ക്രൈംബ്രാഞ്ച് അന്വേഷണം തടയണമെന്ന എൻഫോഴ്മെന്റിന്റെ ആവശ്യം മൂന്നാം വട്ടവും കോടതി നിരസിച്ചു

ക്രൈംബ്രാഞ്ച് അന്വേഷണം ഇല്ലാതാക്കാനാണ് എൻഫോഴ്സ്മെന്റിന്റെ ശ്രമമെന്ന് സർക്കാർ

High Court of Kerala, കേരള ഹൈക്കോടതി ,iemalayalam
ഫൊട്ടൊ: നിതിന്‍ കൃഷ്ണന്‍

കൊച്ചി: സ്വർണക്കടത്ത് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെയുള്ള ക്രൈംബ്രാഞ്ച് അന്വേഷണം തടയണമെന്ന എൻഫോഴ്മെന്റിന്റെ ആവശ്യം മൂന്നാം വട്ടവും കോടതി നിരസിച്ചു. കസ്റ്റംസ് ഉദ്യാഗസ്ഥയെ ചോദ്യം ചെയ്യാൻ ഫോണിൽ ബന്ധപ്പെട്ടുവെന്നും അന്വേഷണം തടയണമെന്നും ഇ.ഡിക്കു വേണ്ടി അറ്റോർണി ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു.

കേസിൽ തീരുമാനമുണ്ടാവുന്നതുവരെ നടപടി പാടില്ലെന്ന് കോടതി നിർദേശിച്ചു. ഉദ്യോഗസ്ഥർ പ്രതികളല്ലെന്ന് സർക്കാർ അറിയിച്ചതോടെ ആരേയും ഈ ഘട്ടത്തിൽ ചോദ്യം ചെയ്യാൻ വിളിക്കരുതെന്ന് കോടതി നിർദേശം നൽകി. ക്രൈംബ്രാഞ്ച് അന്വേഷണം റദ്ദാക്കണമെന്ന ഇ.ഡി. ഉദ്യോഗസ്ഥന്റെ ഹർജിയാണ് ജസ്റ്റിസ് വി.ജി.അരുൺ പരിഗണിച്ചത്.

Read More: സ്വർണക്കടത്ത് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെയുള്ള അന്വേഷണം തടയണമെന്ന് ഇ. ഡി

ക്രൈംബ്രാഞ്ച് അന്വേഷണം ഇല്ലാതാക്കാനാണ് എൻഫോഴ്സ്മെന്റിന്റെ ശ്രമമെന്ന് സർക്കാരിന് വേണ്ടി ഹാജരായ സുപ്രീം കോടതി അഭിഭാഷകൻ ഹരേൻ പി.റാവൽ ബോധിപ്പിച്ചു. ഹർജിക്കാരൻ സ്വകാര്യ ആവശ്യത്തിനായി ഔദ്യോഗിക രേഖകൾ ദുരുപയോഗം ചെയ്യുകയാണ്. പൊലീസ് അന്വേഷണം എൻഫോഴ്സ്മെന്റിന്റെ കള്ളപ്പണം വെളുപ്പിക്കൽ കേസിനെ ബാധിക്കില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി.

ക്രൈംബ്രാഞ്ച് തെളിവുണ്ടാക്കാൻ ശ്രമിക്കുകയാണന്നും ക്രൈംബ്രാഞ്ചിന്റെ കേസ് ഡയറിയും അന്വേഷണവുമായി ബന്ധപ്പെട്ട രേഖകളും കോതിയിൽ ഹാജരാക്കാൻ നിർദേശിക്കണമെന്നും ഇ.ഡി. ജോയിന്റ് ഡയറക്റ്റർ പി.രാധാകൃഷ്ണൻ സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു.

