കൊച്ചി: സ്വർണക്കടത്ത് കേസിൽ കസ്റ്റഡിയിലെടുത്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കൊച്ചിയിലെ ഓഫീസിൽ എത്തിച്ച് ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരത്തെ ആയുർവേദ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശിവശങ്കറിനെ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു തൊട്ടുപിന്നാലെ ഇഡി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആറര മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനുശേഷമാണ് അറസ്റ്റ്.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനാണ് ശിവശങ്കറിനെ കൊണ്ടുപോകുന്നതെന്ന് ഇഡി അധികൃതർ വ്യക്തമാക്കിയിരുന്നു. ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹെെക്കോടതി തള്ളിയതിനു പിന്നാലെയാണ് ഇഡി ശിവശങ്കറെ ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്തത്. കസ്റ്റംസും എൻഫോഴ്‌സ്‌മെന്റും അറസ്റ്റ് ചെയ്യാനുള്ള സാധ്യത ചൂണ്ടിക്കാട്ടി ശിവശങ്കർ സമർപ്പിച്ച ഹർജികൾ പരിഗണിച്ചാണ് ജസ്റ്റിസ് അശോക് മേനോൻ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.

Read Also: മുഖ്യമന്ത്രിയുടെ ഓഫീസിലെ അതികായൻ, ഒടുവിൽ വിവാദനായകൻ; ശിവശങ്കർ അറസ്റ്റിലേക്കോ?

വീണ്ടും ചോദ്യം ചെയ്യുന്നതിന് കസ്റ്റംസ് നോട്ടീസ് നൽകിയതിനെ തുടർന്നാണ് ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചത്. സ്വർണക്കടത്തിലെ ഗുഢാലോചകരിൽ ഒരാളാണ് ശിവശങ്കറെന്നും സ്വപ്‌ന സുരേഷ് കരു മാത്രമാണെന്നും പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ ശിവശങ്കറിന് അറിയാമെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നുമാണ് അന്വേഷണ ഏജൻസികൾ ആവശ്യപ്പെട്ടത്.

സ്വപ്‌നയുടെ കള്ളപ്പണ ഇടപാടുകളിൽ ശിവശങ്കർ ഇടപെട്ടതിന് വ്യക്തമായ സൂചനകൾ ഉണ്ടന്ന് ഹൈക്കോടതി പറഞ്ഞു. സ്വപ്‌നയുടെ ലോക്കറിലെ പണമിടപാടുകൾ ശിവശങ്കർ നിരീക്ഷിച്ചിരുന്നു. ലോക്കർ എടുക്കാൻ സഹായിക്കണമെന്ന് മാത്രമാണ് ചാർട്ടേഡ് അക്കൗണ്ടന്റിനോട് ആവശ്യപ്പെട്ടുള്ളൂ എന്ന് ശിവശങ്കർ അവകാശപ്പെടുന്നുണ്ടെങ്കിലും ചാർട്ടേഡ് അക്കൗണ്ടന്റുമായുള്ള ആശയവിനിമയത്തിൽ ചില സൂചനകൾ കാണുന്നുണ്ടെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി.

ശിവശങ്കറെ ഇഡി ഇതുവരെ പ്രതിയാക്കിയിട്ടില്ലെങ്കിലും സ്വപ്‌നയുടെ കള്ളപ്പണം വെളുപ്പിക്കലിൽ ശിവശങ്കറിന്റെ പങ്കിന് ഇഡി ശക്തമായ സൂചനകൾ മുന്നോട്ടുവയ്‌ക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. സ്വപ്‌നയുടേയും ചാർട്ടേഡ് അക്കൗണ്ടന്റിന്റെയും മൊഴികൾ ശിവശങ്കറിന്റെ പങ്കിന് തെളിവാണ്. ശിവശങ്കർ പ്രതിയാണന്നതിനോ കുറ്റക്കാരനാണെന്നതിനോ അന്വേഷണ ഏജൻസിക്ക് ഈ ഘട്ടത്തിൽ തെളിവുകൾ ലഭിച്ചിട്ടില്ലെങ്കിലും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനെന്ന നിലയിൽ പണമിടപാടുകളിലെ ബന്ധം സംബന്ധിച്ച് ഇഡിക്ക് തെളിവുകൾ കിട്ടിയിട്ടുണ്ട്.

