തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് അന്വേഷണത്തിൽ ഉത്‌കണ്‌ഠയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്രം ഭരിക്കുന്ന ബിജെപിയും സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മും ചേർന്ന് സ്വർണക്കടത്ത് കേസ് അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു.

“സ്വർണക്കടത്തിന്റെ യഥാർഥ വിവരങ്ങൾ സിപിഎമ്മിനും ബിജെപിക്കും അറിയാം. സ്വർണം വന്നത് നയതന്ത്ര ബാഗേജിലൂടെയല്ലെന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ പ്രസ്‌താവന ചേർത്തുവായിക്കണം. അന്വേഷണത്തിന്റെ കുന്തമുന ബിജെപിയിലേക്ക് നീളുകയാണ്. കേസ് അന്വേഷണം ബിജെപിയിലേക്ക് നീളുമ്പോൾ ഇതിന്റെ ഭാവി എന്താകുമെന്ന കാര്യത്തിൽ ജനങ്ങൾക്ക് ഉത്‌കണ്‌ഠയുണ്ട്. കേസ് അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെടുകയാണ്,” ചെന്നിത്തല പറഞ്ഞു.

Read Also: ലോക്‌സഭ, നിയമസഭ, തദ്ദേശ തിരഞ്ഞെടുപ്പുകൾ: ഒറ്റ വോട്ടർ പട്ടിക വന്നേക്കും

“ശത്രുക്കളെ പോലെ ആണെങ്കിലും സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തർധാര വ്യക്തമാണ്. പരസ്‌പരം വിമർശിക്കുമ്പോഴും കൂട്ടുകക്ഷികളെ പോലെയാണ് ഇരുവരും പെരുമാറുന്നത്. സ്വർണക്കടത്ത് കേസിൽ സുതാര്യവും നിഷ്‌പക്ഷവുമായ അന്വേഷണം വേണം” ചെന്നിത്തല പറഞ്ഞു.

അതേസമയം, സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജനം ടിവിയിലെ മുൻ മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാരെ കസ്റ്റംസ് ഇന്നലെ ചോദ്യം ചെയ്‌തിരുന്നു. ഇതിനു പിന്നാലെയാണ് സ്വർണക്കടത്ത് കേസിൽ ബിജെപിക്കും പങ്കുണ്ടെന്ന ആരോപണങ്ങൾ ഉയർന്നത്. ബിജെപിക്കെതിരെ സിപിഎമ്മും നേരത്തെ രംഗത്തെത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.