scorecardresearch

സ്വര്‍ണക്കടത്ത് കേസ്: മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ഹര്‍ജി നിയമപരമായി നില നില്‍ക്കില്ലെന്നായിരുന്നു സര്‍ക്കാരിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറലിന്റെ വാദം

high court , high court of kerala , iemalayalam
ഫൊട്ടൊ : നിതിന്‍ ആര്‍ കെ

കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത്, കറന്‍സി കടത്ത് കേസുകളില്‍ മുഖ്യമന്ത്രി അടക്കമുള്ള ഉന്നതരുടെ പങ്ക് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന ഹർജി ഹൈക്കോടതി തള്ളി. എച്ച്ആര്‍ഡിഎസ് ഭാരവാഹി കോട്ടയം പാല സ്വദേശി അജി കൃഷ്ണന്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.

ഹര്‍ജിക്കാരന്റെ താൽപര്യം സംശയകരമാണെന്ന സര്‍ക്കാര്‍ വാദം കോടതി കണക്കിലെടുത്താണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വിധി പ്രസ്താവിച്ചത്. സ്വപ്ന സുരേഷിന് ജോലി നല്‍കിയ ആളാണ് അജി കൃഷ്ണനെന്നും സംഘപരിവാറുമായി ബന്ധമുള്ള സംഘടനയാണ് എച്ച്ആര്‍ഡിഎസ് എന്നായിരുന്നു സര്‍ക്കാര്‍ വാദം.

സ്വര്‍ണ- ഡോളര്‍ കടത്തുകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍, മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് കേസുകളില്‍ പങ്കുണ്ടെന്ന് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും വ്യക്തമാക്കിയിട്ടും കേന്ദ്ര ഏജന്‍സികളായ കസ്റ്റംസും ഇ.ഡിയുമടക്കം അന്വേഷണം നടത്തിയില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

ഹര്‍ജി നിയമപരമായി നില നില്‍ക്കില്ലെന്നായിരുന്നു സര്‍ക്കാരിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറലിന്റെ വാദം. സ്വര്‍ണക്കടത്ത് കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം സ്വപ്ന സുരേഷിന് ജോലി നല്‍കിയ എച്ച്ആര്‍ഡിഎസ് എന്ന സംഘടനയുടെ നേതൃത്വത്തിലുള്ള വ്യക്തിയാണ് ഹര്‍ജിക്കാരന്‍. ഇക്കാര്യം മറച്ചുവച്ചാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളതെന്നും അഡ്വക്കേറ്റ് ജനറല്‍ ചൂണ്ടിക്കാട്ടി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Gold smuggling case high court verdict today