യുഎഇ കോൺസുലേറ്റിലെ സെക്രട്ടറിയെന്ന നിലയിലാണ് സ്വപ്‌നയുമായുള്ള ബന്ധമെന്ന് പറയുന്ന ശിവശങ്കർ അവരുടെ സാമ്പത്തിക കാര്യങ്ങളിൽ ഇടപെടേണ്ടിയിരുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്വപ്‌നയുടെ സാമ്പത്തിക ഇടപാടുകളിൽ ശിവശങ്കർ ഇടപെട്ടു എന്നത് വസ്‌തുതയാണെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണ ഏജൻസികൾക്ക് കുറ്റാരോപിതനെ വിളിച്ചു വരുത്താനും ചോദ്യം ചെയ്യാനും തെളിവെടുക്കാനും അധികാരമുണ്ട്.

ശിവശങ്കർ ഉൾപ്പെട്ട കേസ് അന്വേഷിക്കുന്നത് മുതിർന്ന ഉദ്യോഗസ്ഥരാണ്. മതിയായ തെളിവുകളുടെ അടിസ്ഥാനത്തിലേ അറസ്റ്റ് പോലുള്ള നടപടികളിലേക്ക് അവർ കടക്കൂ. കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം കുറ്റാരോപിതന് എന്തെങ്കിലും ഇളവിന് അവകാശമില്ല. മുൻകൂർ ജാമ്യഹർജി അപക്വമാണെന്നും മുതിർന്ന അന്വേഷണ ഉദ്യോഗസ്ഥർ നിയമം വിട്ടു പ്രവർത്തിക്കില്ലെന്ന് കോടതിക്ക് ഉറപ്പുണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കി.

ആയുർവേദ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ശിവശങ്കർ. സ്വർണക്കടത്തു കേസിൽ പ്രതി ചേർത്തിട്ടില്ലെങ്കിലും വാദത്തിനിടെ, ശിവശങ്കറിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഇഡി ഉന്നയിച്ചത്. ശിവശങ്കറിനെ കസ്റ്റിഡിയിലെടുക്കാനുള്ള സാധ്യതയുള്ളതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. വെള്ളിയാഴ്‌ച വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുതെന്നാണ് നേരത്തെ കേസ് പരിഗണിച്ചപ്പോൾ ജസ്റ്റിസ് അശോക് മേനോൻ നിർദേശം നൽകിയത്.

Read Also: തുലാവർഷമെത്തി; സംസ്ഥാനത്ത് മഴ തുടരും, യെല്ലോ അലർട്ട്

സ്വപ്‌ന ശിവശങ്കറിന്റെ നിയന്ത്രണത്തിലായിരുന്നു. മുതിർന്ന സിവിൽ ഉദ്യോഗസ്ഥനാണ് ശിവശങ്കർ. മുൻകൂർ ജാമ്യം നൽകിയാൽ അന്വേഷണത്തെ കാര്യമായി ബാധിക്കും. ജാമ്യം നൽകരുതെന്നും കള്ളക്കടത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്വാധീനം ദുരുപയോഗിച്ചു എന്നും എൻഫോഴ്‌സ്‌മെന്റ് വാദത്തിനിടെ  ചൂണ്ടിക്കാട്ടിയിരുന്നു.

അന്വേഷണത്തിൽ ശിവശങ്കറിന് സ്വപ്‌നയുമായി അടുത്ത ബന്ധമുണ്ടെന്ന് വെളിവായി. സ്വപ്‌നയ്‌ക്ക് 25,000 രൂപപോലും എടുക്കാൻ ഇല്ലാത്ത അവസ്ഥ ആയിരുന്നു. പിന്നീട് 30 ലക്ഷം എവിടെ നിന്നുണ്ടായി. വാട്‌സാപ്പ് സന്ദേശം വച്ച് ചോദ്യം ചെയ്‌തപ്പോൾ പലതും അറിയില്ലെന്നാണ് ശിവശങ്കർ പറയുന്നത്. ചാർട്ടേഡ് അക്കൗണ്ടന്റിനെ എന്തിന് പരിചയപ്പെടുത്തി എന്ന് പറയുന്നില്ല. തെറ്റിദ്ധരിപ്പിക്കുകയാണ്. ചോദ്യം ചെയ്യുമ്പോൾ സത്യം പറയുന്നില്ലെന്നും എൻഫോഴ്‌സ്‌മെന്റ് ആരോപിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.