അന്വേഷണം വൈകിപ്പിക്കാനാണ് ഇ.ഡി.യുടെ ശ്രമമെന്നും ഇതിന്റെ മറവിൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവു നശിപ്പിക്കാനുമാണ് ഇ.ഡി.യുടെ നീക്കമെന്നും കാണിച്ച് സർക്കാരും സത്യവാങ്മൂലം നൽകി. ഹർജിക്കാരനായ ജോയിന്റ് ഡയറക്ടർ കേസിൽ പ്രതിയല്ലെന്നും അതുകൊണ്ട് തന്നെ രേഖകൾ ആവശ്യപ്പെടാനാവില്ലെന്നും സർക്കാർ അറിയിച്ചു.

ഹർജിക്കാരൻ കേന്ദ്ര സർക്കാരിന്റെ എല്ലാ അധികാര പിന്തുണയുള്ള ആളാണെന്നും സാധാരണക്കാരനല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനാണെന്നും സർക്കാർ വ്യക്തമാക്കി. ക്രൈംബ്രാഞ്ച് അന്വേഷണം അപഹാസ്യവും നിയമത്തിന്റെ ദുരുപയോഗവുമാണെന്നും അന്വേഷണത്തിന്റെ മറവിൽ ക്രൈംബ്രാഞ്ച് തെളിവുകൾ കെട്ടിച്ചമക്കുകയാണെന്നും എൻഫോഴ്‌സ്മെന്റ് ആരോപിച്ചു. മുഖ്യമന്ത്രിക്കെതിരെ തെളിവു നൽകാൻ നിർബന്ധിച്ചുവെന്ന സന്ദീപ് നായരുടെ കത്ത് സാമ്പത്തിക കോടതി പരിശോധിക്കും മുൻപേ ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത് നിയമത്തിന്റെ ദുരുപയോഗമാണെന്നും ഇ.ഡി. ആരോപിച്ചു. കേസ് കൂടുതൽ വാദത്തിനായി അടുത്ത മാസം 8 ലേക്ക് മാറ്റി.

സന്ദീപ് നായരെ ചോദ്യം ചെയ്യാൻ അനുമതി

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരെ ചോദ്യം ചെയ്യാൻ അനുമതി തേടി ക്രൈംബ്രാഞ്ച് സമർപ്പിച്ച അപേക്ഷ എറണാകുളം സിജെഎം കോടതി അനുവദിച്ചു. ജയിൽ സൂപ്രണ്ടിന്റെ സാന്നിധ്യത്തിൽ രണ്ട് ദിവസം ചോദ്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് കോടതി അനുമതി നൽകി. ഇ.ഡി. ഉദ്യോഗസ്ഥർക്ക് എതിരെ രജിസ്റ്റർ ചെയ്ത കേസിൽ ചോദ്യം ചെയ്യാനാണ് അനുമതി തേടിയത്.

എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലിരിക്കെ മുഖ്യമന്ത്രി അടക്കമുള്ളവരുടെ പേര് പറയാൻ നിർബന്ധിച്ചെന്ന പരാതിയുടെ നിജസ്ഥിതി അറിയാൻ പ്രതിയെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ടാണ് ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസ് എറണാകുളം സിജെഎം കോടതിയിൽ
അപേക്ഷ നൽകിയത്. എൻഫോഴ്സ്മെന്റ് കസ്റ്റഡിയിരിക്കെ മുഖ്യമന്ത്രിയടക്കമുള്ളവരുടെ പേര് പറയാൻ നിർബന്ധിച്ചുവെന്ന് പരാതിപ്പെട്ട് സന്ദീപ് നായർ എറണാകുളം സെഷൻസ് കോടതിക്ക് കത്തെഴുതിയെന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ അഡ്വ. സുനിൽ കുമാർ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം രജിസ്റ്റർ ചെയ്ത കേസിലാണ് സന്ദീപ് നായരുടെ മൊഴി എടുക്കാൻ അനുമതി തേടിയത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Gold smuggling case crime branch inquiry enforcement directorate

Next Story
സംസ്ഥാനത്ത് 45 വയസിന് മുകളിലുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ നാളെ മുതല്‍ ആരംഭിക്കുംcovid news, കോവിഡ് വാര്‍ത്തകള്‍, covid news malayalam, covid vaccination, കോവിഡ വാക്സിന്‍, covid vaccine things to know, covid vaccination website, ie malayalam, ഐഇമലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com