കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടിവരുമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. ശിവശങ്കറിന്റെ മുൻകൂർ ജാമ്യത്തെ എതിർത്ത് ഇഡി നൽകിയ സത്യവാങ്‌മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ശിവശങ്കറിന് കൂടുതൽ കാര്യങ്ങൾ അറിയാമെന്നും അതിനാൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇഡി സത്യവാങ്‌മൂലത്തിൽ പറയുന്നു. സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്‌ന എല്ലാ കാര്യങ്ങളും ശിവശങ്കറുമായി ചർച്ച ചെയ്‌തിരുന്നു എന്നാണ് ഇഡിയുടെ നിഗമനം.
Read Also: സർക്കാർ ജീവനക്കാരുടെ ശമ്പളം ഇനി പിടിക്കില്ല; മന്ത്രിസഭായോഗ തീരുമാനങ്ങൾ
ശിവശങ്കറിനെ എതിർത്ത് കസ്റ്റംസും
ശിവശങ്കറിനെതിരെ അതിരൂക്ഷമായ വിമർശനവുമായി സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘം ഇന്നലെ രംഗത്തെത്തിയിരുന്നു. ശിവശങ്കറിന്റേത് അറസ്റ്റ് ഒഴിവാക്കാനുള്ള നാടകമാണെന്ന് കസ്റ്റംസ് ആരോപിച്ചു. ആശുപത്രിയിൽ ആകുന്നതിന് മുൻപ് ശിവശങ്കർ മുൻകൂർ ജാമ്യ ഹർജിയിൽ ഒപ്പിട്ട് നൽകിയിരുന്നു. ശിവശങ്കറിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ല. വേദന സംഹാരി നൽകിയാണ് ശിവശങ്കറിനെ ഡിസ്ചാർജ് ചെയ്തതെന്നും കസ്റ്റംസ് പറയുന്നു. ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയിൽ ശിവശങ്കർ ചികിത്സ തേടിയത് ഇതിന്റെ ഭാഗമാണെന്നും അവർ വിമർശിച്ചു.
അറസ്റ്റ് തടഞ്ഞു
ശിവശങ്കറിനെ 23 വരെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി എൻഫോഴ്‌സ്‌മെന്റിനും കസ്റ്റംസിനും നിർദേശം നൽകിയിരിക്കുന്നത്. ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി തുടർവാദം കേൾക്കും. ഫലത്തിൽ, ശിവശങ്കറിനെ അറസ്റ്റ് ചെയ്യാനുള്ള എൻഫോഴ്‌സ്‌മെന്റിന്റെയും കസ്റ്റംസിന്റെയും നീക്കം നീണ്ടുപോകാനാണു സാധ്യത.