർലൈൻ സംസ്ഥാനത്തെ രണ്ടായി വിഭജിക്കില്ല, പ്രചാരണം വസ്തുതാ വിരുദ്ധം: മുഖ്യമന്ത്രി

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Gold smuggling case m sivasankar kerala government