കൊച്ചി: സ്വർണക്കടത്ത് കേസിൽ കീഴടങ്ങിയ ജലാലിന്റെ കാറിൽ രഹസ്യ അറകൾ. ജലാലിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ കാറിലാണ് സ്വർണക്കടത്തിന് സജ്ജീകരിച്ചിരിക്കുന്ന തരത്തിലുള്ള അറകളുള്ളത്. ജലാലിന്റെ ഉടമസ്ഥതയിലുള്ള കാറാണിത്. കാറിന്റെ മുൻസീറ്റിനടിയിലാണ് പ്രത്യേക അറയുള്ളത്. ഇതിലാണ് സ്വർണം കടത്തിയിരുന്നത്.
വർഷങ്ങളായി കേരള പൊലീസും കസ്റ്റംസും തിരയുന്ന പിടികിട്ടാപ്പുള്ളിയാണ് ജലാൽ. രാജ്യത്തേയ്ക്ക് വിവിധ വിമാനത്താവളങ്ങൾ വഴി സ്വർണം കടത്തുന്നതിന് ആളുകളെ നിയോഗിച്ചിരുന്നത് ജലാലാണ്.
മൂവാറ്റുപുഴയിൽ കോഴി ഫാം നടത്തിയിരുന്ന ജലാൽ അത് നഷ്ടത്തിലായതോടെയാണ് സ്വർണക്കടത്തിലേക്ക് എത്തിയത്. നേരത്തെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇയാൾ പിടിയിലായിരുന്നെങ്കിലും അതിന് ശേഷവും സ്വർണക്കടത്ത് തുടരുകയായിരുന്നു.
ഇന്നലെയാണ് മറ്റ് രണ്ട് പേർക്കൊപ്പമെത്തി കസ്റ്റംസ് ഓഫീസിൽ ഇയാൾ കീഴടങ്ങിയത്. കേരളത്തിലെ വിമാനത്താവളങ്ങൾക്കു പുറമേ ചെന്നൈ, മുംബൈ, ബെംഗളുരു വിമാനത്താവളങ്ങളിലൂടെ നിരവധി ആളുകളെ നിയോഗിച്ച് ഇയാൾ സ്വർണം കടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.
Also Read: സ്വർണക്കടത്ത് കേസ്: ഫൈസൽ ഫരീദിനെതിരെ അറസ്റ്റ് വാറന്റ്
തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ നിലവിൽ കസ്റ്റഡിയിലുള്ള റമീസുമായി ജലാലിന് അടുത്ത ബന്ധമുണ്ടെന്ന് കസ്റ്റംസ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. കേസ് അന്വേഷണം തന്നിലേക്കും നീങ്ങുന്നുവെന്ന് കണ്ടാണ് ജലാൽ ഇന്നലെ കീഴടങ്ങാനെത്തിയത്.