കൊച്ചി: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് യുഎഇ നയതന്ത്ര ചാനല്‍ ഉപയോഗിച്ച് നടന്ന സ്വർണക്കള്ളക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിനെതിരെ ഇന്റർപോൾ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇന്ത്യയുടെ അഭ്യര്‍ഥനപ്രകാരമാണ് ഇന്റര്‍പോള്‍ നോട്ടീസ് പുറപ്പെടുവിച്ചത്. ലോകത്തെ ഏത് വിമാനത്താവളത്തില്‍ ഫൈസല്‍ എത്തിയാലും പിടിയിലാകും.

രണ്ടു വർഷത്തോളമായി അടഞ്ഞുകിടക്കുന്ന ഫൈലസിന്റെ തൃശൂരിലെ വീട്ടില്‍ ഇന്നലെ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. ഇവിടെനിന്നു ലാപ്പ്ടോപ്പും ഒട്ടേറെ രേഖകളും പിടിച്ചെടുത്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ തുടങ്ങിയ പരിശോധന അഞ്ചരയ്ക്കാണ് അവസാനിച്ചത്.

Read More: ചാനൽ അഭിമുഖത്തിലെ വെളിപ്പെടുത്തൽ; സരിത്തിന്റെ അഭിഭാഷകന് ബാർ കൗൺസിൽ നോട്ടീസ്

പരിശോധനയിൽ മൂന്ന് ബാങ്ക് പാസ്ബുക്ക് ലഭിച്ചിരുന്നു. ഈ അക്കൗണ്ടുകളുള്ള ബാങ്കുകളിൽ ഇന്ന് പരിശോധന നടത്തും. ഫൈസലിന് ഇവിടെ ലോക്കറുകൾ ഉണ്ടോയെന്നും പരിശോധിക്കും.

കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിനെയും നാലാം പ്രതി സന്ദീപ് നായരെയും എൻഐഎ ഇന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. എപ്പോഴാണ് ഇവരെ കൊണ്ടുപോകുകയെന്നത് വ്യക്തമല്ല. മറ്റൊരു പ്രതിയായ സരിത്തുമൊന്നിച്ച് ഇന്ന് തെളിവുകൾ ശേഖരിക്കുമെന്നാണ് റിപ്പോർട്ട്.

കേസിൽ, നേരത്തെ അറസ്റ്റിലായ മലപ്പുറം സ്വദേശി റമീസിന്റെ കൂട്ടാളി ജലാൽ കഴിഞ്ഞദിവസം പിടിയിലായിരുന്നു. മൂവാറ്റുപുഴ സ്വദേശിയാണ് ജലാൽ. ഇയാൾക്കൊപ്പം മറ്റു രണ്ടു പേർ കൂടി പിടിയിലായെന്നാണ് വിവരം. തിരുവനന്തപുരം, ഡല്‍ഹി, ബെംഗളൂരു വിമാനത്താവളങ്ങളിലൂടെയുള്ള കള്ളക്കടത്തുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ ജലാലിനെതിരെയുണ്ട്.

Read Also: മാസ്ക് വലിച്ചെറിയുമെന്ന് ബിജെപി നേതാവ്, അരുതേയെന്ന് കൈകൂപ്പി ഡോക്ടർ

മുൻ ദിവസങ്ങളിൽ മഞ്ചേരി സ്വദേശി അൻവറും വേങ്ങര സ്വദേശി സെയ്‌തലവിയും അറസ്റ്റിലായിരുന്നു. വിമാനത്താവള സ്വർണക്കടത്തിനായി പ്രതികൾ എട്ട് കോടി രൂപ സമാഹരിച്ചുവെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് രണ്ടു പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തുന്നത്.

പ്രതികളായ റമീസും ജലാലും സന്ദീപും അംജത് അലിയും ചേർന്നാണ് പണം സമാഹരിച്ചത്. ഈ തുകയ്‌ക്കാണ് സ്വർണം ദുബായിൽനിന്ന് എത്തിച്ചത്. കടത്തിയ സ്വർണം മൂവാറ്റുപുഴ സ്വദേശി ജലാലാണ് ജ്വല്ലറികൾക്ക് വിൽക്കാൻ കരാറുണ്ടാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.