തിരുവനന്തപുരം: മാധവ വാര്യരുമായി തനിക്കുള്ളതു സുഹൃദ് ബന്ധം മാത്രമാണെന്നു കെ ടി ജലീല്‍ എം എല്‍ എ. തനിക്കെതിരെ ആരോപണമുന്നയിച്ച സ്വപ്ന സുരേഷ് ജോലിചെയ്യുന്ന എച്ച് ആര്‍ ഡി എസുമായി മാധവവാര്യര്‍ക്കു തര്‍ക്കങ്ങളുണ്ട്. അതാണു മാധവ വാര്യരെ തനിക്കെതിരായ ആരോപണത്തിലേക്കു വലിച്ചിഴയ്ക്കാനുള്ള സ്വപ്‌നയുടെ ശ്രമത്തിനു പിന്നിൽ. ഷാര്‍ജ സുല്‍ത്താനു ഡി ലിറ്റ് നല്‍കാന്‍ ഇടപെട്ടിട്ടില്ലെന്നും ജലീല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മുംബൈ കേന്ദ്രീകരിച്ചുള്ള വ്യവസായിയായ തിരുനാവായക്കാരനായ മാധവവാര്യരെ കുറച്ചുനാളുകളായി അറിയാം. അദ്ദേഹവുമായി സുഹൃദ് ബന്ധമുണ്ട്. വാര്യര്‍ ഫൗണ്ടഷേന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാറുമുണ്ട്. അതിനപ്പുറം ഒന്നുമില്ല.
അട്ടപ്പാടിയില്‍ എച്ച് ആര്‍ ഡി എസിന്റെ വീടുകളുടെ നിര്‍മാണം നടത്തിയിരിക്കുന്നത് മാധവവാര്യരുടെ ഫൗണ്ടേഷനാണ്. എച്ച് ആര്‍ ഡി എസ് വണ്ടിച്ചെക്ക് നല്‍കിയതിനെതിരെ വാര്യര്‍ ഫൗണ്ടേഷന്‍ മുംബൈ ഹൈക്കോടതിയില്‍ കേസ് നല്‍കിയിട്ടുണ്ട്. ഇതിന്റെ പ്രതികാരമാണ് മാധവ വാര്യര്‍ തന്റെ ബിനാമിയാണെന്നു സ്വപ്ന പറഞ്ഞത്. വാര്യര്‍ ഫൗണ്ടേഷനുമായുള്ള എച്ച് ആര്‍ ഡി എസിന്റെ തര്‍ക്കം എങ്ങനെ വഴിതിരിച്ച് ഈ കേസിലേക്കു വിടാമെന്നാണ് നോക്കുന്നത്.
കുറച്ചു ദിവസമായി പച്ചക്കളങ്ങളുടെ കുത്തൊഴുക്കാണ്. സ്വപ്ന സുരേഷ് എന്തൊക്കെയോ വിളിച്ചുപറയുകയാണ്. പുട്ടിനു തേങ്ങയിടുന്നതുപോലെയാണ് വെളിപ്പെടുത്തല്‍ നടത്തുന്നത്. ഷാര്‍ജ സുല്‍ത്താനെക്കുറിച്ച് നട്ടാല്‍ കുരുക്കാത്ത നുണകളാണ് പറയുന്നത്.
Also Read: സ്വപ്നയുടെ ആരോപണങ്ങളെല്ലാം തീർത്തും അസംബന്ധം: പി. ശ്രീരാമകൃഷ്ണൻ
ഷാര്‍ജ ഭരണാധികാരിക്കു കാലിക്കറ്റ് സര്‍വകലാശാല ഡി ലിറ്റ് നല്‍കിയതില്‍ യാതൊരു പങ്കുമില്ല. ഡി ലിറ്റ് നല്‍കാന്‍ 2014-ലാണ് സിന്‍ഡിക്കേറ്റ് തീരുമാനിച്ചത്. ബിരുദം സംബന്ധിച്ച കാര്യങ്ങള്‍ സര്‍വകലാശാലയോടാണ് ചോദിക്കേണ്ടത്. അന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.അബ്ദുള്‍ സലാമാണ്. അദ്ദേഹം ഇന്ന് ബി ജെ പി നേതാവാണ്. വല്ല സംശയവമുണ്ടെങ്കില്‍ സലാമിനോട് ചോദിച്ചാല്‍ മതി. ഡി ലിറ്റ് കൊടുക്കാന്‍ തീരുമാനിച്ചപ്പോള്‍ താനല്ല വിദ്യാഭ്യാസ മന്ത്രി, പി കെ അബ്ദുറബ്ബാണ്. 2018-ലാണ് താന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയിലെത്തുന്നത്.
മുഖ്യമന്ത്രിയെക്കുറിച്ചും അദ്ദേഹത്തിന്റെ കുടുംബത്തെക്കുറിച്ചും സ്വപ്ന വിളിച്ചുപറയുന്നത് കേട്ടാല്‍ അറപ്പുണ്ടാകും. ഷാര്‍ജ ഭരണാധികാരി ക്ലിഫ് ഹൗസില്‍ വന്നുപോകുന്നതുവരെ താനും അവിടെയുണ്ടായിരുന്നു. അടച്ചിട്ട മുറിയിൽ ഒരു സംസാരവും നടന്നിട്ടില്ല.
വ്യക്തിപരമായ കാര്യങ്ങള്‍ ഒരാളോടും പറയാന്‍ ഇഷ്ടപ്പെടാത്ത ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് അദ്ദേഹത്തെ അറിയുന്നവര്‍ക്ക് അറിയാം. പാര്‍ട്ടിക്കു വേണ്ടിയും ജനങ്ങള്‍ക്കു വേണ്ടിയും സഹിച്ച ത്യാഗം ഉള്‍പ്പടെയുള്ള വ്യക്തിപരമായ കാര്യങ്ങള്‍ പറയുന്നതില്‍ വൈമുഖ്യം കാണിക്കുന്ന ആളാണ് അദ്ദേഹം. അത്തരത്തിലുള്ള ഒരു ഭരണകര്‍ത്താവിനെക്കുറിച്ചാണ് നട്ടാല്‍ കുരുക്കാത്ത നുണകള്‍ പ്രചരിപ്പിക്കുന്നത്. ഇതെല്ലാം ജനങ്ങള്‍ തള്ളിക്കളയും.
ഇക്കാര്യങ്ങളെല്ലാം അന്വേഷിക്കണം. താന്‍ നേരത്തെ നല്‍കിയ പരാതി സംബന്ധിച്ച അന്വേഷണത്തില്‍ ഈ ആരോപണങ്ങളും ചേര്‍ക്കണമെന്ന് ആവശ്യപ്പെടും. ആരാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് അതോടെ ജനങ്ങള്‍ക്കു ബോധ്യമാകും. ഷാര്‍ജ ഭരണാധികാരിക്ക് സ്വര്‍ണവും ഡയമണ്ട്സുമൊക്കെ കൊടുത്തെന്ന് പറഞ്ഞാല്‍ ആരാണ് വിശ്വസിക്കുക? വിദേശ ഭരണാധികാരികളെ അപമാനപ്പെടുത്തുന്നതിനു തുല്യമല്ലേ ഇത്. സ്വര്‍ണക്കടത്തുകേസില്‍ ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും ജലീല്‍ പറഞ്ഞു.