കൊച്ചി: നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസിൽ കസ്റ്റംസ് കുറ്റപത്രം സമർപ്പിച്ചു. മൂവായിരം പേജുള്ള കുറ്റപത്രമാണ് കൊച്ചിയിലെ കോടതിയിൽ സമർപ്പിച്ചത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറെ 29-ാം പ്രതിയായാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സരിത്താണ് കേസിൽ ഒന്നാം പ്രതി.
സ്വർണക്കടത്തിനെ കുറിച്ച് ശിവശങ്കറിന് വ്യക്തമായ അറിവുണ്ടായിരുന്നുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. റമീസും സന്ദീപുമാണ് നയതന്ത്ര ബാഗേജു വഴിയുള്ള കടത്തലിന്റെ സാധ്യത കണ്ടെത്തിയത്. 21 തവണയായി 161 കിലോയോളം സ്വർണം ഇവർ കടത്തി. കോഴിക്കോട് മലപ്പുറം ജില്ലകളിൽ ഉള്ളവരാണ് ഇതിനായി പണം മുടക്കിയതെന്നും കുറ്റപത്രത്തിൽ പറയുന്നു.
കടത്തിയ സ്വർണം ഉരുപ്പിടികളാക്കി മംഗലാപുരത്തെയും ഹൈദരബാദിലെയും ജുവലറികളിൽ നൽകിയെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഈ ജുവലറികളുടെ ഉടമകളെയും കസ്റ്റംസ് കുറ്റപത്രത്തിൽ പ്രതിചേർത്തിട്ടുണ്ട്.
എന്നാൽ സ്വർണക്കടത്തിൽ നിന്നും ലഭിച്ച പണം തീവ്രവാദത്തിനു ഉപയോഗിച്ചുവെന്ന എൻഐഎയുടെ കണ്ടെത്തൽ സാധൂകരിക്കുന്ന തെളിവൊന്നും കണ്ടെത്താൻ കസ്റ്റംസിനു കഴിഞ്ഞിട്ടില്ല. അതേസമയം, ദുബായ് കോൺസുലേറ്റിലെ ഉദ്യോഗസ്ഥർക്ക് ഇതിൽ വ്യക്തമായ പങ്കുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നുണ്ട്. എന്നാൽ ഇവരെ ഇപ്പോൾ പ്രതിചേർത്തിട്ടില്ല. ആകെ 29 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്.
Also Read: ഐഎസ്ആർഒ ചാരക്കേസ്: സിബി മാത്യൂസിന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി നീട്ടി