തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തതിന്റെ പേരിൽ മന്ത്രി ജലീൽ രാജിവയ്ക്കണമെന്ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് യൂത്ത് കോൺഗ്രസ് ബിജെപി പ്രവർത്തകർ പ്രതിഷേധ പ്രകടന നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ സംഘർഷം. ബിജെപി പ്രവർത്തകർ ജലീലിന്റെ കോലം കത്തിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടാവുകയും പൊലീസ് ലാത്തിവീശുകയും ചെയ്തു.

അതേ സമയം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മലപ്പുറത്തും കൊച്ചിയിലും യുവജനസംഘടനകൾ പ്രതിഷേധ പ്രകടനം നടത്തി. മന്ത്രിയുടെ കോലം കത്തിച്ചു. പാലക്കട് സുൽത്താൻപേട്ടയിൽ യുഡിഎഫ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. എന്നാൽ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തതിന്റെ പേരിൽ ജലീൽ രാജിവയ്ക്കേണ്ട ആവശ്യമില്ലെന്നാണ് സിപിഎം കേന്ദ്ര നേത്യത്വത്തിന നിലപാട്.

എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്‌ത മന്ത്രി കെ.ടി.ജലീൽ ധാർമികതയുണ്ടെങ്കിൽ രാജിവയ്‌ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജലീൽ ചോദ്യംചെയ്യലിനു പോയത് തലയിൽ മുണ്ടിട്ടാണെന്ന് ചെന്നിത്തല ആരോപിച്ചു. സംസ്ഥാന ചരിത്രത്തിൽ ഒരു മന്ത്രിയെയും കേന്ദ്ര ഏജൻസി ചോദ്യം ചെയ്‌തിട്ടില്ല. തുടർച്ചയായി ക്രിമിനൽ കുറ്റങ്ങൾ ചെയ്യുന്ന മന്ത്രിയെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. ജലീൽ രാജിവയ്‌ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും ആവശ്യപ്പെട്ടു.

ചോദ്യം ചെയ്യൽ വാർത്ത പുറത്തുവന്നതിനു പിന്നാലെ മന്ത്രി കെ.ടി.ജലീൽ പ്രതികരണവുമായി രംഗത്തെത്തി. “സത്യമേ ജയിക്കൂ. സത്യം മാത്രം. ലോകം മുഴുവൻ എതിർത്താലും മറിച്ചൊന്ന് സംഭവിക്കില്ല” എന്നാണ് ജലീൽ ഫെയ്‌സ്‌ബുക്കിൽ കുറിച്ചത്.

ജലീലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റാണ് ചോദ്യം ചെയ്തത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് മന്ത്രിയെ ഇഡി ചോദ്യം ചെയ്‌തതെന്നാണ് റിപ്പോർട്ടുകൾ. ഇന്ന് രാവിലെ കൊച്ചിയിൽവച്ചായിരുന്നു ചോദ്യം ചെയ്യൽ. ഇഡിയുടെ ചോദ്യം ചെയ്യലിനു ശേഷം മന്ത്രി മലപ്പുറത്തേക്ക് മടങ്ങി. രണ്ടര മണിക്കൂറോളം ജലീലിനെ ചോദ്യം ചെയ്‌തതായാണ് സൂചന.

Read Also: ചെയ്യാത്ത തെറ്റിന്റെ പേരിൽ മരിക്കേണ്ടിവന്നാലും മാപ്പ് പറയില്ല: കെ.ടി.ജലീൽ

നയതന്ത്ര ബാഗേജ് വഴി യുഎഇ കോൺസുലേറ്റിൽ നിന്ന് സംസ്ഥാനത്തേക്ക് സാധനങ്ങൾ എത്തിയതുമായി ബന്ധപ്പെട്ട് മന്ത്രിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞതായാണ് വിവരം. ജലീലിൽ നിന്ന് വിവരങ്ങൾ തേടുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. നയതന്ത്രമാര്‍ഗത്തില്‍ വന്ന പാക്കേജുകളുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ട്. യുഎഇ കോൺസുലേറ്റിൽ നിന്ന് സഹായം സ്വീകരിച്ചതിൽ വിദേശസഹായ നിയന്ത്രണ നിയമപ്രകാരം മന്ത്രി കെ.ടി.ജലീലിനെതിരെ കേന്ദ്ര സർക്കാർ അന്വേഷണത്തിനു ഉത്തരവിട്ടിരുന്നു.

Read Also: സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു; ഇന്ന് മാത്രം 2988 രോഗബാധിതർ

എൻഫോഴ്‌സ്‌മെന്റ് മേധാവി നേരിട്ടെത്തിയാണ് മന്ത്രിയെ ചോദ്യം ചെയ്‌തത്. പ്രാഥമിക ഘട്ട ചോദ്യം ചെയ്യൽ മാത്രമാണ് ഇപ്പോൾ നടന്നത്. യുഎഇ കോൺസുലേറ്റ് ജനറലുമായി മന്ത്രിക്കുള്ള ബന്ധം, സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷുമായുള്ള ബന്ധം, നയതന്ത്ര മാർഗത്തിൽ മതഗ്രന്ഥങ്ങൾ കൊണ്ടുവന്നത് തുടങ്ങിയ കാര്യങ്ങളെല്ലാം മന്ത്രിയോട് ഇഡി ചോദിച്ചറിഞ്ഞിട്ടുണ്ട്. സ്വകാര്യ വാഹനത്തിലാണ് മന്ത്രി ചോദ്യം ചെയ്യലിനു ഹാജരായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.