ന്യൂഡൽഹി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമം നടക്കുന്നതായി സിപിഎം കേന്ദ്ര കമ്മിറ്റി.

മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരിനും കേന്ദ്ര കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു. സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ബിജെപിയും യുഡിഎഫും സര്‍ക്കാരിനെതിരെ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നു. എൻഐഎ അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും കേന്ദ്രകമ്മിറ്റി വ്യക്തമാക്കി.

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം പുരോഗമിക്കുകയാണ്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങൾ രാഷ്‌ട്രീയപ്രേരിതമെന്നാണ് കേന്ദ്ര കമ്മിറ്റിയുടെ വിലയിരുത്തൽ.

Read Also: ഫോളോവേഴ്സ് വിലമതിക്കാനാവാത്ത സമ്പാദ്യം, ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ മാപ്പ്: അഹാന

സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്നത് എൻഐഎയാണ്. സംസ്ഥാന സർക്കാരിനു അന്വേഷണത്തിൽ ഒന്നും ചെയ്യാനില്ലെന്നും കേന്ദ്ര കമ്മിറ്റിയിൽ വിലയിരുത്തലുണ്ടായി.

അതേസമയം, സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന കമ്മിറ്റി നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിക്കെതിരായ ആക്രമണങ്ങളെ സംഘടിതമായി പ്രതിരോധിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ നേരത്തെ പറഞ്ഞിരുന്നു.

സ്വർണക്കടത്ത് കേസിൽ പ്രതിപക്ഷ പാർട്ടികളുടെ താൽപര്യങ്ങൾ കുറ്റവാളികളെ സംരക്ഷിക്കുന്നതാണെന്ന് കോടിയേരി കുറ്റപ്പെടുത്തി. കുറ്റവാളികൾക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്ന നിലപാടാണ് സർക്കാരിനുള്ളത്. എന്നാൽ, സർക്കാരിനെതിരെ അഭിനവ ചാരക്കേസ് സൃഷ്‌ടിച്ച് അരാജകസമരം നടത്താനാണ് കോൺഗ്രസും ബിജെപിയും ഇറങ്ങിയിരിക്കുന്നതെന്നും കോടിയേരി വിമർശിച്ചിരുന്നു.

Read Also: ഇത് കേരള പൊലീസിന്റെ പോസ്റ്ററോ?; വസ്‌തുതയറിയാം

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള അരാജകസമരങ്ങളാണ് പലയിടത്തും നടക്കുന്നത്. പണ്ട് ചാരക്കേസ് സൃഷ്‌ടിച്ച് ഒരു മുഖ്യമന്ത്രിയെ രാജിവയ്‌പ്പിച്ച അനുഭവമുണ്ട്. കോൺഗ്രസിലെയും യുഡിഎഫിലെയും കൊട്ടാരവിപ്ലവകാലത്താണ് അത്. ചാരക്കേസ് ഉയർത്തികൊണ്ടുവന്ന് കെ.കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്‌പ്പിച്ച പോലൊരു അവസ്ഥ ഇന്നുണ്ടാകുമെന്ന് കോൺഗ്രസ് കരുതേണ്ടെന്നും കോടിയേരി പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.